covid

2021 ജനുവരി 29 ന് കൊവിഡ് മഹാമാരി ഇന്ത്യയിലെത്തിയിട്ട് ഒരു വർഷം തികഞ്ഞു. 1.07 കോടി പേർക്ക് ഇന്ത്യയിൽ ഒരു വർഷം കൊണ്ടു കൊവിഡ് ബാധിച്ചു. ആദ്യ കേസ് റിപ്പോർട്ടു ചെയ്ത കേരളം ഇന്ന് 6268 കേസുകളുമായി ഇന്ത്യ യിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ടു ചെയ്ത സംസ്ഥാനമായി മാറി. ലോക്ഡൗൺ കാലം പിന്നിട്ട് പതുക്കെപ്പതുക്കെ എല്ലാം തുറക്കുന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങളെത്തി. പകർച്ചവ്യാധി ഒട്ടേറെ പേരുടെ മരണത്തിനും പട്ടിണിയ്ക്കും കാര ണമായി. ചെറുപ്പക്കാരനായ ഭർത്താവ് കൂലിപ്പണി ചെയ്തു പുലർത്തിയിരുന്ന ഒരു കുടുംബം.. കൊവിഡ് വന്ന് പെട്ടെന്ന് ഭർത്താവു മരിച്ചു. രണ്ടു കുട്ടികളു മായി വഴിയാധാരമായി വീട്ടമ്മ. എന്റെ ഒരു റിട്ടയർ ചെയ്ത സഹപ്രവർത്തകൻ മറ്റു ചില അസുഖങ്ങൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി തിരിച്ചു വന്നത്

കൊവിഡ്പോസിറ്റീവ് ആയി. അതു മാറി അധികം വൈകാതെ അദ്ദേഹം മരിച്ചു. മറ്റൊരു സഹപ്രവർത്തകന്റെ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ അവരെ സന്ദർശിക്കാൻ വീട്ടിലെത്തിയ ആരോ ലക്ഷണങ്ങളില്ലാത്ത രോഗിയായിരുന്നിരിയ്ക്കണം… അമ്മ കൊവിഡ് വന്നു മരണപ്പെട്ടു. ഇങ്ങനെ ചുറ്റിലും എത്രയെത്ര ദു:ഖരംഗങ്ങൾ! ആളുകളുടെ പെരുമാറ്റം കണ്ടാൽ ഇത്ര ഭയങ്കരമായൊരു മഹാ മാരി എല്ലായിടത്തും പതുങ്ങിയിരിയ്ക്കുന്നെന്ന തോന്നലേയില്ല. നാമോരോരുത്തരും കൃത്യമായി മാസ്‌കു ധരിയ്ക്കുകയും കൈകൾ വൃത്തിയാക്കുകയും പുറത്തു പോയി വന്നാൽ അപ്പോൾ തന്നെ കുളിയ്ക്കുകയുമൊക്കെ ചെയ്താൽ ഒഴിവാക്കാവുന്ന ,വലിയൊരു പരിധിവരെ അപകടങ്ങൾ നമ്മൾ തന്നെ അശ്രദ്ധയോടെ വിളിച്ചു വരുത്തുന്നു. സാമൂഹിക അകലം പാലിയ്ക്കലും മാസ്‌കിടലും മടുത്തി രിയ്ക്കുന്നു എന്ന ഉത്തരം തീർച്ചയായും നിരുത്തരവാദപരമാണ്. എല്ലാ മുൻകരുതലുകളും എടുത്താൽ ഇനി രോഗം പിടിപെട്ടാൽ തന്നെ വൈറൽ ലോഡുകുറയ്ക്കാനും അങ്ങിനെ വലിയ അപകടം ഒഴിവാക്കാനും സാധിയ്ക്കും. സമൂഹത്തോടും അവനവനോടുമുള്ള ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള വ്യക്തികളുടെ പെരുമാറ്റം ഇന്നു കേരളത്തെ വലിയ വിപത്തിലേയ്ക്കു തള്ളിവിട്ടിരിയ്ക്കുന്നു. നമ്മുടെ ജനസാന്ദ്രതയും ആളുകൾ ജോലിയ്ക്കായി ഏറെ യാത്ര ചെയ്യുന്നതുമൊക്കെ നമ്മുടെ രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിയ്ക്കുന്നു എന്ന കാര്യം നമ്മളാകെ മറന്ന മട്ടാണ്. റോഡപകടങ്ങളുടെ കാര്യത്തിലേതു പോലെയുള്ള അശ്രദ്ധ കൊവിഡിന്റെ കാര്യത്തിലും സമൂഹമെന്ന നിലയിൽ നമ്മെ പരാജയപ്പെടുത്തി ക്കൊണ്ടിരിയ്ക്കുന്നു. ഇത് നമ്മുടെ ആരോഗ്യപ്രവർത്തകരോടും മറ്റു കൊവിഡ് പോരാളികളോടും അവനവനോടു തന്നെയുമുള്ള നിരുത്തരവാദിത്വവും നന്ദികേടുമാണ്. വടിയെടുത്തെങ്കിലേ തങ്ങൾ ശരിയായി പെരുമാറൂ എന്ന പിടിവാശി ഒട്ടും നന്നല്ല. ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്ന നിലയിൽ പ്രവർത്തിക്കാൻ നാം ഇനിയെങ്കിലും ശ്രദ്ധിയ്ക്കണം. ജവഹർലാൽ നെഹ്റു തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് സ്വയം ഓർമ്മിക്കാനായി റോബർട്ട് ഫ്രോസ്റ്റിന്റെ ഒരു കവിതാശകലം ഉദ്ധരിച്ചിരുന്നു. (ഫ്രോസ്റ്റ്-1874-1963 ജനുവരി 29)

“The woods are lovely, dark and deep
But I have promises to keep
And miles to go before I sleep
And miles to go before I sleep”

നമ്മുടെ ഉത്തരവാദിത്വം അവനവനോടും കുടുംബത്തോടും സമൂഹ ത്തോടും നമ്മുടെ ഭൂമിയോടുമുണ്ട്. നമ്മുടെ സ്വന്തം ആരോഗ്യം…വായു വിന്റെ പവിത്രത, ഭൂമിയുടെയും വെള്ളത്തിന്റെയും ശുദ്ധി എല്ലാം നിലനിറു ത്താൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പ്രപഞ്ചത്തിലെ വെറുമൊരു പൊട്ടാണു ഭൂമിയെന്നു സ്വന്തം കണ്ണുകൾ കൊണ്ടു തിരിച്ചറിയാൻ ഒരു പക്ഷേ ബഹിരാകാശ യാത്രി കർക്കു മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ. ബഹിരാകാശ യാത്രികയായ ആദ്യ ഇന്ത്യൻ വംശജ കല്പനാ ചൗള ബഹിരാകാശത്തു നിന്നു പ്രാർത്ഥിച്ചത് 'അങ്ങു ദൂരെ കുഞ്ഞുഭൂമിയെ കാണുമ്പോൾ ഞങ്ങളോർക്കും… മനുഷ്യജീവന്റെ ലോകമതാണ്… ഒരു ചെറിയലോകം… അതിനു കേടു വരുത്തരുത്.' ആ മഹത്തായ പ്രാർത്ഥന സഫലമാ ക്കാൻ ഓരോ മനുഷ്യനും ഒരുപാടു മൈലുകൾ സഞ്ചരിക്കേണ്ടിയിരിയ്ക്കുന്നു… തന്റെ പ്രവൃത്തികളിലൂടെ കുഞ്ഞുഭൂമിയെ നിലനിറുത്തേണ്ടിയിരിയ്ക്കുന്നു… ജീവജാലങ്ങളും പരിസ്ഥിതിയും മലിനീകരണം തടയലും പാരസ്പര്യത്തോടെ യുള്ള ജീവിതവുമൊക്കെ കുഞ്ഞു ഭൂമിയെ രക്ഷിയ്ക്കാൻ ആവശ്യമാണെന്നു നാമോ രുത്തരും തിരിച്ചറിയേണ്ടിയിരിയ്ക്കുന്നു. ജനസാന്ദ്രതയേറിയ നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം തിരിച്ചറിവുകളും ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനങ്ങളും ഏറെ ആവശ്യമുണ്ട്. ഒരു വനപാലകൻ പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ചരിഞ്ഞ ഒരാനയുടെ വയറ്റിൽ നിന്ന് ഏഴുകിലോ പ്ലാസ്റ്റിക് പോസ്റ്റ്‌മോർട്ടത്തിൽ കിട്ടിയെന്ന്! ഇലക്ട്രിക് ഷോക്കടിപ്പിച്ച് ആനകളേയും കാട്ടുമൃഗങ്ങളേയും തുരത്താൻ നാം ശ്രമിയ്ക്കുന്നു. ഉപ യോഗിച്ചു വലിച്ചെറിയുന്ന സംസ്‌കാരം… പിന്നെ, കരളിന്റെ സ്ഥാനത്ത് കരുണക്കട ലാണു വേണ്ടതെങ്കിൽ പകരം കരിങ്കല്ലിലും കടുപ്പമുള്ള തെങ്കിൽ ഇതും ഇതില പ്പുറവും സംഭവിയ്ക്കാം. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും മൃഗ ങ്ങളും തമ്മിലും സംഘർഷങ്ങൾ ഉടലെടുക്കും. പക്ഷികളെ ചുട്ടെരിച്ചാലോ കാട്ടുമൃഗങ്ങളെ തുരത്തിയാലോ തുരത്താനാവാത്ത എത്രയോ പകർച്ചവ്യാധികൾ മനുഷ്യ കുലത്തെ കാത്തിരിയ്ക്കുന്നുണ്ടാവാം… ശുദ്ധജലവും ശുദ്ധവായുവും വിലയ്ക്കു വാങ്ങാൻ പോലും പ്രയാസം നേരിടുന്ന ഒരുകാലം പിൻതലമുറയ്ക്കു സമ്മാനിച്ചു കൊണ്ട് കടന്നു പോകാൻ നമുക്കു നാണമാവുകയില്ലേ? ഈയം പൂശിയ പാത്രങ്ങളിൽ വീഞ്ഞു കുടിച്ചു മരിച്ച റോമക്കാരെ പോലെ നമ്മുടെ സംസ്‌കാരത്തിന്റെ ദോഷത്തെ കുറിച്ചു നാളെ ചരിത്രം രേഖപ്പെടുത്താതിരിയ്ക്കട്ടെ. നമുക്ക് തിരിച്ചറിവോടെ ജീവിക്കാം.