
അമ്പലപ്പുഴ: വാടക കൊടുക്കാൻ നിവൃത്തിയില്ലാതായതോടെ, ഭിന്നശേഷിക്കാരനായ മകനെയും ഊമയും ബധിരയുമായ ഭാര്യയെയും കൂട്ടി തെരുവലേക്കിറങ്ങിയ മത്സ്യത്തൊഴിലാളിയായ ശിവനേശന്റെ അവസ്ഥ നൊമ്പരക്കാഴ്ചയാവുന്നു. 14 വർഷമായി വാടക വീടുകളിൽ അന്തിയുറങ്ങിയിരുന്ന കുടുംബം നാലു ദിവസമായി പുന്നപ്ര ചള്ളി മത്സ്യലേല ഹാളിന്റെ തിണ്ണയിലാണ് മകരത്തിലെ തണുപ്പേറ്റു ദുരിതത്തിൽ കഴിയുന്നത്.
മെന്റൽ റിട്രാക്ഷൻ എന്ന രോഗബാധിതനാണ് മകൻ അമ്പാടി. ഭാര്യയുടെ പേര് അജമോൾ. പുന്നപ്ര തെക്കു പഞ്ചായത്ത് 15ാം വാർഡ് ആലശേരി പുരയിടമെന്നാണ് വിലാസമെങ്കിലും വാടക വീടുകളുടെ വിലാസത്തിൽ കഴിയാനാണ് ശിവനേശന്റെയും കുടുംബത്തിന്റെയും വിധി. മകന്റെ ചികിത്സയ്ക്കു വേണ്ടി ലക്ഷങ്ങൾ ചെലവായതോടെയാണ് വീടു വിറ്റത്. വാടക വീടുകളിലേക്ക് ചേക്കേറിത്തുടങ്ങിയതോടെ സ്വന്തമായി പുതിയൊരു വീടെന്ന സ്വപ്നം അസ്തമിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും, മൂന്ന് സെന്റ് സ്ഥലം വാങ്ങിയാൽ വീട് നൽകാമെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിന്റെ ദയനീയവസ്ഥ കഴിഞ്ഞ ജൂലായിൽ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ അന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ ശിവനേശന്റെ വാടക വീട്ടിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. കടലിലെ അദ്ധ്വാനത്തിലൂടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ മകന് മരുന്നുപോലും വാങ്ങാനാവാത്ത അവസ്ഥയായി. വാടകയും മുടങ്ങി. അഭിമാനം പണയപ്പെടുത്തി വാടകവീട്ടിൽ കഴിയാൻ മനസ് അനുവദിക്കാതിരുന്നതിനാൽ ശിവനേശൻ ഭാര്യയെയും മകനെയും കൂട്ടി ഇറങ്ങുകയായിരുന്നു.
ശിവനേശൻ മുമ്പ് കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. പുന്നപ്രതെക്ക് പഞ്ചായത്ത് അധികൃതരോട് കളക്ടർ റപ്പോർട്ട് തേടിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമായിട്ടില്ല.