
തിരുവനന്തപുരം: ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് സീരിയൽ നടൻ വിവേക് ഗോപൻ. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് വിവേക് ഗോപൻ ഇങ്ങനെ പ്രതികരിച്ചത്. താനൊരു ബിജെപി അനുഭാവിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയുടെ ഭാഗമായതെന്നും നടൻ പറഞ്ഞു.
‘ഞാനൊരു ബിജെപി അനുഭാവിയാണ്. മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരുന്ന എനിക്ക് മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്. രാഷ്ട്രസേവനത്തിനായി യുവാക്കൾ മുന്നോട്ട് വരേണ്ടതുണ്ട്.'- ഒരു മലയാളം വാർത്താ മാദ്ധ്യമത്തോട് വിവേക് ഗോപന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ 'കേരള വിജയയാത്ര'യുടെ ഭാഗമായി വിവേകിന് പാര്‍ട്ടിയിൽ ഔദ്യോഗികമായി അംഗത്വം നല്‍കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. നടൻ ബിജെപിയിൽ അംഗമായെന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ പ്രചരിച്ചിരുന്നു. വിവേക് ബിജെപി നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ഇതിനു കാരണമായത്.
മുൻപ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 'പരസ്പരം' എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപൻ പ്രശസ്തി നേടുന്നത്. സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചു.