arrest

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ബന്ധു ഉൾപ്പടെ എട്ടുപേർ അറസ്റ്റിൽ. പ്രതികൾ പെൺകുട്ടിയെ അഞ്ച് മാസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് ജനുവരി 30ന് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനാണ് ചിക്കമംഗളൂരുവിലെ ശൃംഗേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 'പെൺകുട്ടിയെ പതിനേഴ് പേർ അഞ്ച് മാസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ കൊണ്ടുപോയിട്ടായിരുന്നു പീഡനം. കുട്ടിയുടെ അമ്മായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.'- അഡീഷണൽ എസ് പി ശ്രീത്തി പറഞ്ഞു.


അഭി, ഗിരീഷ്, വികാസ്, മണികാന്ത, സമ്പത്ത്, അശ്വത്ഗൗഡ, രാജേഷ്, അമിത്ത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജൻ, നാരായണ ഗൗഡ, അഭി ഗൗഡ, പെൺകുട്ടിയുടെ അമ്മായി, പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ തുടങ്ങിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽ എട്ടുപേരാണ് പിടിയിലായത്. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ബസ് ഡ്രൈവറായ ഗിരീഷാണ് പതിനഞ്ചുകാരിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ സുഹൃത്തായ അഭിക്ക് പെൺകുട്ടിയുടെ നമ്പറും സ്വകാര്യ ചിത്രങ്ങളും നൽകുകയായിരുന്നു. ഇതുകാണിച്ച് ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തുകളും പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് വർഷം മുമ്പാണ് പെൺകുട്ടിയുടെ അമ്മ മരിച്ചത്. അതിന് ശേഷം അമ്മായിയ്‌ക്കൊപ്പമായിരുന്നു താമസം. പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നാണ് അമ്മായിക്കെതിരെയുള്ള കുറ്റം. പോക്‌സോയും മനുഷ്യക്കടത്തുമുൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, കേസിലെ പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് വക്താവ് ലാവണ്യ ആരോപിച്ചു.