
ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആംബുലൻസിൽ കുഞ്ഞിന് ജൻമം നൽകി കാശ്മീരി യുവതി. ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെയാണ് യുവതി ആംബുലൻസിൽ കുഞ്ഞിനു ജൻമം നൽകിയയത്. അമ്മയേയും നവജാത ശിശുവിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതായി കരസേനാ വക്താവ് പറഞ്ഞു.
ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിൽ നിന്നുളള യുവതിക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചുകൊണ്ട്
തിങ്കളാഴ്ച രാവിലെയാണ് ആശാവർക്കർ ആശുപത്രി അധികൃതരെ ഫോണിലൂടെ ബന്ധപ്പെട്ടത്. എന്നാൽ മഞ്ഞ് വീഴ്ച മൂലം ആശുപത്രി അധികൃതർ ആംബുലൻസ് അയക്കാൻ കഴിയില്ല എന്നറിയിക്കുകയായിരുന്നു. ഇതോടെയാണ് സഹായഹസ്തവുമായി കരസേനയുടെ ആംബുലസും മെഡിക്കൽ സംഘവും എത്തിയത്.
ആശുപത്രിയിലേക്കുളള യാത്രാ മധ്യേ ആശാവർക്കർ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ പ്രസവ ശുശ്രൂഷ നടത്തുകയായിരുന്നു. ശേഷം കുഞ്ഞിനെയും അമ്മയേയും കളരൂസ് ആശുപത്രിയിലേക്ക് മാറ്റിയ കരസേനാ സംഘം കുടുംബാംഗങ്ങളെ അഭിനന്ദിക്കുകയും അടിയന്തരഘട്ടം കൈകാര്യം ചെയ്ത ആശാവർക്കറെയും മെഡിക്കൽ സംഘത്തെയും ആദരിക്കുകയും ചെയ്തു.