palm

കൈയിലെ മണിബന്ധ സന്ധിയുടെ ഭാഗത്തുണ്ടാകുന്ന സമ്മർദ്ദം കാരണം പെരുപ്പും തുടിപ്പും ബലക്കുറവുമുണ്ടാകുന്ന അവസ്ഥയാണ് കാർപ്പൽ ടണൽ സിൺഡ്രോം അഥവാ മീഡിയൻ നെർവ് കംപ്രഷൻ എന്നറിയപ്പെടുന്നത്. ഇരു കൈകളിലും ഒരുപോലെ ആരംഭിക്കുന്ന രോഗമാണെങ്കിലും ഒന്നിൽ മാത്രമാണ് ഏറെ ബുദ്ധിമുട്ടുകൾ എന്ന് തോന്നാം. പ്രത്യേകിച്ച്, രാത്രിയിലാണ് ഇതുകാരണമുള്ള ബുദ്ധിമുട്ട് കൂടുതലായി അനുഭവപ്പെടുന്നത്.

തള്ളവിരലിൽ മാത്രമായോ, ചെറുവിരലിലോ, ഇടയ്ക്കുള്ള വിരലുകളിലോ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ചിലപ്പോൾ പുകച്ചിലും ചൊറിച്ചിലുമായും മാറാറുണ്ട്. ബലക്കുറവ് കാരണം പഴയതുപോലെ സാധനങ്ങൾ എടുക്കാൻ പ്രയാസമനുഭവപ്പെടുകയും കൈയിൽ നിന്ന് അവ അപ്രതീക്ഷിതമായി വീണു പോകുകയും ചെയ്യാം. ഷോക്കടിച്ചപോലെ തോന്നുന്ന അവസ്ഥയും വിരളമല്ല. രാത്രിയിൽ കൈവിരലുകൾ മടക്കിയും ചുരുട്ടിയും കിടന്നുറങ്ങുന്നവർക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന പെരുപ്പാണ് പലരും ആദ്യലക്ഷണമായി അവതരിപ്പിക്കുന്നത്. അങ്ങനെ തുടങ്ങുന്ന ബുദ്ധിമുട്ടും പെരുപ്പും ബലക്കുറവും വർദ്ധിച്ച് തേങ്ങ ചുരണ്ടുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ചെറിയ വസ്തുക്കൾ പിടിക്കുന്നതിനും വരെ പ്രയാസമുള്ളതായി മാറുകയും പകൽമുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യാം.

തുടർച്ചയായി വിരലുകളുടെ ഒരേരീതിയിലുള്ള ഉപയോഗമാണ് പലരിലും രോഗ കാരണമാകുന്നത്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ടൈപ്പ് ചെയ്യുക, ദീർഘനേരം കുനിഞ്ഞിരിക്കുക, തയ്യൽ ജോലി, കാഷ്യർ, വാദ്യോപകരണങ്ങൾ വായിക്കുന്നവർ, ഹൈപോതൈറോയ്ഡിസം, വലിയ മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു നടക്കുക, വണ്ണക്കൂടുതൽ, വാതരോഗങ്ങൾ,പ്രമേഹം, മിക്സി, ടൂൾസ് എന്നിവ പ്രവർത്തിപ്പിക്കുമ്പോൾ അതിൽ പിടിച്ചിരിക്കുക എന്നീ കാരണങ്ങളാലും ഗർഭിണികൾക്കും അസ്ഥി പൊട്ടലും അസ്ഥികൾക്ക് സ്ഥാന ചലനം സംഭവിച്ചവർക്കും ഈ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് മൂന്നിരട്ടിവരെ കൂടുതലായി കാണാറുണ്ട്.

കാർപ്പൽ ടണൽ സിൺഡ്രോം ഉള്ളവരിൽ ഏത് ലക്ഷണമാണോ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് എന്നുകണ്ടെത്തി അതിനെ മാറ്റാനാണ് പ്രാധാന്യം നൽകേണ്ടത്. അതിനായി എന്ത് കാരണത്താലാണോ ഈ രോഗമുണ്ടായത് അത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വിരലുകൾ സ്ട്രെച്ച് ചെയ്തും പേശികളുടെ ശക്തി വർദ്ധിപ്പിച്ചും തടവിയും കിഴി വച്ചും മരുന്നരച്ചു പുരട്ടിയും ബുദ്ധിമുട്ട് കൂടുതലുള്ളപ്പോൾ വിശ്രമം നൽകിയും രാത്രി കിടക്കുമ്പോൾ വിരലുകൾ നിവർന്നിരിക്കുന്ന വിധം സ്‌പ്ളിന്റ് വച്ചുകെട്ടിയും തണുപ്പടിക്കാതെ നോക്കിയും മരുന്നുകൾ കഴിച്ചും രോഗം ശമിപ്പിക്കാം. ഉറങ്ങുമ്പോൾ കൈകളുയർത്തി വയ്ക്കാതെ വശങ്ങളിൽ തന്നെ താഴ്ത്തിവയ്ക്കാൻ ശ്രദ്ധിക്കണം. തലയിണയുടെ അടിയിൽ കൈകൾ തിരുകി വയ്ക്കുകയോ, കൈകളിൽ തലവച്ച് ഉറങ്ങുകയോ ചെയ്യരുത്. ഇവയൊന്നും ഫലപ്പെടുന്നില്ലെങ്കിൽ സർജറി ചെയ്ത് ശമനമുണ്ടാക്കാവുന്നതാണ്. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം രോഗവും ലക്ഷണങ്ങളും സർജറി ചെയ്തവരിലും വീണ്ടും പ്രത്യക്ഷപ്പെടാം.

ഏതായാലും, ഈ രോഗത്തിന് ശരിയായ ചികിത്സ ആവശ്യമാണ്. അല്ലാത്തപക്ഷം ഞരമ്പിനും പേശികൾക്കും സ്ഥിരമായ ദോഷം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയാൽ വളരെ വേഗം ശമനം ലഭിക്കുന്ന രോഗമാണിത്. വീക്കത്തെ കൂട്ടുന്ന ഭക്ഷണങ്ങൾ രോഗത്തെ വർദ്ധിപ്പിക്കും. അതിനാൽ മധുരം, അന്നജം, ഫ്രൈ ചെയ്ത ഭക്ഷണം എന്നിവ ഒഴിവാക്കണം. ഫ്രഷായ പഴങ്ങൾ, പച്ചക്കറികൾ,അയല,ചൂര,മത്തി തുടങ്ങിയ ഒമേഗ 3 കൂടുതലുള്ള മത്സ്യങ്ങൾ, വിത്തുകൾ, നട്സ് തുടങ്ങിയവ രോഗത്തെ കുറയ്ക്കും. മഞ്ഞൾ, ചായ, പൈനാപ്പിൾ എന്നിവയും രോഗത്തെ കുറയ്ക്കുന്നതാണ്.