
ന്യൂഡൽഹി: കർഷക പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ മെറ്റൽ ലാത്തികളുൾപ്പടെയുള്ളവയുമായി സജ്ജമായിരിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ഡൽഹി പൊലീസ് വിശദീകരണം തേടി.
ചിത്രങ്ങളിലെ പൊലീസുകാർ ഡൽഹിയിലെ ഷഹദാരയിൽ ഡ്യൂട്ടി ചെയ്യുന്നവരാണെന്നും, മെറ്റൽ ലാത്തികളും മറ്റും അവർ തന്നെ ഏർപ്പെടുത്തിയതാണെന്നും, ഔദ്യോഗിക ഉത്തരവുകൾ നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതോടൊപ്പം ഷഹദാരയിൽ നിന്നുള്ള പൊലീസ് യൂണിറ്റിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
'ചിത്രങ്ങളിലുള്ള പൊലീസുകാർ ഷഹദാര ജില്ലയിൽ നിന്നുള്ളവയാണ്. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി തേടാതെ പ്രാദേശിക ഉദ്യോഗസ്ഥൻ മെറ്റൽ ലാത്തികൾ ഉപയോഗിക്കുകയായിരുന്നു'-ഡൽഹി പൊലീസ് വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ അത് പിൻവലിച്ചെന്നും,പൊലീസുകാർക്ക് സ്റ്റീൽ ലാത്തികൾ നൽകാനുള്ള പദ്ധതികളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച സിങ്കു അതിർത്തിയിൽ കർഷകരുമായിട്ടുള്ള സംഘർഷത്തിൽ ഒരു പൊലീസുകാരന് വാളുകൊണ്ട് പരിക്കേറ്റിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് പാലിവാളിന് ഗുരുതരമായി പരിക്കേറ്റതായി ഡൽഹി പൊലീസ് പറഞ്ഞു.