
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾ പാർട്ടി. കൊച്ചിയിലെ സ്ഥാനാർത്ഥിയായി വിഫോർ കേരള ക്യാംപെയിൻ കോ-ഓർഡിനേറ്റർ നിപുൻ ചെറിയാനെ പാർട്ടി തിരഞ്ഞെടുത്തു.
വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത സംഭവത്തിൽ നിപുൻ ചെറിയാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിഫോർ കൊച്ചി എന്ന പേരിൽ മികച്ച പ്രകടനമായിരുന്നു വി ഫോർ പീപ്പിൾ പാർട്ടി കാഴ്ചവച്ചത്.
കൊച്ചി മണ്ഡലത്തിന്റെ ഭാഗമായ കോർപറേഷൻ ഡിവിഷനുകളിൽ പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് സംഘടന നേടിയത്. ഈ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും കളത്തിലിറങ്ങുന്നത്. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.