
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടുനെതിരായ പ്രക്ഷോഭം ശക്തമാകുന്നു. തടവിൽ കഴിയുന്ന പ്രതിപക്ഷനേതാവ് നവൽനിയെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് നവൽനിയുടെ അനുയായികൾ റഷ്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ കൂറ്റൻ റാലികൾക്കു പിന്നാലെ വ്യാപക അറസ്റ്റ്. കൊടുംതണുപ്പിനെ അവഗണിച്ചും പൊലീസിനെ വെല്ലുവിളിച്ചാണ് അനുയായികൾ സമരം നടത്തുന്നത്.
പ്രതിഷേധറാലികളിൽ മോസ്കോയിൽ മാത്രം 1,200 പേരാണ് അറസ്റ്റിലായത്. നവൽനിയുടെ ഭാര്യ യുലിയ നവൽനയയും അറസ്റ്റിലായി. നവൽനിയുടെ സഹോദരൻ ഒലെഗ് വീട്ടുതടങ്കലിലാണ്.
രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അലക്സി നവൽനി ജർമനിയിൽ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും വിമാനത്താവളത്തിൽവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മുൻ ജയിൽവാസകാലത്തു പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.