
യാംഗോൺ: അഞ്ച് പതിറ്റാണ്ടോളം പട്ടാളത്തിന്റെ ഉരുക്ക് മുഷ്ടികളിൽ അമർന്നിരുന്ന ശേഷം ജനാധിപത്യത്തിന്റെ വെള്ളി വെളിച്ചം പരന്നു തുടങ്ങിയ മ്യാൻമർവീണ്ടും സ്വേച്ഛാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും ഇരുണ്ട നാളുകളിലേക്ക്. അട്ടിമറിയിലൂടെ തിങ്കളാഴ്ച പുലർച്ചെ ഭരണം പിടിച്ചെടുത്ത സൈന്യം, മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചിയെയും,പ്രസിഡന്റ് യുവിൻ മിന്റിനെയും മറ്റ് നേതാക്കളെയും തടവിലാക്കി.രാജ്യത്ത് ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
2020ൽ നടത്തിയ തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചി പക്ഷം വിജയിച്ചതിന് ശേഷം ആദ്യമായി പാർലമെന്റ് സമ്മേളനം നടത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതും, സൂചിയെയും മറ്റുംതടങ്കലിലാക്കിയതും. രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തലസ്ഥാന നഗരമായ യാംഗോണില് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സൈന്യം മൊബൈല് സേവനവും നിറുത്തിവച്ചിട്ടുണ്ട്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് സൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് സ്ഥിരീകരിച്ചു.
പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് പട്ടാള അട്ടിമറി. കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹേലിങ്ങിന് അധികാരം കൈമാറുന്നതായി സൈന്യം അറിയിച്ചു. സൂചിയുടെ പാർട്ടിയായ എൻ.എൽ.ഡി കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ തിരിമറി നടത്തിയതായി സൈന്യം ആരോപിച്ചിരുന്നു. . അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞയാഴ്ച സൈന്യം സൂചന നൽകിയിരുന്നു..
'ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം തിരുത്താനുള്ള എല്ലാ ശ്രമങ്ങളെയുംഎതിർക്കും ..സൈന്യം തെറ്റായ നടപടി തിരുത്തിയില്ലെങ്കിൽ അമേരിക്ക ഇടപെടും'.
-- വൈറ്റ്ഹൗസ് വക്താവ് ജെൻ സാകി
'നിയമവിരുദ്ധമായി തടങ്കലിലാക്കിയ എല്ലാ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഞങ്ങൾ സൈന്യത്തോട് ആവശ്യപ്പെടുന്നു'.
-ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ
മ്യാൻമറിന്റെ ഭരണ ചരിത്രം
1947
ബർമ്മയുടെ സ്വാതന്ത്ര്യസമര പോരാളിയും ആധുനിക ബർമ്മയുടെ പിതാവുമായ ജനറൽ ഓങ് സാന്റെ(ബർമ്മഗാന്ധി) കൊല്ലപ്പെടുന്നു
1948
യു.എനിന് കീഴിൽ ബർമ സ്വാതന്ത്ര്യം നേടി
1962
അട്ടിമറിയിലൂടെ പട്ടാളം അധികാരം ഏറ്റെടുത്തു. എല്ലാ ബിസിനസുകളുടെയും വ്യവസായങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി
1988
ഓഗസ്റ്റിൽ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനെതിരെ സൈന്യം ആക്രമണം നടത്തി. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുന്നു. സെപ്റ്റംബറിൽ ഓംഗ് സാൻ സൂ ചി നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) രൂപീകരിച്ചു.
1990
അന്താരാഷ്ട്ര തലത്തിലുണ്ടായ സമ്മർദ്ദത്തിനൊടുവിൽ സൈന്യം തിരഞ്ഞെടുപ്പ് നടത്തുന്നു. അതിൽ എൻ.എൽ.ഡി വിജയിച്ചു.എന്നാൽ ഫലം അറിയിക്കാനോ അധികാരം കൈമാറാനോ സൈന്യം അനുവദിച്ചില്ല. സൂ ചിയെ വീട്ടുതടങ്കലിലാക്കി
1995
ജൂലയിൽ സൂ ചി വീട്ടുതടങ്കലിൽ നിന്നും മോചിതയായി
1997
അസോസിയേഷൻ ഒഫ് സൗത്ത്ഈസ്റ്റ് നേഷൻസിൽ മ്യാൻമർ ചേർന്നു
2000
യൂറോപ്പ് മ്യാൻമറിനെതിരെ ഉപരോധം ശക്തമാക്കിയതോടെ സൂ ചി വീണ്ടും തടങ്കലിൽ
2002
സൂചി വീണ്ടും മോചിതയായി
2003
യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ്അസോസിയേഷൻ (യു.എസ്.ഡി.എ) സൂ ചിയുടെ ആനുയായികളെ ആക്രമിക്കുന്നു. സ്വന്തം സംരക്ഷണം എന്ന പേരിൽ സൂ ചിയെ വീട്ടുതടങ്കലിൽ ആക്കുന്നു
2010
എൻ.എൽ.ഡി ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിൽ യു.എസ്.ഡി.പി വിജയിച്ചു. സൂചിയെ മോചിപ്പിച്ചു
2015
പൊതുതിരഞ്ഞെടുപ്പിൽ എൻ.എൽ.ഡി വിജയിച്ചു. സംസ്ഥാന കൗൺസിലറായി സൂ ചി നേതാവായി
2016
റോഹിംഗ്യൻ പോരാളികൾ മൂന്ന് അതിർത്തി പോസ്റ്റുകൾ തകർത്ത് ഒൻപത് പൊലീസുകാരെ കൊലപ്പെടുത്തി
2017
റോഹിംഗ്യൻ ജനതയ്ക്കുനേരെ പട്ടാളം അക്രമം അടത്തി. ലക്ഷക്കണക്കിന് പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
2019
വിമതരെ തകർക്കാൻ സൂ ചി സൈന്യത്തെെ പ്രേരിപ്പിക്കുന്നു
2020
തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ തടത്തിയാണ് എൻ.എൽ.ഡി വിജയിച്ചതെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും യു.എസ്.ഡി.പി ആവശ്യപ്പെടുന്നു
2021
ജനുവരി- 26 എൻ.എൽ.ഡി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്നും അതിൽ അന്വേഷണം വേണമെന്നും സൈന്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നു
ജനുവരി-28 പിശകുകൾ ഒന്നുമില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപണം നിഷേധിച്ചു
ഫെബ്രുവരി-1 സൂ ചിയും മറ്റ് എൻ.എൽ.ഡി നേതാക്കളെയും സൈന്യം തടങ്കലിലാക്കി. ഒരുവർഷത്തേക്ക് പട്ടാളഭരണം പ്രഖ്യാപിച്ചു.