
തൃശൂർ: ഇരുമുന്നണികൾക്കും പ്രത്യേകിച്ചും യു ഡി എഫിന് ശക്തമായ മുന്നറിയിപ്പുമായി കത്തോലിക്കാ സഭ തൃശൂർ അതിരൂപതയുടെ മുഖപത്രം. അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്നായിരുന്നു വെൽഫെയർ പാർട്ടിയും കോൺഗ്രസുമായുളള ബന്ധത്തെ പരോക്ഷമായി സൂചിച്ചുളള അതിരൂപതയുടെ വിമർശം. ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവർ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. അവഗണനക്കെതിരെ പ്രതികരിക്കുമെന്നും മുഖപത്രം വ്യക്തമാക്കുന്നു.
പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി ആരും കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നുമെന്ന് മുന്നറിയിപ്പും മുഖപത്രത്തിലുണ്ട്.
ഇന്നലെ സി പി എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരോക്ഷ വിവമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നുപറഞ്ഞ് അദ്ദേഹം മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ്. തിരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അഭിപ്രായപ്പെട്ടു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
എ വിജയരാഘവൻ കഴിഞ്ഞദിവസം ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ മുന്നാക്കസംവരണവിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ആരോപിച്ചിരുന്നു. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെത്തന്നെയാകും സഹായിക്കുകയെന്നും എ വിജയരാഘവൻ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ വിമർശനം.