amit-shah

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മലയാളത്തിൽ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി കേരളത്തിന്റെ വികസനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് അമിത് ഷാ തന്റെ ട്വീറ്റ് വഴി പറയുന്നത്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് താൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷാ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

കേരളത്തിന്റെ കാര്യം പറഞ്ഞതിന് ശേഷം ബംഗാളിയിലും തമിഴിലുമായി പശ്ചിമ ബംഗാളിനും തമിഴ്‌നാടിനുമായി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച വികസന പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

— Amit Shah (@AmitShah) February 1, 2021

അതേസമയം, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ബഡ്ജറ്റ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കാര്‍ഷികമേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബഡ്ജറ്റെന്നും അദ്ദേഹം വിമർശിച്ചു.

കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമുള്ള നിർദേശങ്ങളുള്ള ബഡ്ജറ്റിലൂടെ എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ് ചെയ്യുന്നതെന്നും അത്തിലൂടെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടു നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിനുപകരം അവര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകില്ല. കാര്‍ഷിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഇത് ഉപകരിക്കൂയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാലാകാലങ്ങളില്‍ കര്‍ഷകസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ഫോര്‍മുല (C2+50%) പ്രകാരം താങ്ങുവില പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബഡ്ജറ്റിലൂടെ നടത്തിയിരിക്കുന്നത്.