
ന്യൂഡൽഹി: ശത്രുരാജ്യങ്ങളിലെ ആകാശപ്പരപ്പിൽ പ്രകമ്പനം കൊളളിക്കാൻ ഇന്ത്യയുടെ സ്വന്തം 'യോദ്ധാവ്' തയ്യാറാകുകയാണ്. ആകാശയുദ്ധ വാഹനങ്ങളുടെ മേഖലയിൽ കോംബാറ്റ് എയർ ടീമിംഗ് സിസ്‌റ്റം(ക്യാറ്റ്‌സ്) എന്ന വിഭാഗത്തിൽ പെടുന്ന ഡ്രോൺ ആയ 'വാരിയർ' അണിയറയിൽ ഒരുങ്ങുകയാണ്. ബംഗളൂരുവിലെ 'എയറോ ഇന്ത്യ' മെഗാ എയർ ഷോയിൽ ഈ ഡ്രോണിന്റെ മാതൃക പ്രദർശിപ്പിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ആണ് ഇവയുടെ നിർമ്മാണം.
സൈന്യത്തിന്റെ യുദ്ധവിമാനമായ തേജസിനൊപ്പം ഉപയോഗിക്കാവുന്നതാണ് ഇവയെ. ഒന്നിലധികം വാരിയർ ഡ്രോണുകളെ തേജസിന്റെ പൈലറ്റുമാർക്ക് നിയന്ത്രിക്കാനാകും. യുദ്ധത്തിൽ ഇവയെ ഉപയോഗിക്കുന്നത് മൂലം വായുസേനയ്‌ക്ക് ജീവനാശം കുറയ്‌ക്കാനും കഴിയും. കരയിലും ആകാശത്തുമുളള ശത്രുക്കളെ തുരത്താൻ ഇവ വൈകാതെ തയ്യാറാകും. മൂന്ന് മുതൽ അഞ്ച് വർഷത്തിനിടെ ഇവയുടെ നിർമ്മാണം പൂർത്തിയായി പൂർണ സജ്ജമാകും. ഇവയുടെ സവിശേഷ രൂപഘടന മൂലം ശത്രുക്കളുടെ റഡാറുകളിൽ പെടാനുളള സാദ്ധ്യത നന്നേ കുറവാണ്.

വായുസേനയ്‌ക്കും നാവികസേനയ്‌ക്കുമാകും ഈ ഡ്രോണുകൾ ആവശ്യം വരിക. ഇവയുടെ വരവോടെ ഇരു സേനയുടെയും യുദ്ധരീതിയിൽ തന്നെ നവീനമായ മാറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
200 കിലോമീറ്റർ അകലെയുളള ലക്ഷ്യത്തിൽ പോലും കൃത്യമായി കൊളളിക്കാവുന്ന ഹണ്ടർ ക്രൂയിസ് മിസൈലുകളും ആൽഫ-എസ് ഡ്രോണും ഇവയ്‌ക്കൊപ്പം വികസിപ്പിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് വായുവിലെ ലക്ഷ്യസ്ഥാനത്ത് ആക്രമിക്കുന്ന മിസൈൽ സംവിധാനങ്ങളെ തകർക്കാൻ കെൽപ്പുളള ഡ്രോണാണ് ആൽഫ-എസ്. എച്ച്എഎല്ലിനൊപ്പം ന്യൂസ്‌പേസ് റിസർച്ച് ആന്റ് ടെക്‌നോളജീസ് എന്ന ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പ് കമ്പനിയുമാണ് ആൽഫ-എസ് നിർമ്മിച്ചിരിക്കുന്നത്. ജാഗ്വാർ യുദ്ധവിമാനത്തിലാകും ആൽഫ-എസ് ഡ്രോണുകൾ ഉൾക്കൊളളിക്കുക. വിമാനത്തിൽ നിന്നും പുറപ്പെടുന്ന ഡ്രോണിന് നൂറ് കിലോമീറ്ററോളം ചുറ്റിപ്പറക്കാൻ ശേഷിയുണ്ട്. ഇങ്ങനെ പറന്ന് ലക്ഷ്യസ്ഥാനം കണ്ടെത്തി കൃത്യമായി ആക്രമിക്കാനും കഴിയും.