murder

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ എസ്.ഐയെ ഇരുചക്രവാഹനത്തിൽ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി കെർക്കെ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എസ്.ഐ.യായ ബാലുവാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ പൊൻസുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ പട്രോളിംഗിനിടെ കെർക്കെ ജംഗ്ഷനിലെ ഒരു ഹോട്ടലിൽ തർക്കം നടക്കുന്നത് കണ്ട് എസ്.ഐയും കോൺസ്റ്റബിളും അവിടെ കയറി. തർക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിംഗ് തുടരാനായി വാഹനത്തിനടുത്തെത്തി.

ഇതിനിടെ, നേരത്തെ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയ ലോറി ഡ്രൈവറായ മുരുകവേൽ എന്നയാൾ മദ്യലഹരിയിൽ പൊലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാർ യാത്ര തുടർന്നു. ഇതിനുപിന്നാലെയാണ് മുരുകവേൽ തന്റെ ലോറിയുമായി എത്തി പൊലീസുകാരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. എസ്.ഐ.ബാലു തത്ക്ഷണം മരിച്ചു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുരുകവേലിനെ പിടികൂടാന പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തൂത്തുക്കുടിയിലെത്തി പരിശോധന നടത്തി.