
മരിച്ചയാൾ തിരിച്ച് വരുമോ? വന്നാൽതന്നെ ആരെങ്കിലും അടുത്തേക്ക് അടുപ്പിക്കുമോ? ഇങ്ങനെ മരിച്ചവരെങ്ങാനും തിരിച്ച് വന്നാലോ എന്ന് ഭയന്ന് മരിക്കുന്നവരുടെയെല്ലാം ശവശരീരം വെട്ടിനുറുക്കി അടക്കം ചെയ്തിരുന്ന ഒരു നാടുണ്ട്. ഇംഗ്ലണ്ടിലെ യോക് ഷെയറിനടുത്തുള്ള വാറം പേഴ്സിയാണ് ആ നാട്. ആ നാട്ടിലിപ്പോൾ മനുഷ്യരൊന്നുമില്ല. ആകെയുള്ളത് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലാണിത്. ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം നിരന്തരം പുരാവസ്തുഗവേഷണം നടക്കുന്ന സ്ഥലം കൂടിയാണിത്.
ആർക്കിയോളജിസ്റ്റുകളും ചരിത്രകാരന്മാരും ബൊട്ടാണിസ്റ്റുകളും അവിടെ പഠനം നടത്തുന്നുണ്ട്. ഒരിക്കൽ ഗവേഷണത്തിന്റെ ഭാഗമായി അവിടെയുള്ള കുഴിമാടം പരിശോധിച്ചപ്പോൾ മുറിവുകളേറ്റ എല്ലിൻ കഷ്ണങ്ങളാണ് കണ്ടത്. 11-14 നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുടേതായിരുന്നു എല്ലുകൾ. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കത്തി, കോടാലി തുടങ്ങിയ ആയുധങ്ങളിൽ നിന്നുള്ള മുറിവുകളാണ് ഏറ്റിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. നരഭോജികളായിരിക്കാം അവിടെ ജീവിച്ചിരുന്നത് എന്നുവരെ പലരും അനുമാനിച്ചു.
എന്നാൽ, സത്യം അതൊന്നുമായിരുന്നില്ല. പരിശോധനയിൽ കിട്ടിയ അവശിഷ്ടങ്ങൾ വാറംപേഴ്സിയിൽ തന്നെ താമസിച്ചിരുന്നവരുടേതായിരുന്നു എന്ന് മനസിലായി. ഇവിടെയുള്ള മനുഷ്യർ ഭീരുക്കളായിരുന്നു. പേടി വേറൊന്നിനെയുമല്ല. മരിച്ചുപോകുന്ന മനുഷ്യരെയാണ് പേടി. അവർ പിന്നീട് ദുരാത്മാക്കളായും പ്രേതങ്ങളായും തിരിച്ചുവരുമെന്നാണ് ധരിച്ചിരുന്നത്. അതുകൊണ്ട് മരിച്ചുകഴിഞ്ഞ് ആരും തിരികെ വരാതിരിക്കാനാണ് കണ്ടം തുണ്ടം വെട്ടിനുറുക്കി കുഴിമാടത്തിലാക്കുന്നത്. ഇങ്ങനെ വെട്ടിയാൽ പിന്നെ കുഴിമാടം വിട്ട് പുറത്തുവരാനാകില്ലെന്നായിരുന്നുവത്രേ വിശ്വാസം. അതുകൊണ്ട് മരിച്ചയുടനെ ആളിനെ വെട്ടി കഷ്ണങ്ങളാക്കും. എല്ലുകളും ഒടിച്ചുകളയും. മദ്ധ്യകാലഘട്ടത്തിലാണ് അവിടെ ആളുകൾ ജീവിച്ചിരുന്നത്. കൃഷിയായിരുന്നു വരുമാന മാർഗം.