
വാഷിംഗ്ടൺ: അമേരിക്കൻ സർക്കാരിൽ നിന്ന് പുതിയ മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റായ എഫ് -15 എക്സ് യുദ്ധ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ ധാരണയായി. യുഎസും ഇന്ത്യയും തമ്മിലുള്ള സൈനിക തല ചർച്ചയിലാണ് തീരുമാനം. ഇതിനെക്കുറിച്ച് വിവരങ്ങൾ ഇരു വ്യോമസേനകളും കൈമാറിയതായാണ് വിവരം. എഫ് -15 യുദ്ധ വിമാന വിഭാഗത്തിലെ ഏറ്റവും നൂതനമായ പതിപ്പാണ് എഫ് -15 എക്സ് വിമാനങ്ങൾ. എഫ് -15 എക്സ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നതിനുള്ള ലൈസൻസ് അഭ്യർത്ഥനയ്ക്ക് യുഎസ് സർക്കാർ അംഗീകാരം നൽകിയതിനാൽ, തങ്ങൾ കൂടുതൽ ചർച്ചകൾ ആരംഭിക്കുകയാണെന്ന് ബോയിംഗ് ഇന്റർനാഷണൽ സെയിൽസ് ആൻഡ് ഇൻഡസ്ട്രിയൽ പാർട്ണർഷിപ്പ് വൈസ് പ്രസിഡന്റ് മരിയ എച്ച് ലെയ്ൻ പറഞ്ഞു. 2019 ഏപ്രിലിൽ, ഇന്ത്യൻ വ്യോമസേന 18 ബില്യൺ യു.എസ് ഡോളറിന് 114 ജെറ്റുകൾ വാങ്ങാനുള്ള അവസരം നൽകുന്ന പ്രാരംഭ ടെണ്ടർ നൽകി. ഇത് സമീപകാലത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കരാറുകളിലൊന്നാണ്. അടുത്തയാഴ്ച മുതൽ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന എയ്‌റോ ഇന്ത്യ 2021 ൽ എഫ് -15 എക്സ് പ്രദർശിപ്പിക്കുമെന്ന് ബോയിംഗ് അറിയിച്ചു.