
മുംബയ് : ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപകർക്ക് അടിയന്തര ആവശ്യങ്ങൾ ഉറപ്പാക്കാൻ ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി ബജറ്റ് സമ്മേളനത്തിൽതന്നെ നിക്ഷേപ ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ നിയമത്തിൽ (ഡി.ഐ.സി.ജി.സി. ആക്ട്) ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നിക്ഷേപത്തിന്മേൽ ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പ്രകാരം ഒരു ലക്ഷം രൂപയായിരുന്നു മുൻപ് നിക്ഷേപകന് തിരിച്ചുകിട്ടുന്ന തുകയായി നിശ്ചയിച്ചിരുന്നത്. എന്നാൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പി.എം.സി. ബാങ്ക്), യെസ് ബാങ്ക് എന്നിവയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ നിക്ഷേപത്തിനുള്ള ഇൻഷുറൻസ് പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഈ തുക ലഭിക്കുന്നതിന് പ്രശ്നം പരിഹരിക്കുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതൊഴിവാക്കി എത്രയും വേഗം ഇൻഷുറൻസ് തുക ലഭ്യമാക്കുന്നതിനാണ് തീരുമാനം. പുറമെ ലക്ഷ്മി വിലാസ് ബാങ്കിലും അടുത്തിടെ റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഇതിൽ പി.എം.സി. ബാങ്കിലെ നിക്ഷേപകർക്ക് ഇതുവരെ ഒരു ലക്ഷം രൂപ വരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഒട്ടേറെ നിക്ഷേപകർക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഡി.ഐ.സി.ജി.സി. നിയമപ്രകാരം ഓരോ നിക്ഷേപത്തിനും അതിന്റെ പലിശയ്ക്കും ചേർന്ന് പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ. കറന്റ്, സേവിങ്സ്, ഫിക്സഡ് നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. ഇതുപ്രകാരം കോടികൾ നിക്ഷേപിച്ചവർക്കും ആകെ തിരിച്ചുകിട്ടുക അഞ്ചു ലക്ഷം രൂപ മാത്രമായിരിക്കും.