modi

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ ദുര്‍ബലപ്പെടുത്താന്‍ പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ട്രെയിനുകളില്‍ കൂടുതല്‍ കര്‍ഷകരെത്താനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് നിയന്ത്രണം. യുപിയില്‍ നിന്നും വരുന്ന ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബ് മെയില്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം റോത്തക്കില്‍ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ഈ ട്രെയിനില്‍ ആയിരത്തോളം കര്‍ഷകര്‍ ഉണ്ടെന്നാണ് കഷക സംഘടനകള്‍ പറയുന്നത്. അതേസമയം രാജസ്ഥാനില്‍ നിന്ന് പഞ്ചാബ്ഹരിയാന വഴി ഡല്‍ഹിയിലേക്ക് വരുന്ന മറ്റൊരു ട്രെയിന്‍ ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ യാത്ര അവസാനിപ്പിച്ചു.

അറുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സാദ്ധ്യതകളും തേടുമ്പോള്‍ ശക്തമായി മുന്നോട്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകസംഘടനകള്‍ ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 12 മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് വഴിതടയല്‍ സമരം.