
ലണ്ടൻ: ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങളിൽ പങ്കെടുത്ത 1500ഓളം വളണ്ടിയർമാർക്ക് നൽകിയ വാക്‌സിൻ ഡോസിൽ പിശക് പറ്റിയതായി കണ്ടെത്തി. ബ്രിട്ടണിൽ നടത്തിയ പരീക്ഷണത്തിലാണ് വളണ്ടിയർമാർക്ക് നൽകേണ്ടതിന്റെ പകുതി അളവ് മാത്രം വാക്‌സിൻ കുത്തിവച്ചത്. വിവരം പങ്കെടുത്തവരെ സർവകലാശാല അറിയിച്ചു. എന്നാൽ പിശക് പറ്റി എന്ന തരത്തിലല്ല അറിയിച്ചത്. വിവിധ അളവിൽ നൽകുന്ന വാക്‌സിൻ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നറിയാനാണ് അങ്ങനെ ചെയ്‌തതെന്നാണ് ജൂൺ 8ന് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് നൽകിയ കത്തിൽ ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രൊഫസർ ആൻഡ്രൂ.ജെ.പൊളളാർഡ് അറിയിച്ചിരിക്കുന്നത്.
ഗവേഷകർക്ക് വാക്‌സിൻ അളവെടുക്കുന്നതിൽ വന്ന പിശകാണ് ഇതിന് കാരണമായത്. എന്നാൽ ഇങ്ങനെ പിശകുപറ്റി എന്ന വിവരം ഇവർ കത്തിൽ അറിയിച്ചിട്ടില്ല. കുത്തിവയ്‌പ്പ് എടുത്തവരിൽ എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടായതായും കത്തിലില്ല. നിലവിൽ ബ്രിട്ടണിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഓക്‌സ്‌ഫോർഡ് വാക്‌സിൻ നൽകുന്നുണ്ട്. വിലക്കുറവാണ് എന്നത് ഇതിന് പ്രധാന കാരണമാണ്. കൊവിഡ് രോഗത്തിന് ഏറ്റവും സാദ്ധ്യതയുളള മുതിർന്നവരിൽ വാക്‌സിൻ ഫലപ്രദമാണോ എന്ന് മുൻപും സംശയമുണ്ടായിട്ടുണ്ട്. ഇതിനൊപ്പമാണ് തെറ്റായ ഡോസ് കുത്തിവച്ച വിവാദവുമുണ്ടായിരിക്കുന്നത്.
വാക്‌സിൻ അളവ് തെറ്റി നൽകിയ വിവരം സർവകലാശാല പുറത്ത് വിട്ടിരുന്നില്ല. ഇത് വിവരാവകാശ രേഖ മുഖേന മാദ്ധ്യമങ്ങൾക്ക് ലഭിച്ചതാണ്. വളണ്ടിയർമാരോട് ഗവേഷകർ വാക്‌സിന്റെ പൂർണവിവരങ്ങൾ പങ്കുവച്ചിരുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. വിവരങ്ങൾ പുറത്തറിഞ്ഞതിനെ കുറിച്ച് സർവകലാശാല പ്രതികരിച്ചിട്ടില്ല. വാക്‌സിന്റെ വീര്യത്തെ കുറിച്ചുണ്ടായ തെറ്റിദ്ധാരണയാണ് പിശക് സംഭവിക്കാൻ കാരണമെന്ന് സർവകലാശാലയ്‌ക്കൊപ്പം വാക്‌സിൻ നിർമ്മാണത്തിൽ പങ്കാളിയായ ആസ്‌ട്ര സെനെക്കയുടെ വക്താവ് പ്രതികരിച്ചു.
ബ്രിട്ടണിലും യൂറോപ്യൻ യൂണിയനിലും ഇന്ത്യയിലും മറ്റ് വിവിധ രാജ്യങ്ങളിലും വിതരണം ചെയ്യുന്ന വാക്‌സിനാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയുടേത്. 65 വയസിന് താഴെയുളളവർക്ക് മാത്രമേ വാക്‌സിൻ നൽകാവൂ എന്നാണ് ജർമ്മനി തീരുമാനിച്ചത്. എന്നാൽ യൂറോപ്യൻ യൂണിയൻ 18 വയസിന് മുകളിലുളളവർക്കേ വാക്‌സിൻ നൽകാവൂ എന്നാണ് നിശ്ചയിച്ചത്. മാത്രമല്ല 70.4 ശതമാനമായിരുന്ന വാക്‌സിന്റെ ഫലപ്രാപ്‌തി യൂറോപ്യൻ യൂണിയൻ 60 ആയി കുറയ്‌ക്കുകയും ചെയ്‌തു.
ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഒറ്റ ഡോസ് വാക്‌സിനേഷൻ എടുത്തവർക്ക് 90 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും രണ്ട് ഡോസ് എടുത്തവർക്ക് 62 ശതമാനം ഫലപ്രാപ്‌തി ലഭിച്ചതായുമായിരുന്നു ആസ്‌ട്ര സെനെക്ക അറിയിച്ചത്. ഡോസ് തെറ്റായി നൽകിയതിനാലാകും വാക്‌സിൻ കുത്തിവച്ചവർക്ക് വരുന്ന പനിയും ക്ഷീണവും പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് കുറവുമായിരുന്നു.