
ആരാരുമറിയാതെ മനസിൽ കൊണ്ടു നടന്നതായിരുന്നു ആ മോഹം. ഒട്ടും പ്രതീക്ഷിക്കാതെ ഒരു നാൾ ആ സ്വപ്നം യാഥാർത്ഥ്യമാകുക... നല്ല അഭിപ്രായങ്ങൾ കേൾക്കുക... എല്ലാവരുടെയും പ്രിയങ്കരിയാവുക... ഇതൊക്കെ സ്വപ്നം കണ്ടതിലും വേഗത്തിൽ ജീവിതത്തിൽ സംഭവിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ കൺമണി. ചെറുപ്പം മുതലേ സിനിമകൾ തന്നെ ഏറെ ഭ്രമിപ്പിച്ചിരുന്നുവെന്ന് മനീഷ പറയുന്നു. പഠനത്തോടൊപ്പം അഭിനയവും മോഹമായി തന്നെ മനസിൽ കൊണ്ടുനടന്നു. ഇപ്പോഴിതാ, കൊതിച്ചതു പോലൊരു ജീവിതം കിട്ടിയതിന്റെ സന്തോഷത്തിലാണ് മനീഷ.
'അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ല. ആകെയുള്ളത് കുറച്ച് ടിക് ടോക് വീഡിയോകളാണ്. ആ വീഡിയോകൾ വഴിയാണ് 'പാടാത്ത പൈങ്കിളി"യുടെ ഓഡിഷനിലേക്ക് അവസരം കിട്ടുന്നത്. കിട്ടുമെന്ന് പ്രതീക്ഷിച്ചൊന്നുമായിരുന്നില്ല പോയത്. പക്ഷേ ഭാഗ്യം തുണച്ചു". മനീഷ ചിരിയോടെ വിശേഷങ്ങൾ പങ്കിട്ടു.
ലോട്ടറി അടിച്ച സന്തോഷം
അഭിനയിക്കാനുള്ള അവസരം കിട്ടിയപ്പോൾ ലോട്ടറി കിട്ടിയതുപോലെയായിരുന്നു തോന്നിയത്. പക്ഷേ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ കുറച്ച് ടെൻഷനടിച്ചുവെന്നത് സത്യമാണ്. ഞാനുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ്. കൺമണി നിഷ്കളങ്കയായ കുട്ടിയാണ്. എനിക്ക് ആ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ പറ്റുമോയെന്ന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ സുധീഷ് സാറിന്റെ ധൈര്യത്തിലാണ് അഭിനയിച്ചു തുടങ്ങിയത്. അദ്ദേഹം എല്ലാം പറഞ്ഞു തരും. എങ്ങനെ ചെയ്യണം, ദേഷ്യം എവിടെ വരെയെത്താം, പ്രണയം എവിടെ വരെയെത്താം... അങ്ങനെ കൺമണിയുടെ എല്ലാ ഇമോഷൻസിന്റെയും അളവ് കൃത്യമായി പറഞ്ഞുതരുമായിരുന്നു. ഒരുപാട് ലിമിറ്റേഷൻസുള്ള കഥാപാത്രമാണ് കൺമണി. ദേഷ്യം വന്നാലും പൊട്ടിത്തെറിക്കില്ല. ഞാൻ ചിലപ്പോൾ നന്നായി ദേഷ്യപ്പെട്ടേക്കാമെന്ന് കരുതി ചെയ്യുമ്പോൾ സാർ പറയും അത്രയും വേണ്ട, കുറച്ചൊന്ന് കുറച്ചേക്കൂവെന്ന്. അതുപോലെ പ്രണയവും അങ്ങനെയാണ്. ഒരു പാവം കുട്ടിയായതുകൊണ്ട് തന്നെ അവളുടെ ഇമോഷൻസിനും ഒരുപാട് നിയന്ത്രണങ്ങളുണ്ട്. ആദ്യമൊന്നും കൺമണിയെ ഇത്ര കോൺഫിഡന്റായി അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ, ഇപ്പോൾ അവസ്ഥ മാറിയിട്ടുണ്ട്. പാവത്താനായിട്ട് അഭിനയിക്കണം, മുഖത്തെ ഭാവങ്ങൾ ശ്രദ്ധിക്കണം.. ഇതൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പക്ഷേ കൺമണിയെ എനിക്ക് നന്നായി അറിയാം. മനീഷയും കൺമണിയും രണ്ടു തരത്തിലുള്ള വ്യക്തികളാണ്. യഥാർത്ഥ ജീവിതത്തിൽ വളരെ ബോൾഡായിട്ടുള്ള ആളാണ് ഞാൻ. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന, പുരോഗമന ചിന്തകളുള്ള പെൺകുട്ടിയാണ്. അഭിപ്രായങ്ങളൊന്നും തുറന്നു പറയാൻ ഒരു മടിയുമില്ല.

ഓരോ നിമിഷവും പഠിക്കുന്നുണ്ട്
ലൊക്കേഷനിൽ വച്ച് ആദ്യ ദിവസം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ തന്നെ എന്റെ കോൺഫിഡൻസ് പോയി. എന്നെ കൊണ്ട് മുന്നോട്ട് പോകാൻ പറ്റുമോയെന്ന് പോലും സംശയമായി. ചുറ്റിലുമുള്ളവരെല്ലാം നല്ല എക്സ്പീരിയൻസുള്ളവർ. അവർക്കിടയിലേക്കാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു പരിചയവുമില്ലാത്ത ഞാനെത്തുന്നത്. എങ്ങനെ അഭിനയിക്കും, എന്ത് ചെയ്യുമെന്നതൊക്കെ വലിയ കൺഫ്യൂഷനായിരുന്നു. നടക്കുമ്പോൾ ഡയലോഗ് പറയുന്നത് ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. നടത്തം ശ്രദ്ധിക്കുമ്പോൾ ഡയലോഗ് പോകും, ഡയലോഗ് പറയുമ്പോൾ നടത്തവും പ്രശ്നമാകും. ഇതായിരുന്നു പഴയ അവസ്ഥ. അന്നൊക്കെ നല്ല വഴക്കും കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോഴതൊക്കെ മാറി. നന്നായി തന്നെ ചെയ്യാൻ പറ്റുന്നുണ്ട്. സുധീഷ് സാറാണ് ഇതിന്റെയെല്ലാം ആണിക്കല്ല്. എന്നെക്കൊണ്ട് പറ്റുമെന്ന് പറഞ്ഞ് ഓരോ തവണയും ആത്മവിശ്വാസം പകർന്നു തരുന്നത് അദ്ദേഹമാണ്. വഴക്ക് പറഞ്ഞാലും കുറച്ച് കഴിയുമ്പോൾ സാർ വന്ന് സ്നേഹത്തോടെ സംസാരിക്കും, ആ വാക്കുകളാണ് ഊർജമായത്. എല്ലാ ആർട്ടിസ്റ്റുകളും എന്നെ സഹായിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ പ്രശ്നങ്ങൾ എന്താണെന്ന് തുറന്ന് പറയുകയും അത് പരിഹരിക്കാനുള്ള വഴികളും പറഞ്ഞു തന്നിട്ടുണ്ട്. എന്റെ ലേണിംഗ് സ്കൂളാണ് 'പാടാത്ത പൈങ്കിളി" ലൊക്കേഷൻ. വന്നതിനേക്കാൾ ഒരുപാട് മാറി. എന്നു കരുതി എല്ലാം പഠിച്ചുവെന്നല്ല, ഇനിയും ഒരുപാട് മിനുക്കിയെടുക്കേണ്ടതുണ്ട്. അഭിനയം ഞാൻ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
കൂട്ടായ്മയുടെ വിജയം
കൂടെയുള്ളവരെല്ലാം നല്ല സുഹൃത്തുക്കളാണ്. ഒരാളിന്റെയും പേരെടുത്ത് പറയാൻ പറ്റില്ല. ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻസ് എല്ലാവരും ചേരുന്നതാണ് ആ കുടുംബം. എല്ലാവരുടെയും പരസ്പര സഹകരണം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ആരും മാറി നിൽക്കില്ല. ഏഷ്യാനെറ്റിൽ തുടക്കം കുറിക്കാൻ പറ്റിയ വലിയ ഭാഗ്യമാണ്. ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്നത് ഏഷ്യാനെറ്റ് പോലൊരു മുൻനിര ചാനലിലൂടെ തുടക്കം കുറിക്കാനാകുമല്ലോ. എനിക്ക് വിശ്വസിക്കാൻ കുറച്ച് സമയം വേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഇതുപോലൊരു അവസരം വന്നാൽ ആരായാലും ഒന്ന് ഞെട്ടില്ലേ. കൺമണിയാകാനായി വലിയ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ പോയി നിന്നു. അന്ന് മുടി ലെയർ വെട്ടിയാണിട്ടിരുന്നത്. നാടൻ പെൺകുട്ടിയുടെ വേഷമായതു കൊണ്ട് മുടിയിൽ കുറച്ച് എണ്ണയൊക്കെ തേച്ചു ചീകി ഒതുക്കി. പിന്നെ, ഹെയർ സ്റ്റൈലും ഡ്രസിംഗ് സ്റ്റൈലും മാറ്റി. ഇതൊക്കെയാണ് ആകെ കൺമണിയാകാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.

പ്രിയപ്പെട്ട പ്രണയജോഡി
പ്രേക്ഷകർക്കെല്ലാം കൺമണി- ദേവ കോമ്പിനേഷൻ വലിയ ഇഷ്ടമാണ്. സൂരജേട്ടനാണ് ദേവയായിട്ടെത്തുന്നത്. ആള് വളരെ ഫ്രണ്ട്ലിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായതുകൊണ്ട് കൂടിയാണ് ആ കെമിസ്ട്രി വർക്കൗട്ടാകുന്നതും.ഷൂട്ടിന് മുന്നേ തന്നെ ഞങ്ങൾ പ്ലാൻ ചെയ്യും ഓരോ സീനും എങ്ങനെ ചെയ്യാമെന്ന്. അതുകൊണ്ട് കൂടിയാകണം ആ കെമിസ്ട്രി പ്രേക്ഷകർക്ക് ഇഷ്ടമാകുന്നതും. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കംഫർട്ടാക്കാൻ ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കിൽ പ്രണയരംഗമൊക്കെ ചെയ്യുമ്പോൾ കുറച്ച് പ്രയാസമാണ്. മുൻകൂട്ടി പറഞ്ഞ് ചെയ്യുന്നതുകൊണ്ട് ആ രംഗങ്ങളൊക്കെ കുറച്ച് ഈസിയായി ചെയ്യാൻ പറ്റുന്നുണ്ട്.
പുറത്തു പോകുമ്പോഴാണ് പ്രേക്ഷകർക്കൊക്കെ കൺമണി - ദേവ ജോഡിയോടുള്ള സ്നേഹം എത്ര വലുതാണെന്ന് മനസിലാകുന്നത്. സംസാരിക്കാൻ വരുന്നവരൊക്കെ ദേവയെ കുറിച്ച് ചോദിക്കാറുണ്ട്. സൂരജേട്ടനും അത് പറയാറുണ്ട്, പുള്ളി പുറത്തു പോകുമ്പോൾ കൺമണിയെയും തിരക്കാറുണ്ടെന്ന്. ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡും അത് തന്നെയാണ്. കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചുവെന്നതിന്റെ തെളിവാണല്ലോ ആ അന്വേഷണങ്ങൾ. പ്രേക്ഷകർക്ക് ആർക്കും എന്റെ പേര് അറിയില്ല. എല്ലാവരും കൺമണി എന്നാണ് വിളിക്കുന്നത്. പേര് പറഞ്ഞാലും അവര് പറയുക, കൺമണിയെന്ന് വിളിക്കാനാണ് ഞങ്ങൾക്കിഷ്ടമെന്നാണ്. എനിക്കും ഇപ്പോൾ ആ പേരിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
മനസിലൊളിപ്പിച്ചതായിരുന്നു
വീട്ടിലാർക്കും അഭിനയപാരമ്പര്യമില്ല. പക്ഷേ, എന്റെ അഭിനയമോഹത്തിന് എല്ലാവരും നല്ല സപ്പോർട്ടാണ്. അമ്മ ബിന്ദു, വീട്ടമ്മയാണ്. അനിയത്തി മീര, ബി. കേം വിദ്യാർത്ഥിനിയാണ്. വീട് കോന്നിയിലാണ്. വീട്ടിലെല്ലാവർക്കും ഞാൻ അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇടയ്ക്ക് ഒരു ഭക്തിഗാന ആൽബത്തിൽ അഭിനയിച്ചിരുന്നു, ക്രിസ്തീയ ഗാനത്തിൽ. അതും അടുപ്പമുള്ളവർക്ക് മാത്രമേ അറിയൂ. ചെറുപ്പം തൊട്ടേ ഭയങ്കര ഇഷ്ടമാണ് അഭിനയത്തോട്. തമിഴ് സിനിമകളാണ് കൂടുതലും കണ്ടിട്ടുള്ളത്. പാട്ട് കേട്ടാൽ പോലും ഞാൻ അഭിനയിച്ചു നോക്കും. വീട്ടിലെല്ലാവർക്കും അറിയാം അഭിനയം എനിക്കിഷ്ടമാണെന്ന്. പക്ഷേ, പുറത്താർക്കും അറിയില്ല. സ്കൂളിലൊന്നും ഒരു മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ല. എന്റെ അഭിനയ മോഹം സത്യത്തിൽ ഞാൻ മനസിൽ കൊണ്ട് നടന്നതാണ്. ഇതുവരെ അവസരം ചോദിച്ചു പോയിട്ടുമില്ല, ഓഡിഷനൊന്നും പങ്കെടുത്തിട്ടുമില്ല. പക്ഷേ, മനസ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നു. നാലാള് തിരിച്ചറിയുന്ന നടിയാകുന്നതൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. ഇപ്പോഴാരെങ്കിലും സെൽഫി എടുക്കാൻ വരുമ്പോൾ ഞാനതൊക്കെ ആലോചിക്കാറുണ്ട്. സത്യത്തിൽ ഏറെ ഭാഗ്യവതിയാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ പോലും അതിന് വേണ്ടി പരിശ്രമിക്കാതെ, അഭിനയമോഹം ആരോടും പറയാതിരുന്നിട്ടും എന്നെ തേടി കൺമണിയെ പോലെ നല്ലൊരു കഥാപാത്രം വന്നില്ലേ. സ്വപ്നം കണ്ടതൊക്കെയും സഫലമായില്ലേ.. ഇതിൽപ്പരം സന്തോഷം ഇനിയൊന്നുമില്ല.