
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളളതാണ് പ്രത്യേക സംഘം. ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരാേധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തലാണ് സംഘത്തിന്റെ പ്രധാന ചുമതല.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സർക്കാർ അയക്കും. നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനംപേരും കേരളത്തിലും മഹാരാഷ്ട്രയിലും ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
രാജ്യത്ത് ഇന്നലെ 8642 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3459 പേർ കേരളത്തിൽ നിന്നാണ്. 3136 പേർ സമ്പർക്കരോഗികളാണ്. 247 പേരുടെ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. 10.30 മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു.മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂർ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂർ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസർകോട് 41 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പുതിയ രോഗികൾ. ചികിത്സയിലായിരുന്ന 5215 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,18,909 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് പോയവാരം നാലു ജില്ലകളിൽ രോഗവ്യാപനം വർദ്ധിച്ചതായി ആരോഗ്യവകുപ്പിന്റെ പ്രതിവാര അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  ആലപ്പുഴ (8.7ശതമാനം), കാസർകോട് (4.8), കോഴിക്കോട് (2.3), കൊല്ലം(1.1) ജില്ലകളിലാണ് രോഗവ്യാപനം കൂടിയതെന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം രണ്ട് ജില്ലകളിൽ വൻകുറവുണ്ടായി. വയനാട് 35.8ശതമാനവും കോട്ടയത്ത് 19.8ശതമാനവുമാണ് കുറഞ്ഞത്. ജനുവരി 25 മുതൽ 31വരെയുള്ള കണക്കാണിത്. ജനുവരി 18 മുതൽ 24വരെ 10.9 ശതമാനമായിരുന്ന രോഗവ്യാപന നിരക്ക്.