
1952ൽ വേലപ്പൻനായർ സംവിധാനം ചെയ്ത 'കാലം മാറുന്നു" എന്ന ചിത്രത്തിന് ഗാനങ്ങൾ രചിച്ചുകൊണ്ടാണ് ഒ.എൻ.വി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഒപ്പം സംഗീതസംവിധായകനായ ദേവരാജനും. അതാകട്ടെ മലയാള സിനിമാ ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തവും. രണ്ട് ജീനിയസുകളുടെ സംഗമമായിരുന്നു അത്. വിരൽത്തുമ്പിൽ കവിതാകാമിനി നൃത്തമാടിയിരുന്ന ഒ.എൻ.വിയുടെ നാടകഗാനങ്ങളും സിനിമാഗാനങ്ങളും ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു. ആ കവിതയൂറുന്ന വരികൾക്ക് 'സംഗീത മാന്ത്രിക"നായ ദേവരാജൻ നൽകിയ ഈണങ്ങൾ മലയാളഗാനശാഖയിലെ നിത്യഹരിത ഗാനങ്ങളായി. ഗാനശാഖയിൽ ഒരു പുതിയ ഭാവുകത്വം (സെൻസിബിലിറ്റി) സൃഷ്ടിച്ച ഈ ടീമിന്റെ ഗാനങ്ങൾ പുതുതലമുറയിലെ ശ്രോതാക്കൾ പോലും നെഞ്ചേറ്റുന്നു.
വിരൽത്തുമ്പോളം കവിയായ ഒ.എൻ.വി 1937ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് ജനിച്ചത്. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, വളപ്പൊട്ടുകൾ തുടങ്ങിയ അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങൾ മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ട്. ജ്ഞാനപീഠം ലഭിച്ചതോടെ അദ്ദേഹം മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരവുമായി.
ഈ കാവ്യ സംസ്കാരപാരമ്പര്യം സിനിമയിൽ രചനാപാടവം പുലർത്തുന്ന ഗാനങ്ങൾ രചിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. നാടക, സിനിമാ ഗാനരചന അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അനായാസേന വഴങ്ങിയ ഒരു ക്രാഫ്റ്റായിരുന്നു. നാല് മിനിട്ടുള്ള ഒരു സിനിമാഗാനത്തിന്റെ പ്രമേയത്തോട് നീതിപുലർത്തി കവിതയുടെ പരാഗരേണുക്കൾ വിതറി ഒരു ഭാവഗീതത്തിന്റെ തലത്തിലേക്ക് പറത്തിവിട്ടവയാണ് അദ്ദേഹത്തിന്റെ സിനിമാ നാടകഗാനങ്ങളേറെയും.
ഒ.എൻ.വി സിനിമയ്ക്കുവേണ്ടി ആദ്യം രചിച്ച ആ മലർപൊയ്കയിൽ (പാടിയത് കെ.പി.എ.സി സുലോചന) എന്ന ഗാനം സംഗീത ആരാമത്തിലെ വാടാമലരായി.
എന്നാൽ ഒ.എൻ.വി ഒരു സിനിമാഗാനരചയിതാവായി പ്രശസ്തിയാർജ്ജിക്കുന്നതിനു മുന്നേ കെ.പി.എ.സി, കാളിദാസകലാകേന്ദ്രം തുടങ്ങിയ നാടകട്രൂപ്പിന് വേണ്ടി രചിച്ച നാടക ഗാനങ്ങൾ കേരളത്തിന്റെ ആത്മാവിനെ കോരിത്തരിപ്പിച്ചു. (സംഗീതം - ദേവരാജൻ, കെ. രാഘവൻ) ഈ നാടകഗാനങ്ങൾ ഒരു സാമൂഹ്യനവോത്ഥാനത്തിന്റെ രാസത്വരകമായി വർത്തിച്ചു. അതെ, അദ്ദേഹത്തിന്റെ ആദ്യതട്ടകം നാടകവേദിയായിരുന്നു. അമ്പതുകളിൽ ഈ ടീം സൃഷ്ടിച്ച (ഒപ്പം വയലാറും) നാടകഗാനങ്ങൾ ലളിതഗാനശാഖയെ ജനകീയവത്ക്കരിച്ചു. അതാകട്ടെ നവോത്ഥാനത്തിന്റെ രാസത്വരകമായി വർത്തിച്ചു. അമ്പതുകൾ മലയാള സിനിമയുടെ ശൈശവ കാലഘട്ടമായിരുന്നു. ഒരു പുതുയുഗത്തിന്റെ പേറ്റുനോവിനു കാത്തിരുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ ഈ ടീം സൃഷ്ടിച്ച മണ്ണിന്റെ മണമുള്ള നാടകഗാനങ്ങൾ ഒരു പുത്തനുണർവ്വ് തന്നെ സൃഷ്ടിച്ചു. കേരളീയ സമൂഹത്തിന്റെ ഉൾത്തുടിപ്പുകളും ഹൃദയവികാരങ്ങളുമാണ് ഈ കവി എന്റെ ഗാനങ്ങളിൽ ആലേഖനം ചെയ്തത്. ആ വരികൾക്ക് ഹൃദയഹാരിയായ ഈണം നൽകിയ ദേവരാജൻ ഗാനശാഖയിൽ ഒരു പുതിയ ഭാവുകത്വം തന്നെ സൃഷ്ടിച്ചു. ഹിന്ദി സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ ഈണങ്ങളെ കടമെടുക്കാതെ ശാസ്ത്രീയ രാഗങ്ങളുടെ നൂലിഴയിൽ നെയ്തുകൊണ്ട് ഗാനങ്ങൾ സൃഷ്ടിച്ചു. ഈ ഒരു പുതിയ ട്രെൻഡ് ഗാനശാഖയിൽ സൃഷ്ടിച്ചത്, ഒ.എൻ.വി - ദേവരാജൻ ടീമാണ്. ഇതാകട്ടേ ലളിതഗാനങ്ങൾക്ക് സാമാന്യജനങ്ങളുടെ ഇടയിൽ വലിയ പോപ്പുലാരിറ്റി നേടികൊടുത്തു. നാടക - സിനിമാ ഗാനങ്ങളെ ജനകീയവത്ക്കരിച്ചതിൽ ഈ ടീമിന് ഒരു വലിയ പങ്കുണ്ട്, ഒപ്പം വയലാറിനും. അതിന്റെ പതാക വാഹകരായി ഈ ടീമിനോടൊപ്പം കെ.പി.എ.സി സുലോചന, കെ.എസ്. ജോർജ്, സി.ഒ. ആന്റോ, കവിയൂർ പൊന്നമ്മ (അവർ ആദ്യകാലത്ത് നാടകങ്ങളിൽ പിന്നണി പാടിയിരുന്നു) തുടങ്ങിയവരുമുണ്ടായിരുന്നു. ഭാവിയിൽ സിനിമാഗാനരംഗത്ത് ഒരു പൊളിച്ചെഴുത്തും പുതിയ ഭാവുകത്വവും സൃഷ്ടിക്കാനുള്ള കളരിയായി ഒ.എൻ.വിയും ദേവരാജനും ഉപയോഗിച്ചു. തുടർന്ന് വയലാറും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സർവേക്കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, ജനനീ ജന്മഭൂമി, അൾത്താര തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ഈ ടീം സൃഷ്ടിച്ച നാടകഗാനങ്ങൾ നിത്യഹരിതം. ഈ ടീം അമ്പത് അറുപതുകളിൽ ലളിതസംഗീതശാഖയിൽ ഒരുപുതിയ വഴിത്താര വെട്ടിത്തുറന്നു. രണ്ട് ജീനിയസുകളുടെ സർഗാത്മകത, അതിന്റെ എല്ലാ ചൈതന്യത്തോടെ ഈ ഗാനങ്ങളിൽ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. കെ.പി.എ.സി, കാളിദാസകലാകേന്ദ്രം തുടങ്ങിയ പ്രൊഫഷണൽ നാടകസംഘത്തിലെ പിന്നണി ഗായകരായ സുലോചന, കെ.എസ്. ജോർജ്, ഗംഗാധരൻ, ജി. ദേവരാജൻ, കവിയൂർപൊന്നമ്മ, സി.ഒ.ആന്റോ തുടങ്ങിയ പിന്നണി ഗായകർ പാടിയ പൊന്നരിവാളമ്പിളിയിൽ, വെള്ളാരം കുന്നിലെ, ബലികുടീരങ്ങളെ, മാരിവില്ലിൻ,വള്ളിക്കുടിലിനുള്ളിലിരിക്കും,തുഞ്ചൻ പറമ്പിലെ തത്തേ, മാമ്പൂപൊട്ടിവിടർന്നു, പൂക്കാരാ പൂക്കാരാ, അമ്പിളിയമ്മാവാ, മാരിവില്ലിൻ, മധുരിക്കും ഓർമ്മകളേ,എന്തിന് പാഴ്ശ്രുതിമീട്ടുക ഇനിയും,വെണ്ണിലാചോലയിലെ,ഇനിയൊരുകഥ പറയൂ, മാനേ പുള്ളിമാനേ, വരിക ഗന്ധർവ്വഗായകാ, അത്തികായ്കൾ പഴുത്തല്ലോ, തങ്കകാൽത്തള തുടങ്ങിയ ഗാനങ്ങളൊക്കെ (ഗാനശില്പങ്ങളാണവ) വാടാമലരുകൾ. ഒരു തലമുറയെ ലഹരിപിടിപ്പിച്ച ഈപവിഴമുത്തുകൾ പുതുതലമുറയിലെ ശ്രോതാക്കളും നെഞ്ചേറ്റുന്നു. നാടകഗാനത്തിലൂടെ ഒരു തലമുറയുടെ അഭിരുചിയെ 'മോൾഡ്" ചെയ്യുകയായിരുന്നു ഒ.എൻ.വിയും ദേവരാജനും. ഈ പതാകവാഹകർ ഗാനശാഖയിൽ ഒരു നിശബ്ദവിപ്ലവം സൃഷ്ടിക്കുകയായിരുന്നു. ഒപ്പം വയലാറും.

60കളിൽ ഒ.എൻ.വി സിനിമാ ഗാനശാഖയിൽ സജീവമാകുകയായിരുന്നു. എന്നാൽ കോളേജ് അദ്ധ്യാപകനായതുകൊണ്ട് വയലാറിനെപ്പോലെ തിരക്കുള്ള ഒരു ഗാനരചയിതാവാകാനുള്ള പരിമിതികൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ യേശുദാസിന് ഈ രംഗത്ത് ചുവട് ഉറപ്പിക്കാനുള്ള സുവർണാവസരം ദേവരാജൻ സമ്മാനിച്ചു. അതെ, ഒരു സംഗീതസംവിധായകനാണ് ഗായകന് മാസ്റ്റർപീസുകൾ സമ്മാനിക്കുന്നത്. യേശുദാസിന്റെ സംഗീതസപര്യയിൽ ഒരു ടേണിംഗ് പോയിന്റായിരുന്നു ഒ.എൻ.വി ദേവരാജൻ ടീമിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിക്കാനുള്ള സുവർണാവസരം ലഭിച്ചത്. മാണിക്യവീണയുമായെൻ...(കാട്ടുപൂക്കൾ), വാർ തിങ്കൾ തോണിയേറി...(കരുണ), അഗ്നികിരീടമണിഞ്ഞവളേ...(അദ്ധ്യാപിക), സത്യശിവസൗന്ദര്യങ്ങൾതൻ...(കുമാരസംഭവം), അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...(നീയെത്രധന്യ) തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ യേശുദാസിനെ മുൻനിരയിലെ ഗായകരിൽ ഒരാളാക്കി. ഒരു സംഗീതസംവിധായകന്റെ ഈണങ്ങളാണ് ഗാനരചയിതാവിനും ഗായകനും ഗായികയ്ക്കും ഈ രംഗത്ത് ചുവടുറപ്പിക്കുവാനും പ്രശസ്തിയാർജിക്കുവാനും സഹായിക്കുന്നത്. ഈണങ്ങളിലൂടെയാണ് അനശ്വരതയെ ചുംബിക്കുന്നതും ഒ.എൻ.വിയുടെ സംഗീതസപര്യയിൽ സംഭവിച്ചതും ഈ മാജിക്കാണ്. ഗാനഗന്ധർവനായ യേശുദാസിന്റെയും ഒപ്പം സുശീല, മാധുരി തുടങ്ങിയവരുടെ ഹൃദയഹാരിയായ ശബ്ദത്തെ സംഗീത മാന്ത്രികനായ ദേവരാജൻ ആഴത്തിൽതന്നെ ഖനനം ചെയ്തെടുത്തു. അങ്ങനെ ഭാവഗീതത്തിന്റെ തലത്തിലേക്ക് പാറിപ്പറന്നു ഒ.എൻ.വിയുടെ ഈ ഗാനങ്ങൾ എന്തിനീ ചിലങ്കകൾ...(കരുണ), സത്യശിവസൗന്ദര്യങ്ങൾതൻ..(കുമാരസംഭവം), പ്രിയസഖി ഗംഗേ...(കുമാരസംഭവം), കരുണതൻ മണദീപമേ...(കരുണ), മാണിക്യവീണയുമായെൻ...(കാട്ടുപൂക്കൾ), അഗ്നികിരീടമണിഞ്ഞവളേ...(അദ്ധ്യാപിക), വാർതിങ്കൾ തോണിയേറി...(കരുണ), അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...(നീയെത്രധന്യ) തുടങ്ങിയ ഗാനശില്പങ്ങൾ സൂപ്പർഹിറ്റുകളായി.
കഥയുടെ ആത്മാവ് കണ്ടെത്തി ഗാനങ്ങൾ രചിക്കുവാനുള്ള അപൂർവ സിദ്ധി ഒ.എൻ.വിയുടെ സർഗാത്മകതയിൽ പുതിയ ഏടുകൾ എഴുതിചേർക്കുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, പിന്നണിഗായകർ എന്നിവരുടെ ത്രിവേണി സംഗമമാണ് ഒരു ഗാനത്തെ അനശ്വരമാക്കുന്നത്. ഒപ്പം ഈണങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക അനുഭൂതിയാണ് ഒരു സിനിമാഗാനത്തെ ജനകീയവത്ക്കരിക്കുന്നതും ഒ.എൻ.വിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിലും ഭാഗ്യവാനായിരുന്നു. ദേവരാജൻ, സലിൽ ചൗധരി, എം.ബി ശ്രീനിവാസൻ, രവി ബോംബെ, രവീന്ദ്രൻ, ഇളയരാജ, ജോൺസൺ എന്നിവർ സൃഷ്ടിച്ച ഈണങ്ങളുടെ മാസ്മരികതയിൽ ആ ഈരടികളും ശ്രോതാക്കളുടെ ഇടയിൽ ഏറെ പോപ്പുലറായി സംഗീതത്തിൽ 'മാജിക്" സൃഷ്ടിക്കുന്ന ഈ ജീനിയസുകളാണ് ഒ.എൻ.വിയുടെ ഗാനങ്ങളെ ജനകീയമാക്കിയത്.

ഒ.എൻ.വിയുടെ സർഗാത്മക സപര്യയിൽ സലിൽ ചൗധരിയോടൊപ്പം സൃഷ്ടിച്ച അനശ്വരഗാനങ്ങൾ പുതിയ ഏടുകൾ തുന്നിചേർത്തു. സ്വപ്നത്തിൽ സൗരയൂഥത്തിൽ വിടർന്നൊരൂ... എന്ന ഗാനം പാടികൊണ്ടാണ് വാണിജയറാം മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. സലിൽദായെക്കുറിച്ച് ഒ.എൻ.വി പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തിൽ: ''സലിൽ ദായോടൊപ്പം ഞാൻ പ്രവർത്തിച്ചപ്പോൾ അദ്ദേഹം നൽകിയ ഈണത്തിനനുസരിച്ചാണ് ഞാൻ പാട്ടെഴുതിയത്. അദ്ദേഹത്തിന്റെ സംഗീതത്തിന് ഭാഷയ്ക്ക് അതീതമായ ഒരു ഭാരതീയത്വമുണ്ട്. ആ ഈണങ്ങളിൽ ഒരു മ്യൂസിക്കൽ ജീനിയസിന്റെ സ്പന്ദനമുണ്ട്. 'പ്രതീക്ഷ" എന്ന ചിത്രത്തിലെ 'ഓർമ്മകളേ കൈവള ചാർത്തി" എന്ന ഗാനത്തിന്റെ കമ്പോസിംഗ് ഓർമ്മവരുന്നു. ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന ഈ ഗാനം രചിക്കുമ്പോൾ മലയാളത്തിൽ ഒരു കവിത എഴുതുന്നതുപോലെ തോന്നി. സലിൽദാ ഈണമിട്ട ആ ഗാനത്തിലെ ഒരുസ്വരം പോലും മാറ്റാതെയാണ് ഞാൻ ഗാനം രചിച്ചത്. സംഗീതം നൽകിയിട്ട് പാട്ടെഴുതുന്നതു ഒരു മോശമായ ട്രെൻഡ് ഒന്നുമല്ല. രവീന്ദ്രന്റെയും ജോൺസണിന്റേയും ജളയരാജയുടെയും ഈണത്തിനനുസരിച്ച് ഞാൻ പാട്ടെഴുതിയിട്ടുണ്ട്. 'സുഖമോ ദേവി"യിലെ 'ശ്രീലതികകൾ..., സുഖമോ ദേവി..., ഇളയരാജ ഈണം നൽകിയ വേഴാമ്പൽ കേഴും..., കിളിയേ കിളിയേ... തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ. സംഗീതത്തെ ഭാഷയുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടുന്ന പ്രവണത നല്ലതല്ലെന്ന് ഒ.എൻ.വി വിശ്വസിക്കുന്നു. സിനിമയിൽ വിഷ്വൽസാണ് ലിറിക്കൽ ക്വാളിറ്റി ഉണ്ടാക്കുന്നത്. സിനിമയെന്ന കവിതയുടെ തേജസ് വർദ്ധിപ്പിക്കാനേ സിനിമയ്ക്ക് വേണ്ടി കവിതയെഴുതുന്ന ഒരാൾക്ക് കഴിയൂ എന്നാണ് ഒ.എൻ.വിയുടെ കാഴ്ചപ്പാട്. ലളിതഗാനത്തിന് ശക്തിയായ അടിത്തറ പണിതത് ഒ.എൻ.വി, വയലാർ, ദേവരാജൻ എന്നിവരാണ്. ഒപ്പം അവതരണഗാനം ആദ്യമായി കൊണ്ടുവന്നതും ഈ ടീമാണ്. തുഞ്ചൻ പറമ്പിലെ തത്തേ..., മാനവധർമ്മം വിളംബരം ചെയ്യുന്ന... ബലി കൂടീരങ്ങളെ... തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ സാക്ഷ്യപത്രങ്ങൾ. ഈ ഗാനങ്ങളിൽ ഒ.എൻ.വി ഉപയോഗിച്ചിട്ടുള്ള ഇമേജറിയുടെ കേരളത്തനിമ ശ്രദ്ധിക്കുക. ബലികുടീരങ്ങളേ...വയലാറിന്റെ രചനയും.
രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ മ്യൂസിക്കൽ ക്രാഫ്ട് അതിന്റെ എല്ലാ വൈവിദ്ധ്യത്തോടും വെട്ടിത്തിളങ്ങുന്ന ഗാനങ്ങളാണ് അമ്പിളി കലചൂടും (രാജശില്പി), അറിവിൻ നിലാവേ (രാജശില്പി), പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ഓമനത്തിങ്കൾക്കിടാവോ...(ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ), പൊൻപുലരി... (ഇത്തിരിപൂവേ ചുവന്നപൂവേ), ആടിവാക്കാറ്റേ (കൂടെവിടെ), മെല്ലെ മെല്ലെ...(ഒരു മിന്നാമിന്നിന്റെ നുറുങ്ങുവെട്ടം), പവിഴം പോൽ (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ), എന്റെ മൺവീണയിൽ (നേരം പുലരുമ്പോൾ) തുടങ്ങിയ നിത്യഹരിതഗാനങ്ങൾ, ഒപ്പം എം.ടിയുടെ 'ആരണ്യകം" എന്ന ചിത്രത്തിനു വേണ്ടി രഘുനാഥ് സേത്ത് സംഗീതം പകർന്ന് ചിത്ര ആലപിച്ച ഒളിച്ചിരിക്കാൻ വള്ളിക്കുടിലിൽ... എന്ന ഗാനമാകട്ടെ ആ ഗാനശേഖരത്തിലെ പവിഴമുത്തും. ഒ.എൻ.വി എന്ന കവിയുടെ മികച്ച ഇമേജറിയുടെ ഉദാത്ത കല്പനകളുടെ അപാരമായ പദസമ്പത്തിന്റെ വിപുലമായ കാവ്യസംസ്കാരത്തിന്റെ സാക്ഷ്യപത്രങ്ങളാണ് 'പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ "(എഴുതാത്തകഥ), 'ശ്രീരാഗമോ,തേടുന്നു" (പവിത്രം), 'താളമയഞ്ഞു" (പവിത്രം), ശ്യാമസുന്ദരപുഷ്പമേ...(യുദ്ധകാണ്ഡം), പുളിയിലക്കരയോലും (ജാതകം) തുടങ്ങിയ വാടാമലരുകൾ.
ഉൾക്കടൽ, വേനൽ, ചില്ല്, യവനിക, പരസ്പരം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഒ.എൻ.വി രചിച്ച് ഗാനങ്ങളും (മിക്കതും കവിതകളാണ്) എം.ബി. ശ്രീനിവാസന്റെ ഹൃദയഹാരിയായ ഈണങ്ങളും ആ സംഗീതസപര്യയിൽ സുവർണ ഏടുകൾ തുന്നി ചേർത്തു. ഒ.എൻ.വിയുടെ സർഗാത്മകത അതിന്റെ എല്ലാ പകിട്ടോടും കൂടി വെട്ടിത്തിളങ്ങുകയാണ് എന്റെ കടിഞ്ഞൂൽ കഥയിലെ, ശരദിന്ദുമലർദീപം..., ഭരതമുനിയൊരു കളം വരച്ചു...,ഒരുവട്ടം കൂടിയെൻ ഓർമ്മകൾ..., രാഗം ശ്രീരാഗം..., നിറങ്ങൾ തൻ... തുടങ്ങിയ ഗാനശില്പങ്ങളിൽ 80-90 കളിലെ ഈ സൂപ്പർഹിറ്റ് ഗാനങ്ങൾ അങ്ങനെ കാലത്തിന്റെ നെറുകയിൽ ചുംബിക്കുന്നു ഇന്നും.
വരികൾ എഴുതി ഈണം പകർന്നവയാണ് ഒ.എൻ.വിയുടെ രചനകൾ ഏറെയും. എന്നാൽ സലിൽ ചൗധരി, രവി ബോംബെ എന്നീ ഉത്തരേന്ത്യൻ സംഗീത സംവിധായകർ ഈണമിട്ടിട്ട് ഒ.എൻ.വി രചിച്ച ഗാനങ്ങളും ആ ഗാനശേഖരത്തിലെ പവിഴമുത്തുകൾ ഒപ്പം ഇളയരാജ ഈണമിട്ടവയും. ഈ സംഗീത സംവിധായകർ ഈണമിട്ട മഞ്ഞൾപ്രസാദവും, ആരെയും ഭാവഗായകനാക്കും, സന്ധ്യേകണ്ണിരീലിതെന്തേ സന്ധ്യേ..., മാനേ വിളി കേൾക്കൂ..., ഓണപ്പൂവേ..., സാഗരങ്ങളേ..., ഇന്ദ്രനീലമായോലും...., കിളിയേ..., വേഴാമ്പൽ കേഴും... തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ സാക്ഷ്യപത്രങ്ങൾ. ഈ  ലെജൻഡുകളുടെ സർഗാത്മകതയിൽ വിരിഞ്ഞ ഗാനകുസുമങ്ങൾ ഇന്നും സംഗീതാരാമത്തിൽ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. യേശുദാസ്, ജാനകി, സുശീല, ചിത്ര എന്നീ ഗായകരുടെ അസാധാരണമായ ആലാപനപാടവം ഖനനം ചെയ്തെടുത്ത സംഗീതസംവിധായകരാണ് ഒ.എൻ.വിയുടെ ഗാനങ്ങളെ സൂപ്പർഹിറ്റുകളാക്കിയത്.
അതെ, സിനിമയിൽ വിഷ്വൽസാണ് ലിറിക്കൽ ക്വാളിറ്റി ഉണ്ടാക്കുന്നതെന്നും സിനിമയെന്ന കവിതയുടെ തേജസ് വർദ്ധിപ്പിക്കാനേ സിനിമയ്ക്കു വേണ്ടി കവിത എഴുതുന്ന ഒരാൾക്ക് കഴിയൂവെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. 2016 ഫെബ്രുവരിയിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒ.എൻ.വിക്ക് മരണമില്ല, ഒപ്പം ആ അനശ്വരഗാനങ്ങൾക്കും.