
വാഹനം പൊളിക്കൽ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിപണി
കൊച്ചി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പഴയ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന് ബഡ്‌ജറ്റിലൂടെ കേന്ദ്രസക്കാരിന്റെ അംഗീകാരം. 20 വർഷം പ്രായമുള്ള സ്വകാര്യ വാഹനങ്ങളും 15 വയസ് പൂർത്തിയായ വാണിജ്യ വാഹനങ്ങളും പൊളിക്കണമെന്ന നയമാണ് ധനമന്ത്രി അംഗീകരിച്ചത്. ഈ വാഹനങ്ങൾ ഓട്ടോമേറ്റഡ് സെന്ററുകളിൽ ഫിറ്റ്‌നസ് ടെസ്‌റ്റിന് വിധേയമാകും. ഫിറ്റ്‌നസിൽ പരാജയപ്പെടുന്ന വാഹനങ്ങളാകും പൊളിക്കേണ്ടിവരിക.
'പൊളിക്കൽ" ഗുണം
പഴയ വാഹനങ്ങൾ പൊളിക്കേണ്ടതിനാൽ, പുതിയ വാഹനങ്ങളുടെ വില്പന വർദ്ധിക്കും
പഴയ വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നവയാണ്. ഈ വാഹനങ്ങൾ കുറയുമ്പോൾ പരിസ്ഥിതിക്കും നേട്ടം
പുതിയ വിപണി,കൂടുതൽ തൊഴിൽ
വാഹനം പൊളിക്കൽ വിപണി തന്നെ പുതുതായി സൃഷ്‌ടിക്കാമെന്ന വാദമാണ് ടാറ്റയും മഹീന്ദ്രയും ഉയർത്തുന്നത്. ഇതുവഴി വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും.
ഇന്ത്യയിലെ പഴയ വണ്ടി
നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികൾ : ഏകദേശം 80 ലക്ഷം
ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും
2025 ഓടെ എണ്ണം 2.8 കോടി കടക്കും
''പഴയ വാഹനങ്ങൾ പൊളിക്കണമെന്ന് ബഡ്‌ജറ്റ് നിർബന്ധിക്കുന്നില്ല. സ്വേച്ഛാനുസരണം തീരുമാനിക്കാമെന്നാണ് നയത്തിലുള്ളത്. ഇതുകൊണ്ട്, വിപണിക്ക് ഗുണമുണ്ടാകുമെന്ന് കരുതുന്നില്ല"
ജോൺ കെ. പോൾ,
മാനേജിംഗ് ഡയറക്‌ടർ,
പോപ്പുലർ വെഹിക്കിൾസ്
നിരാശ
പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയത് റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ലെങ്കിലും ഉപഭോക്താക്കളിൽ ആശങ്ക സൃഷ്‌ടിക്കും
വാഹന നിർമ്മാണഘടകങ്ങൾക്ക് 15% വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് തിരിച്ചടി
ഇലക്‌ട്രിക് വാഹന വില്പന പ്രോത്സാഹിപ്പിക്കാൻ നടപടിയില്ല
വ്യക്തിഗത ആദായനികുതിയിൽ ഇളവില്ലാത്തതും നിരാശപ്പെടുത്തി