
മസ്കത്ത്: ഒമാനിൽ വിദേശികളുടെ തൊഴിൽ പെർമിറ്റ് ഫീസുകൾ മേയ് മുതൽ വർധിക്കുമെന്ന് അധികൃതർ. 90 ദിവസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരുക. ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവ് പ്രകാരം തൊഴിൽ കരാറിൽ നാലായിരം റിയാലും അതിനു മുകളിലും വേതനമുള്ളവർക്ക് 2001 റിയാൽ ഫീസ് നൽകണം. ഫീസ് വർധന സംബന്ധിച്ച ഒമാൻ തൊഴിൽമന്ത്രി ഡോ. മഹദ് സൈദ് ബഊവിന്റെ മന്ത്രിതല ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. കഴിഞ്ഞയാഴ്ച തൊഴിൽമന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്. പുതിയ പെർമിറ്റ് അനുവദിക്കാനും പുതുക്കാനും പുതിയ ഫീസ് ബാധകമായിരിക്കും. 2500 മുതൽ 3999 റിയാൽ വരെ വേതനം വാങ്ങുന്നവർക്ക് 1001 റിയാലാണ് ഈടാക്കുക. ടെക്നിക്കൽ, സ്പെഷലൈസ്ഡ് തസ്തികകളിൽ 601 റിയാലായിരിക്കും പുതുക്കിയ നിരക്ക്. പരമ്പരാഗത മത്സ്യത്തൊഴിലാളി 361 റിയാലാണ് ഫീസ്. മുകളിൽ പറഞ്ഞ തസ്തികകൾ അല്ലാത്തവരുടെ ഫെർമിറ്റ് ഫീസ് 301 റിയാലിൽ തുടരും.