luiz-suare-athletico-madr

കാഡിസിനെതിരെ 4-2ന്റെ വിജയം, 50 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്

ലൂയിസ് സുവാരേസ് ലാ ലിഗ സീസൺ ടോപ് സ്കോറർ സ്ഥാനത്ത്

മാഡ്രിഡ് : കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കാഡിസിനെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലാലിഗയിൽ സീസണിൽ 50 പോയിന്റ് തികച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിൽ ഇരട്ടഗോൾ നേടിയ ലൂയിസ് സുവാരേസ് സീസണിലെ ടോപ് സ്കോററുമായി.

കാഡിസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 28-ാംമിനിട്ടിൽ സുവാരേസിന്റെ ഗോളിലൂടെയാണ് അത്‌ലറ്റിക്കോ മുന്നിലെത്തിയത്. 35-ാം മിനിട്ടിൽ നെഗ്രഡോ കളിസമനിലയിലാക്കിയെങ്കിലും 44-ാം മിനിട്ടിലെ സൗളിന്റെ ഗോൾ അത്‌ലറ്റിക്കോയെ വീണ്ടും മുന്നിലെത്തിച്ചു.50-ാംമിനിട്ടിൽ സുവാരേസ് പെനാൽറ്റിയിലൂടെ വീണ്ടും സ്കോർ ചെയ്തു. 71-ാം മിനിട്ടിൽ നെഗ്രഡോ ഒരു ഗോൾകൂടി തിരിച്ചടിച്ചപ്പോൾ 88-ാം മിനിട്ടിൽ കോക്കെ പട്ടിക പൂർത്തിയാക്കി.

19 മത്സരങ്ങളിൽ നിന്നാണ് അത്‌ലറ്റിക്കോ 50 പോയിന്റ് തികച്ചത്. 20 മത്സരങ്ങിളൽ നിന്ന് 40 പോയിന്റ് വീപ്പം നേടിയ ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ . 14 ഗോളുകൾ നേടിയാണ് സുവാരേസ് മെസിയേയും മറികടന്ന് ടോപ്സ്കോററായത്. ഈ സീസണിൽ ബാഴ്സ ഉപേക്ഷിച്ച സുവാരേസിനെ അത്‌ലറ്റിക്കോ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 2-1ന് അത്‌ലറ്റിക് ബിൽബാവോയെ കീഴടക്കി. ആദ്യ പകുതിയിൽ മെസിയും രണ്ടാം പകുതിയിൽ ഗ്രീസ്മാനുമാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ജോർഡി ആൽബയുടെ സെൽഫ് ഗോളാണ് ബിൽബാവോയ്ക്ക് ആശ്വാസമായത്.