
വീട് പണിയുമ്പോൾ ഉയർച്ച താഴ്ചകൾ ക്രമപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഉയരക്കുറവോ കൂടുതലോ വാസ്തുവിന്റെ മൊത്തം സന്തുലിതാവസ്ഥയെ സ്വാധീനിക്കാറുണ്ട്. ശാസ്ത്രീയമായ അളവിന് മീറ്ററും സെന്റീമീറ്ററും ഉണ്ട്. എന്നിട്ടും കോലുകൾ അളവിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോൽ കണക്കുകളിൽ വന്ന പിശകുകൾ ധാരാളം വീടുകളെ ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ഉയരേണ്ടവ താഴ്ത്തിയും താഴ്ത്തേണ്ടവ ഉയർത്തിയും നടത്തുന്ന ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ   ദോഷമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
എത്ര വലിയ ഫാഷനിൽ വീടുനിർമ്മിക്കുമ്പോഴും വീടിന്റെ മൊത്ത ഉയരത്തിൽ തെക്കുപടിഞ്ഞാറ് ഭാഗം മാത്രമേ ഏറ്റവും ഉയരത്തിൽ നിൽക്കാവൂ. മറ്റൊരു വശവും ഉയർന്ന് നിൽക്കരുത്. ഇത് കടുത്ത വാസ്തു ദോഷം ഉണ്ടാക്കുമെന്നാണ് വിശ്വാസം.
നിരവധി വീടുകളിൽ വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ്, മദ്ധ്യം, തെക്ക് കിഴക്ക് ഭാഗങ്ങൾ ഉയർന്നു നിൽക്കുന്നത് കാണാറുണ്ട്. അങ്ങനെയായാൽ അത് പ്രാപഞ്ചികോർജത്തിന്റെ ശരിയായ വിധാനത്തെ ഉന്മൂലനം ചെയ്യും. വീടിന്റെ തെക്ക് പടിഞ്ഞാറ്  ഉയർന്നു നിന്നാലെ ഡി.എൻ.എ മാതൃകയിൽ പിരിയൻ രൂപത്തിലേയ്ക്ക് വീടിനെ മാറ്റാനാവൂ. 
വീടിന്റെ മധ്യഭാഗം ഉയർന്നിരുന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധിയോ കടുത്ത രോഗങ്ങളോ കടങ്ങളോ കണ്ടുവരാറുണ്ട്. വടക്കുകിഴക്കും വടക്കു പടിഞ്ഞാറും ഇത്തരത്തിൽ ഉയർത്തി നിർമ്മിച്ചാലും വലിയ പ്രതിസന്ധികളുണ്ടാവാറുണ്ട്. ജോലിയിലെയോ വരുമാനത്തിലെയോ അസ്ഥിരത മുതൽ ബന്ധുക്കളുമായുളള കടുത്ത ശത്രുതയ്ക്കോ മാനസിക രോഗത്തിനോ അത് കാരണമാവുന്നതായി അനുഭവങ്ങളുണ്ട്. തെക്കു കിഴക്കേ മൂലയാണ് ഉയർന്നു നിൽക്കുന്നതെങ്കിൽ കേസും വഴക്കും വലിയ സാമ്പത്തിക നഷ്ടവും കുടുബ ബന്ധങ്ങളിൽ വിള്ളലും ഉണ്ടാക്കുന്നതായി തെളിയിക്കുന്നു. ചിലർ വെള്ള ടാങ്കുകൾ വടക്കോ വടക്കു കിഴക്കോ, വീടിന്റെ മദ്ധ്യത്തിലോ വച്ചുകാണാറുണ്ട്. അതും ദോഷം തന്നെയാണ്. തെക്കു പടിഞ്ഞാറു തന്നെ ഓവർ ഹെഡ്ടാങ്ക് വയ്ക്കണം. ജലമൂല ഭൂമിയിലാണ്. ടാങ്കിൽ ജലം നിറയുമ്പോൾ അത് ഭാരമാവുകയാണ്. ഭാരം വരേണ്ടത് തെക്കുപടിഞ്ഞാറാണ്.അപ്പോൾ ടാങ്ക് വയ്ക്കേണ്ടുന്നതും തെക്കുപടിഞ്ഞാറു തന്നെയാണ്.
വലിയ മോഡലിൽ തടിപ്പണി ചെയ്തിട്ടുള്ള വീടുകളിൽ പോലും മദ്ധ്യം ക്ഷേത്രമാതൃകയിൽ ഉയർത്തി പണിതിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തടി ഉയർന്നു വന്നാലും പൊക്കം മാറിവരുമല്ലോ. അതിനാൽ അത്തരം നിർമ്മാണം നടക്കുമ്പോഴും തെക്ക് പടിഞ്ഞാറ് ഉയർന്നിരിക്കാൻ ശ്രദ്ധവയ്ക്കണം.
മൊത്തത്തിൽ പണി ചെയ്യുമ്പോഴും വീടിന്റെ മേൽക്കൂര തെക്ക് പടിഞ്ഞാറിൽ ഒന്നോ രണ്ടോ സെന്റീമീറ്റർ ഉയരമെങ്കിലും കൂടുതൽ ഉറപ്പാക്കണം. വടക്കുകിഴക്ക് ഭിത്തിയിലോ മറ്റ് നിർമ്മാണത്തിലോ കൂടുതൽ തുറന്നു കിടക്കുന്ന മാതൃക ഉണ്ടാക്കുന്നത് നന്നായിരിക്കും .അത് വാസ്തുബലം പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു പാട് സദ്ഫലങ്ങൾ തരുകയും ചെയ്യും. വടക്ക് കിഴക്ക്, കിഴക്ക്, വടക്ക് എന്നീ വശങ്ങൾ കേന്ദ്രീകരിച്ച് കോൺക്രീറ്റിൽ പർഗോള ഇടുന്നതും ഐശ്വര്യദായകമാണ്. പർഗോള വെറും വെളിച്ചമല്ല തരുന്നത്. നിറയെ വായു സഞ്ചാരമുണ്ടാവും.ഏറ്റവും ഗുണപ്രദമെന്ന് വിശേഷിപ്പിക്കുന്ന സൂര്യന്റെ രാവിലെത്തെയും വൈകുന്നേരത്തെയും ഇളം വെയിലിനെ വീടാകെ നിറയ്ക്കാനും ഇതുമൂലം കഴിയും. അത് ഏറെ അനുകൂല ഊർജവും നല്ല ഭാഗ്യങ്ങളും സൃഷ്ടിക്കാറുണ്ട്.