
ന്യൂഡൽഹി:ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസാം എന്നീ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ.
ഏറ്റവും കൂടുതൽ തുക തമിഴ്‌നാടിനാണ് - 1.03ലക്ഷം കോടി രൂപ. സംസ്ഥാനത്ത് 3,500 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കാനാണ് ഈ തുക. ഇതിൽ കേരളത്തിന് പ്രയോജനപ്പെടുന്ന കൊല്ലം - മധുര കോറിഡോറും ഉൾപ്പെടുന്നു. ചിറ്റൂർ - താച്ചൂർ കോറിഡോറാണ് മറ്റൊരു പദ്ധതി. ഇവയുടെ നിർമ്മാണം അടുത്ത വർഷം തുടങ്ങും. തമിഴ്നാട്ടിൽ വരുന്ന ഏപ്രിൽ - മേയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആ സമയത്തിനടുത്ത് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിനും വൻ പദ്ധതികളാണ് നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ 25,000 കോടി ചെലവിൽ 6,700 കിലോമീറ്റർ ഹൈവേയുടെ പ്രവത്തികളാണ് അനുവദിച്ചത്. ഇതിൽ കൊത്തക്കത്ത - സിലിഗുരി പാതയുടെ നവീകരണവും ഉൾപ്പെടുന്നു. അസാമിൽ നിലവിൽ 19000 കോടി രൂപയുടെ ദേശീയ പാത പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിന് പുറമേ അടുത്ത മൂന്ന് വർഷത്തിനകം 1,300 കിലോമീറ്റർ പാത പൂർത്തിയാക്കാനുള്ള 34,000 കോടിയുടെ പദ്ധതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക് കഴിയുന്നത്ര നേട്ടമുണ്ടാക്കുകയാണ് ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ ലക്ഷ്യം.