nirmala

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്കും കർഷകസമരത്തിന്റെ ആഘാതം കുറയ്ക്കാൻ കാർഷിക മേഖലയ്ക്കും വൻ പ്രാമുഖ്യം കൊടുത്താണ് ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22ലേക്കുള്ള ബഡ്‌ജറ്റ് അവതരിപ്പിച്ചത്. കേരളം, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ ഊന്നലുണ്ട്. ഈ സംസ്ഥാനങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ്.

നൂറ്റാണ്ടിന്റെ ബഡ്‌ജറ്റ്, സ്വതന്ത്രഭാരതം ഇതുവരെ കണ്ടിട്ടില്ലാത്ത ബഡ്‌ജറ്റ് എന്നെല്ലാമാണ്, ധനമന്ത്രി സ്വയം ബഡ്‌ജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ, അതിനൊത്ത 'സവിശേഷ പ്രഖ്യാപനങ്ങൾ" കണ്ടില്ല. ടൂറിസം ഉൾപ്പെടെയുള്ള ഒട്ടേറെ മേഖലകൾക്ക് നേരിട്ട് പരിഗണനയും കിട്ടിയില്ല. ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് പകരം സമ്പദ്‌മേഖലയുടെ ഉണർവിനാണ് നിർമ്മല പ്രാധാന്യം കൊടുത്തത്.

 ആരോഗ്യം

കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്ക് മികച്ച ഊന്നൽ കിട്ടി. 2.23 ലക്ഷം കോടി രൂപയാണ് നീക്കിയിരിപ്പ്. കഴിഞ്ഞ ബഡ്‌ജറ്റിനേക്കാൾ 138 ശതമാനം അധികം. 64,180 കോടി രൂപയുടെ പി.എം. ആത്മനിർഭർ സ്വസ്‌ഥഭാരത് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. അ‌ഞ്ചുവർഷം കൊണ്ട് ബൻ സ്വച്‌ഛതാ ഭാരത് മിഷനിൽ 1.41 ലക്ഷം കോടി രൂപയും ചെലവഴിക്കും.

 മാനുഫാക്‌ചറിംഗ്

ജി.ഡി.പിയുടെ നട്ടെല്ലാണ് മാനുഫാക്‌ചറിംഗ് മേഖല. 5.54 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ്, മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ, നാഷണൽ മോണെറ്റൈസേഷൻ പൈപ്പ്‌ലൈൻ തുടങ്ങിയവ മാനുഫാക്‌ചറിംഗിനും കരുത്താകും.

 അടിസ്ഥാനസൗകര്യം

1.18 ലക്ഷം കോടി രൂപയാണ് റോഡ് വികസന മന്ത്രാലയത്തിന് നൽകുന്നത്. 8500 കിലോമീറ്റർ ദേശീയപാത, 11,000 കിലോമീറ്റർ ഹൈവേ ഇടനാഴി എന്നിങ്ങനെ ഈ മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ കാണാം. 1,100 കിലോമീറ്റർ പാതയ്ക്കായി കേരളത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ മലയാളികളുടെ കൈയടി നേടി.

 സ്‌റ്റാർട്ടപ്പ്

ഒറ്റയാൾ കമ്പനി തുടങ്ങാമെന്ന പ്രഖ്യാപനത്തെ സംരംഭക ലോകം സ്വാഗതം ചെയ്തു. ജോലി നഷ്‌ടപ്പെട്ടും മറ്റും മടങ്ങിവരുന്ന പ്രവാസികൾക്കും ഇതു ഗുണമാണ്. സ്‌റ്റാർട്ടപ്പിലെ ഫണ്ട്സ് ഒഫ് ഫണ്ട്‌സിനായി 830 കോടി രൂപ വകയിരുത്തി.

 കാർഷികം

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലെ ബഡ്‌ജറ്റിൽ കൃഷിക്ക് മികച്ച പരിഗണനയുണ്ട്. 16.5 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് 2021-22ൽ ലഭ്യമാക്കുക. എ.പി.എം.സികൾക്ക് കാർഷികാടിസ്ഥാനസൗകര്യ ഫണ്ട് ലഭ്യമാക്കും. ഇത്, ഫലത്തിൽ കർഷകർക്ക് നേട്ടമാകും.

 വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കുമെന്നതാണ് ശ്രദ്ധേയ പ്രഖ്യാപനം. ലേയിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി 15,000 സ്‌കൂളുകൾ ഹൈടെക്ക് ആക്കും. നാഷണൽ റിസർച്ച് ഫൗണ്ടേഷന് 50,000 കോടി രൂപ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 നികുതിയും സാമ്പത്തിക ബാദ്ധ്യതയും

ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല. ഇളവുകളുമില്ല. 75 വയസ് തികഞ്ഞവരെ റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കി. അതേസമയം, നികുതിക്കേസുകൾ അതിവേഗം പരിഹരിക്കാനുള്ള പദ്ധതികളുണ്ട്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ദീർഘകാല ആവശ്യമായിരുന്നു ഇത്. റെക്കാഡ് വിലയുള്ള പെട്രോളിനും ഡീസലിനും പുതിയ സെസ് ബാധകമാക്കിയത് തിരിച്ചടിയാണ്. വില കുറയുന്നതിന് ഇതു തടസമാകും.

അഫോർഡബിൾ ഹൗസിംഗ് മേഖലയിൽ, ഭവന വായ്‌പയുടെ പലിശയിന്മേലുള്ള ഇളവിന്റെ കാലാവധി ഒരുവർഷം നീട്ടിയത് റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഗുണമാകും.

സ്വകാര്യവത്കരണം തുടരും

പൊതുമേഖലാ ഓഹരി വില്പനയും സ്വകാര്യവത്കരണവും തുടരുമെന്ന ശക്തമായ സൂചന ബഡ്‌ജറ്റിലുണ്ട്. രണ്ടു പൊതുമേഖലാ ബാങ്കുകളെയും ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയെയും സ്വകാര്യവത്കരിക്കും.

 എൽ.ഐ.സിയുടെ ഐ.പി.ഒ നടത്തും

 ബി.പി.സി.എൽ, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്‌നർ കോർപ്പറേഷൻ, ഐ.ഡി.ബി.ഐ ബാങ്ക്, പവൻ ഹാൻസ് തുടങ്ങിയവയിലെ ഓഹരി വിറ്റൊഴിയും.

 2021-22ൽ പൊതുമേഖലാ ഓഹരി വില്പനയിലൂടെ സമാഹരിക്കുക 1.75 ലക്ഷം കോടി രൂപ

 നടപ്പുവർഷം ലക്ഷ്യം 2.10 ലക്ഷം കോടി രൂപയായിരുന്നെങ്കിലും സമാഹരിക്കാനായത് 20,000 കോടി രൂപയിൽ താഴെ.

ഇൻഷ്വറസിൽ ഇനി

വിദേശി വിപ്ളവം

ഇൻഷ്വറൻസ് പരിരക്ഷ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമാക്കാനുള്ള തീരുമാനം ഇൻഷ്വറൻസ് വ്യാപകമാക്കാൻ സഹായിക്കും.

 ബാങ്ക് ഡെപ്പോസിറ്റിന്മേലുള്ള ഇൻഷ്വറൻസ് കവറേജ് ഒരുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയത് മികച്ച തീരുമാനം.

ഓഹരികളിൽ

ആവേശക്കുതിപ്പ്

ബഡ്‌ജറ്റ് ദിനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പാണ് ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ നടത്തിയത്. മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ വികസനം ലക്ഷ്യമിട്ടുള്ള ബഡ്‌ജറ്റ് പ്രഖ്യാപനങ്ങളാണ് നിക്ഷേപകർക്ക് ആവേശമായത്. 2,314പോയിന്റുയർന്ന സെൻസെക്‌സ് 48,600ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്‌റ്റി 647 പോയിന്റ് നേട്ടവുമായി 14,281ലും.

 സെൻസെക്‌സിന്റെ മൂല്യം ഇന്നലെ 186.12 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 192.46 ലക്ഷം കോടി രൂപയിലെത്തി. 6.34 ലക്ഷം കോടി രൂപയുടെ കുതിപ്പാണ് ഇന്നലെ ഒറ്റദിവസമുണ്ടായത്.

സ്വർണം ഇറക്കുമതി തീരുവ കുറച്ചത്

സ്വാഗതാർഹം: എം.പി. അഹമ്മദ്

സ്വർണം, വെള്ളി ഇറക്കുമതി തീരുവ കുറച്ച നടപടി സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സ്വർണവ്യാപാര മേഖലയ്ക്ക് ഇതു ഗുണം ചെയ്യും. കൊവിഡിൽ തളർന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്ന പദ്ധതികൾ ബഡ്‌ജറ്റിലുണ്ട്.

സ്വർണം ഇറക്കുമതി തീരുവ 7.5 ശതമാനമായാണ് കുറച്ചത്. കാർഷിക, വിദ്യാഭ്യാസ സെസ് എർപ്പെടുത്തിയതോടെ തീരുവ 10.23 ശതമാനമാണ്. തീരുവ കുറച്ച നടപടിയെ കള്ളക്കടത്തും അനധികൃത വില്പനയും തടയാനുള്ള ആദ്യപടിയായി കാണാം. അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന് ഗുണകരമായ ബഡ്‌ജറ്റാണിത്. കൊല്ലം - മധുര ഇടനാഴിയുടെ ഗുണവും കേരളത്തിന് ലഭിക്കും.