തിരുവനന്തപുരം 11-ാം ശമ്പളകമ്മീഷൻ റിപ്പോർട്ടിൽ തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി സംയുക്ത കായികാധ്യാപക സമിതി.
ആരോഗ്യ- കായിക വിദ്യാഭാസം നിർബന്ധിത പാഠ്യവിഷയമാക്കുക, കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക,ഹൈസ്കൂളുകളിലെ കായികാധ്യാപകർക്ക് ഹൈസ്കൂൾ ശമ്പളം അനുവദിക്കുക, എല്ലാ കുട്ടികൾക്കും കായിക അധാപകരുടെ സേവനം ലഭ്യമാക്കുക, ഹയർ സെക്കൻഡറി സ്കൂളുകളിൽ കായികാധ്യാപക തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2017 മുതൽ കായിക അധ്യാപക സംഘടനകൾ ചട്ടപ്പടി സമരത്തിലായിരുന്നു. ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ പരിഗണിക്കാമെന്ന സർക്കാർ ഉറപ്പിലാണ് സമരം നിറുത്തിവച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ശമ്പളത്തിലെ വേർതിരിവ് വർദ്ധിക്കുകയാണ് ഉണ്ടായത്. പ്രൈമറി അധ്യാപകരുടെ ശമ്പളത്തിലാണ് ഹൈസ്കൂളുകളിൽ കായികാധ്യാപകർ ജോലി നോക്കുന്നത്.
പ്രതിഷേധസൂചകമായി ഫെബ്രുവരി ആറിന് ഡി.ഡി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നതിനും, ഹയർസെക്കൻഡറി ക്ളാസുകളും അലവൻസും ബഹിഷ്കരിക്കാനും സംയുക്ത കായികാധ്യാപക സമിതി തീരുമാനിച്ചതായി ചെയർമാൻ ജോസിറ്റ് ജോമോൻ ജോൺ,കൺവീനർ എം.സുനിൽ കുമാർ എന്നിവർ അറിയിച്ചു.