
അക്ഷരങ്ങൾ വിരിച്ച രാജപാതയിൽ തിളങ്ങുന്ന കണ്ണുകളുമായി എളിമയോടെ വിരചിച്ച ഋഷി കവിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. അദ്ദേഹം 'ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ശാന്തി മന്ത്രം നിശബ്ദമായി ഉരുവിടുകയാണ്. മനുഷ്യമനസിൽ സമാധാനം സൃഷ്ടിക്കുകയും സ്വന്തം കർമങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നവയുമാണ് അദ്ദേഹത്തിന്റെ കവിതകൾ.
1939 ജൂൺ രണ്ടിന് തിരുവല്ലയിലെ പെരിങ്ങോൾ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മുന്നേ ജനിച്ച അഞ്ചു മക്കളും നഷ്ടപ്പെട്ട അമ്മ, കുലദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. അതിന്റെ പ്രസാദമായിരുന്നു വിഷ്ണു. സംസ്കൃതം മുത്തച്ഛനിൽ നിന്നും കുട്ടിക്കാലത്തു തന്നെ പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം, അമരകോശം തുടങ്ങിയവയിലൂടെ, ഭാരതീയ സംസ്കാരവും ഉൾക്കൊണ്ടു. വിദ്യാലയ ജീവിതം, പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിലായിരുന്നു, സർഗവാസനയെ ആദ്യം തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത് ജി.ശങ്കരകുറുപ്പായിരുന്നു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചു, ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 
ബിരുദാനന്തര ബിരുദത്തിനായി ഇംഗ്ലീഷ് തിരഞ്ഞെടുത്തപ്പോൾ പ്രൊഫ.ഷെപ്പേഡിന്റെ ശിഷ്യത്വത്തിലൂടെ പാശ്ചാത്യസംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും നേരറിവുകൾ ലഭ്യമായി. പാശ്ചാത്യ പൗരസ്ത്യ പ്രതിഭകളെയും അവരുടെ കാഴ്ചപ്പാടുകളെയും സർഗ സൃഷ്ടികളെയും വ്യക്ത്യധിഷ്ഠിതമായി വിലയിരുത്താനുള്ള പാണ്ഡിത്യം ഉണ്ടാകുകയും രചനകളിൽ അതിന്റെ സ്വാധീനം പ്രതിഫലിക്കുകയും ചെയ്തു. 1961ൽ  'വർഷം വരുന്നു" എന്ന കവിത പ്രസിദ്ധീകരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ പ്രമുഖവ്യക്തിത്വങ്ങളുമായുള്ള ഇടപെടലുകൾ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിച്ചു. ഇ.എം.എസ്, വൈലോപ്പിള്ളി, ഇടശ്ശേരി, അക്കിത്തം, ചെറുകാട് തുടങ്ങിയവരിലൂടെ സാമൂഹ്യ ബന്ധങ്ങളും വിശാലമായിത്തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി,കേരള കലാ മണ്ഡലം തുടങ്ങിയവയുമായി ഗാഢബന്ധം പുലർത്തിയിരുന്നു.
തുള്ളിക്കൊരുകുടം തൂവുന്ന കവിത,എന്നിൽ നിന്നും ഞാൻചോരുംതോറും എന്റെ കവിത പൂർണമാകുന്നു എന്നും വാക്ക് വൈദിക പൈതൃകമാണെന്നും, വഴികാട്ടിയല്ല ചെറുതുണ മാത്രമാണ്' എന്നുമാണ് കവി, തന്റെ കവിതകളെ കുറിച്ച് പറയുന്നത്. സംസ്കാരത്തിന്റെ ആഴത്തിൽ നിന്ന് ഉരുത്തിരിഞ്ഞ മനോഹരമായൊരു പുഷ്പമായി അനുഭവിക്കാൻ കഴിയുന്ന ഒരു രൂപകമാണ് കവിത. ആത്മപരിശോധനയ്ക്ക് വിധേയമാവുകയും ആത്മസംതൃപ്തി ലഭിക്കുകയും ചെയ്യുന്നതിലാണ് വീണ്ടും വീണ്ടും എഴുതാൻ സാധിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ സ്പന്ദനങ്ങളാണ് മറ്റൊരു പ്രത്യേകത. ഭാരതീയ സംസ്കാരത്തെയും ഉപനിഷത് ദർശനങ്ങളെയും അദ്ദേഹം അന്ധമായി അനുസരിച്ചില്ല. ടി .എസ് എലിയട്ടിന്റെ 'ദി വേസ്റ്റ് ലാൻഡ്" എന്ന കവിത ആയിരുന്നു കാവ്യ പ്രപഞ്ചത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. ആത്യന്തികമായി ഒരു സംസ്കാരമേ ഉള്ളുവെന്നും ഒരിടത്തു അസ്തമിച്ചാൽ അത് മറ്റൊരിടത്തു ഉദിച്ചുയരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്
ശാന്തിവൃത്തി'ആണ്ടു പിറപ്പിൽ മതമൗലിക വാദിയെന്നും ആണ്ടറുതിയിൽ വിപ്ലവകാരിയെന്നുമുള്ള വിശേഷണങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്.' 32 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം തലവനായി സേവനം അനുഷ്ഠിക്കുമ്പോഴാണ്. തുടർന്ന് ലഭിച്ച സംസ്കൃത സർവകലാശാലയിലെ ഉന്നത പദവി ഉപേക്ഷിച്ചു, അമ്മയുടെ ആഗ്രഹപ്രകാരം മൂന്നു വർഷം തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിൽ പുറപ്പെടാ ശാന്തി ആയി. ഈ വേളയിൽ കടൽ കടന്നുവെന്നതിന്റെ പേരിൽ വിവാദങ്ങളുണ്ടായി. അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ കവിതയാണ് 'ഒരുദേശാടനത്തിന്റെ കഥ'. ജനനത്തിലൂടെയല്ല, ജീവിത നിലവാരത്തിലൂടെയാണ് ഉന്നത മതസ്ഥനാകേണ്ടത്. ഇത് പ്രാപ്തമാക്കേണ്ടത്, മൃഗീയതയിൽ നിന്നും മനുഷ്യത്വത്തിലേക്കും ദൈവീകതയിലേക്കുമുള്ള ഉയർച്ചയിലൂടെയാണ്. ദളിത് പുരോഹിതർക്ക്വേണ്ടി ശ്രീകോവിലുകൾ തുറക്കാൻ അഭ്യർത്ഥിക്കുകയും തിരുവനന്തപുരത്ത്, അംബേദ്കർ സ്റ്റഡി സെന്ററിൽ നടന്ന സോമയാഗത്തെ അനുകൂലിക്കുകയും അതിൽ പങ്കെടുക്കുകയും ജാതിക്ക് അയിത്തമില്ലെന്ന പ്രമാണത്തെ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന കവിയുടെ കാഴ്ചപ്പാടും 'അപരന് ദുഃഖമാകാതെ കർമ്മം ചെയ്യണം, വാഴണം വാഴണം സുഖം" എന്നാണ്.
പ്രകൃതിയും ശാസ്ത്രവും
പ്രകൃതി, തന്റെ ഹൃദയത്തുടിപ്പാണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'സാക്ഷാൽക്കാരം". മണ്ണിലുറച്ചു വിണ്ണിൻനേർക്ക് ചില്ലകൾ വീശുന്ന, മരത്തെ ആത്മോപദേശമായി തിരിച്ചറിയുകയും ആത്മീയമായി ഉൾക്കൊള്ളുകയും ചെയ്യുന്നു.  മര  മുത്തച്ഛൻമാർ, കൈയൊപ്പ് മരം, കാടിന്റെ വിളി എന്നീ കവിതകൾ ആരണ്യകസംസ്കാരത്തിനെ പരാമർശിക്കുന്നവയാണ്. മാനുഷിക പുരോഗതിയുടെ അവിഭാജ്യ ഘടകമായ ശാസ്ത്ര കുതിപ്പുകളെ സഹർഷം സ്വാഗതം ചെയ്യുകയും അതിലൂടെ മാനവികത ഊട്ടി ഉറപ്പിക്കുകയും വേണമെന്ന് കവി ഉദ്ബോധിപ്പിക്കുന്നുണ്ട്. 'വിരാട് പുരുഷ സങ്കല്പം ഒരു ദർശനം "എന്ന കവിത ശാസ്ത്രീയ ദർശനങ്ങളെയും പുരുഷ സൂക്തത്തെയും സമന്വയിപ്പിച്ചു കൊണ്ട് എഴുതിയതാണ്. പരാവിദ്യ, വ്ലാഡിമിർ കൊമറോവ് ,ഐൻസ്റ്റൈന്റെ അതിഥി  ഇവയെല്ലാം ശാസ്ത്രാധിഷ്ഠിതമായ കവിതകളാണ്.
ഹൃദയാലുത്വമുള്ള മാർക്സിയൻ ദർശനങ്ങളോട് താത്പ്പര്യം പ്രകടിപ്പിക്കുകയും  ബഹുമാനിക്കുകയും ചെയ്തിരുന്നു. വേദവും മാർക്സിസവും ഒന്നാണെന്നും ഒരു പാർട്ടിയുടെയും വക്താവല്ല താനെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രണയവും സൗന്ദര്യ വീക്ഷണവും
'ഹൃദയം കൊണ്ടറിയുന്ന സത്യം. എക്കാലവും സുന്ദരമാകാതെ വയ്യ" എന്ന കവി വചനം അഭൗമികമായ മാസ്മരികതയെ വെച്ചുനീട്ടിക്കൊണ്ട്, ഓരോ മനുഷ്യനെയും സ്വപ്ന സദൃശ്യമായ ഒരു മായികലോകത്തേക്ക് ആനയിക്കാനും പ്രണയത്തിന്റെ  കാതരഭാവങ്ങളെ അനുഭവപ്പെടുത്താനുമാണ് കവി ശ്രമിക്കുന്നത്. ചന്ദനച്ചാറിലെ തണുപ്പുപോലെ ഒരിക്കൽ രുചിച്ചാൽ എക്കാലത്തും നീണ്ടു നിൽക്കുന്ന മധുരമായ പ്രണയം നനുത്ത്നേർത്തു ജീവിതവുമായി ഇഴുകിച്ചേർന്നു നിൽക്കുന്നു. 'ബാല്യകാലസഖി" കറ പുരളാത്ത പ്രണയത്തിന്റെ കവിതയാണ്. 'പ്രണയഗീതങ്ങളെ" കൗമാരക്കാരന്റെ ചാപല്യമായാണ് കവി കാണുന്നത്. വളരെ ഒതുക്കത്തോടെ, ആത്മനിഷ്ഠമായാണ്  പ്രണയം അവതരിപ്പിക്കുന്നത്. റൊമാന്റിക് ശൈലി പിന്തുടരാതെ ക്ലാസിസത്തിന്റെ സ്ഥൈര്യത്തിൽ കവി അടിയുറച്ചു നിന്നു.
വൈകിയോ ഞാൻ
'കുഞ്ഞ് ഭാഗ്യവതിയാണ്. പ്രൊഫസറുടെ മകളാണ്. ഞാനാകട്ടെ ശാന്തിക്കാരന്റെ മകനും!" അച്ഛൻ പറഞ്ഞത് ഓർക്കുകയാണ് എം.ജി കോളേജിലെ  സൈക്കോളജി  വിഭാഗത്തിൽ നിന്നും വിരമിച്ച ഡോ.അദിതി. ശമ്പളത്തിൽ പാതിയും ഇല്ലത്തെ കടം വീട്ടാൻ അയച്ചു കൊടുക്കുന്നവേളയിൽ, അച്ഛൻ തന്റെ കഷ്ടപ്പാടിന്റെ നാളുകളെ കുറിച്ച് പറയുമായിരുന്നു.ചുരുങ്ങിയ വരുമാനം കൊണ്ട് ചുരുക്കി ജീവിച്ചു.
അമ്മയെ വേളി കഴിച്ചത്  19-ാമത്തെ വയസിലാണ്. സർക്കാർ സർവ്വീസിൽ പ്രവേശിച്ചപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകൻ പാന്റ്സിടണമെന്ന പലരുടെയും നിർബന്ധത്തിന് അവസാനം വഴങ്ങി. അനുജത്തി അപർണ്ണ കുഞ്ഞായിരിക്കുമ്പോൾ, ആശുപത്രിയിൽ കൊണ്ടുപോകാൻ പാന്റ്സും ഷർട്ടുമിട്ട് വരുന്നത് കണ്ട് 'അച്ഛൻ ഡോക്ടറായേ, എനിക്ക് പേടിയാവുന്നേ" എന്നവൾ നിലവിളിച്ചു. പിന്നീട് ആ വേഷം ധരിച്ചിട്ടില്ല. അച്ഛന്റെ വാഹനം സൈക്കിൾ ആയിരുന്നു, മൂന്നാമത്തേതും മോഷണം പോയതോടെ സൈക്കിൾ മുതലാളി എന്ന സ്ഥാനപ്പേരുപേക്ഷിച്ചു.
വാടക വീടുകൾ മാറി  മാറി അവസാനം തിരുവനന്തപുരം, വഴുതക്കാട് ബേക്കറിന്റെ ശില്പമായ 'അപരാജിത"യിൽ താമസം തുടങ്ങി. അവിടം പുഷ്പവനമാക്കി. അവയെ മനുഷ്യരെപ്പോലെ  പരിചരിക്കുകയും വിരുന്നുകാർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. നിശാഗന്ധി വിടർന്നു മായിക സുഗന്ധം പരത്തിയ രാവിനെ ശിവരാത്രിയാക്കിയത് പാട്ടുകൾ പാടിയും കവിതകൾ ചൊല്ലിയുമായിരുന്നു.
വളർത്തി വലുതാക്കിയവയെ ഓരോരോ സാഹചര്യങ്ങളിൽ വെട്ടി മാറ്റേണ്ടി വന്നപ്പോൾ വല്ലാതെ വേദനിച്ചു. വീടിന്റെ അടയാളമരമായിരുന്ന കൊന്നയും പൂമരുതും ഗൃഹാതുരത്വം പകരുന്ന ഓർമ്മകളാണ്. രുദ്രാക്ഷം നട്ടപ്പോൾ, വെള്ളമൊഴിക്കുന്നതിനു പകരം ഐസ് കട്ടകൾ ഇട്ടു.
നല്ല ഹൈമവതഭൂവിലെ മണ്ണിന്റെയും കാലാവസ്ഥയുടെയും അഭാവം മൂലം ദുർബ്ബലമായ കായ്കൾ ഉണ്ടായി. അതിന്റെ തൈ, കവി ഇപ്പോൾ താമസിക്കുന്ന ആശ്രമസദൃശ്യമായ 'ശ്രീവല്ലി"യിലും  വച്ച്  പിടിപ്പിച്ചിട്ടുണ്ട്.
അച്ഛന്റെ  പ്രിയ സുഹൃത്തായ എൻ.എൻ കക്കാടിന്റെ മകനായ ശ്രീകുമാറിന്റെ ഭാര്യയും കേന്ദ്രിയ വിദ്യാലയത്തിലെ അദ്ധ്യാപികയും കഥകളി കലാകാരിയുമാണ് അനുജത്തി അപർണ. അദ്ധ്യാപികമാരായ ഞങ്ങളോട് പഠനമാദ്ധ്യമം സ്നേഹമായിരിക്കണമെന്നും മാറുന്ന സാഹചര്യങ്ങളിൽ, കുട്ടികൾക്കിടയിൽ കുട്ടിച്ചാത്തന്മാരുണ്ടാകും അവരെ തിരിച്ചറിയുകയുംവേണം എന്നും വാത്സല്യപൂർവ്വം ഉപദേശിച്ചിരുന്നു.
'അച്ഛൻ പകർന്നു തന്ന ജീവിതപാഠങ്ങളാണ് ഞങ്ങളുടെ സമ്പാദ്യം. അച്ഛന്റെ കവിതകളിൽ ഞങ്ങൾ നേരിട്ട് അനുഭവിച്ച, ജീവിതത്തിന്റെ നേരും പച്ചപ്പും പൊള്ളലുമുണ്ട്." വയലാർ അവാർഡ്, കേന്ദ്ര കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ, ആശാൻ, ചങ്ങമ്പുഴ, പദ്മശ്രീ തുടങ്ങിയ പുരസ്കാരങ്ങളെക്കാൾ, അദ്ദേഹം നെഞ്ചോട്ചേർത്ത് പിടിച്ചിരിക്കുന്നത്, അച്ഛന്റെ ഓർമ്മകൾകോർത്തു വച്ചു അദിതി തയ്യാറാക്കിയ 'വൈകിയോ ഞാൻ "എന്ന പുസ്തകമാണ്.
വെണ്മയുടെ ജൈത്രയാത്ര
ഭൂമിക്ക് ഒരു സൂര്യൻ എന്നപോലെ മലയാള കവിതയ്ക്ക് ഒരു വിഷ്ണു മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ കവിതകളും ജീവിതവും പുരോഗമന മനസിന്റെയും വിശ്വാസത്തിന്റെയും കണ്ണാടിയായാണ് തിളങ്ങുന്നത്. ആരാധനാലയങ്ങളിലെ വരുമാനത്തിന്റെ ഏറിയ പങ്കും വിദ്യാഭ്യാസ സാംസ്കാരിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ജാതി വ്യവസ്ഥ അറിയപ്പെടാത്ത,സ്ത്രീകളോട് വിവേചനം കാണിക്കാത്ത, ഭൂമി കുത്തകയാക്കപ്പെടാത്ത, അച്ചടക്കം പാലിക്കുന്ന ഒരു വേദ സമൂഹത്തെയാണ് കവി സ്വപ്നം കാണുന്നത്. ഭൂത കാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും ഗുണങ്ങൾ വീക്ഷിക്കുന്നതിൽ പ്രാവീണ്യമുള്ളവരും വായനക്കാരിൽ സ്വാധീനം സൃഷ്ടിക്കുന്നവരുമാണ് യഥാർത്ഥ കവികൾ. അതിനെ അർത്ഥപൂർണമാക്കിക്കൊണ്ട്, അമൃതം വർഷിക്കുന്ന പൂർണ്ണ ചന്ദ്രനെപ്പോലെ, ഓംങ്കാരത്തെ അറിഞ്ഞ വരിഷ്ഠ കവിയുടെ വെണ്മയുടെ ജൈത്രയാത്ര തുടരേണ്ടത് നാം ഓരോരുത്തരിലൂടെയുമാണ്.
(ലേഖികയുടെ  ഫോൺ: 9446570573)