
പാലക്കാട് ജില്ലയിലെ ദേവീക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളിൽ മാത്രം ഒതുങ്ങിനിന്ന അനുഷ്ഠാന കലാരൂപമായ തോൽപാവക്കൂത്തിനെ ജനകീയമാക്കിയ കലാകാരൻ ഷൊർണ്ണൂർ കൂനത്തറ രാമചന്ദ്രപുലവർക്ക് ഈ വർഷത്തെ പത്മശ്രീ ബഹുമതി
വള്ളുവനാടൻ പുഴയുടെ തീരപ്രദേശത്തെ കാവുകളിൽ നിലാവിന്റെ നിഴൽവെട്ടത്തിൽ ദേവീക്ഷേത്രങ്ങളുടെ കൂത്തുമാടങ്ങളിൽ തെളിയുന്ന ആചാര അനുഷ്ഠാനമാണ് തോൽപ്പാവക്കൂത്ത്. കമ്പരാമായണത്തിന്റെ ശ്ലോകങ്ങളിൽ ചെന്തമിഴ്, സംസ്കൃതം, മലയാളം എന്നീ സങ്കരഭാഷകൾ കൂടി ചേർന്ന് ശ്രീരാമന്റെ യുദ്ധകാണ്ഡം മുതൽ പട്ടാഭിഷേകം വരെയുള്ള കഥകളും ശ്രീരാമന്റെ ജനനം മുതലുള്ള കഥകളും വാദ്യപ്രമാണങ്ങളുടെ അകമ്പടിയോടെ കൂത്ത് കലാകാരൻമാരുടെ കൈകളിലെ പാവകളിലൂടെ എണ്ണ വിളക്കിന്റെ വെളിച്ചത്തിലൂടെ ചലിപ്പിച്ച് നിഴൽ ചിത്രങ്ങളായി ആസ്വാദകർക്ക് മുന്നിലെത്തുന്നു. തോൽപ്പാവക്കൂത്ത് കലാകാരനെ പുലവർ (പണ്ഡിതൻ) എന്നാണ് വിളിക്കുന്നത്. ചോളരാജാവിന്റെ ആസ്ഥാനകവി ആയിരുന്നു പുലവർ എന്ന് ചരിത്രം പറയുന്നു.
പാലക്കാട് ജില്ലയുടെ ഒട്ടുമുക്കാലും ഭാഗങ്ങളിലെ കാവുകളിലും, തൃശൂർ, മലപ്പുറം ജില്ലകളിലെ ചില ദേവീക്ഷേത്രങ്ങളിലുമാണ് പരമ്പരാഗതമായി തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. സന്താനലബ്ധി, വിവാഹം, ധനസമ്പാദനം, രോഗശമനം എന്നിവക്കെല്ലാം വേണ്ടി ഭക്തർ വഴിപാടായും തോൽപ്പാവക്കൂത്ത് ചെയ്തുവരുന്നു. 85ഓളം ക്ഷേത്രങ്ങളിൽ ജനുവരി മാസം മുതൽ മെയ് മാസം അവസാനംവരെ ഈ കലാരൂപം രാത്രി സമയങ്ങളിൽ കലാകാരൻമാർ അവതരിപ്പിക്കുന്നു. ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ക്ഷേത്രകലയെ ജനകീയമാക്കുന്നതിന് വേണ്ടി ഇറങ്ങിത്തിരിച്ച കലാകാരനാണ് കലാശ്രീ രാമചന്ദ്ര പുലവർ. തപാൽ വകുപ്പിലെ ജോലി ഉപേക്ഷിച്ച് ഈ കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചു. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ വാണിയംകുളം പഞ്ചായത്തിലെ കൂനത്തറയിലെ കേരളത്തിന്റെ തോൽപ്പാവക്കൂത്ത് കുലപതി ആയിരുന്ന കെ. എൽ. കൃഷ്ണൻകുട്ടി പുലവരുടെയും ഗോമതിയുടെയും മകനായ രാമചന്ദ്രപുലവർ നാലുപതിറ്റാണ്ടായി ഈ കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. ആ കലാജീവിതത്തിനുള്ള ആദരവായിരുന്നു അദ്ദേഹത്തിന് ലഭിച്ച പത്മശ്രീ. അച്ഛന് ലഭിക്കാതെ പോയ ആദരവ് മകന് ലഭിച്ചതോടെ ഈ അനുഷ്ഠാന കലാരൂപത്തിന് ഭാരതം നൽകിയ അംഗീകാരമായി കാണുന്നതായി രാമചന്ദ്രപുലവർ പറയുന്നു. ഈ കലയെ ജനകീയമാക്കാൻ രാമചന്ദ്ര പുലവരും അദ്ദേഹത്തിന്റെ കുടുംബവും ഇന്നും കർമ്മനിരതരാണ്. അച്ഛൻ കൃഷ്ണൻകുട്ടി പുലവർ തോൽപ്പാവക്കൂത്തിനെ ജനകീയമാക്കുന്നതിന് വേണ്ടി ഒരുപാട് പ്രയത്നിച്ചിരുന്നു. 1992ൽ പ്രശസ്ത സംവിധായകൻ അരവിന്ദൻ, കൃഷ്ണൻകുട്ടി പുലവരുടെ വീട്ടിൽ വരുകയും അദ്ദേഹം നിർമ്മിച്ച നിരവധി പാവകൾ കാണുകയും അതിൽ നിന്ന് ലങ്കയെ കാത്തുസംരക്ഷിച്ച ലങ്കാലക്ഷ്മിയുടെ പാവ 1992 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ ആയി തിരഞ്ഞെടുക്കുകയുമായിരുന്നു. ഇന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ കൃഷ്ണൻകുട്ടി പുലവരുടെ ലങ്കാലക്ഷ്മിയുടെ പാവയുടെ ചിത്രം തന്നെയാണ്.

കൂത്തുമാടവും ആയപ്പുടവയും
ഭദ്രകാളി ദാരികനെ വധിക്കാൻ പോകുന്ന സമയത്തായിരുന്നു രാമരാവണയുദ്ധം. അതുകൊണ്ട് ഭദ്രകാളിക്ക് രാമരാവണയുദ്ധം കാണാൻ സാധിച്ചില്ല. ഭദ്രകാളി പരമശിവനോട് ഈ വിവരം സൂചിപ്പിച്ചു. അങ്ങനെയാണ് ദേവീക്ഷേത്രങ്ങളിൽ രാമായണകഥ തോൽപ്പാവക്കൂത്തായി അവതരിപ്പിച്ച് തുടങ്ങിയത് എന്നാണ് ഐതിഹ്യം. കമ്പരാമായണത്തിലെ തമിഴ് ഭാഷയിലായിരുന്നു തുടക്കം. പിന്നീട് അത് സംസ്കൃതവും മലയാളവും കലർന്ന രീതിയിൽ പാട്ടും വിവരണവുമായി അവതരിപ്പിച്ചു തുടങ്ങി. രാമരാവണയുദ്ധം മുതൽ പട്ടാഭിഷേകം വരെ ഏഴു ദിവസം കളി, പിന്നീട് പഞ്ചവടി 14 ദിവസം കളി, അങ്ങനെയാണ് ക്ഷേത്രങ്ങളിൽ കളി ചെയ്തുവരുന്നത്. പൂർവികൻമാരായ ലക്ഷ്മണപുലവർ, മുത്തപ്പൻ പുലവർ, ചിന്നതമ്പി അയ്യർ എന്നിവരെല്ലാമാണ് കമ്പരാമായണംതോൽപ്പാവക്കൂത്തിനായി ചിട്ടപ്പെടുത്തിയത്. രാത്രി എട്ടു മണിക്ക് ശേഷം ക്ഷേത്രത്തിലെ കേളിവിളക്കിൽനിന്നും കൊളുത്തിയ വിളക്ക് കൂത്തുമാടത്തിലെ മുൻവശത്തെ ദീപത്തിൽ പകരുന്നതോടെ കളിവിളക്ക് തെളിയും. 42 അടി നീളവും 12 അടി വീതിയും ആറടി ഉയരവും വരുന്ന രീതിയിലാണ് കൂത്തുമാടം തയ്യാറാക്കുന്നത്. കൂത്തുമാടത്തിന് ആയപ്പുടവ കെട്ടി താഴെ മൂന്നടി ഉയരത്തിൽ കറുപ്പ് തുണി കൊണ്ട് മറക്കും. ആയപ്പുടവക്ക് പിന്നിൽ നാളികേരം ഉടച്ച് അതിൽ എണ്ണ പകർന്ന് 21 വിളക്കുകൾ കത്തിക്കും, പിന്നെ തോൽപ്പാവക്കൂത്ത് കലാകാരൻമാർ വിളക്കിന്റെ വെളിച്ചത്തിനനുസൃതമായി ആയപ്പുടവയിൽ നിഴലിലൂടെ കൈകൊണ്ട് പാവകൾ ചലിപ്പിക്കും. 21 ദിവസത്തെ രാമായണം കഥയാണ് പറയുക. ചെണ്ട,ചേങ്ങില, ഇലത്താളം, കുറുംകുഴൽ, മദ്ദളം...എന്നിവയെല്ലാം തോൽപ്പാവക്കൂത്തിന് വാദ്യങ്ങളാകും. ഗണപതി സ്തുതിയോടെയാണ് കൂത്ത് തുടങ്ങുന്നത്.
മുളചീന്തിലെ കഥ പറയുന്ന പാവകൾ
പവിത്രമായ മാൻതോൽ കൊണ്ടാണ് പാവകൾ നിർമ്മിക്കുന്നത്. കേരളത്തിന്റെ പാവകൾ കറുപ്പും വെളുപ്പും കലർന്ന നിറത്തിലാണ്. മാൻതോലിൽ പ്രത്യേക രീതിയിൽ കൊത്തിയാണ് പാവ നിർമ്മാണം. ചന്ദ്രക്കലകൊത്ത്, സൂര്യദേവന്റെ കൊത്ത്, നെൻമണി കൊത്ത്, വാദ്യകൊത്ത്, പക്ഷികൊത്ത്, മൃഗങ്ങളുടെ കൊത്ത്, സിംഹകൊത്ത്, കൊടിമരകൊത്ത്... ഇങ്ങനെയാണ് തോൽപ്പാവക്കൂത്തിനായി പാവകൾ കൊത്തുന്നത്. പ്രത്യേകം തയ്യാറാക്കിയ മുളചീന്തുകളിൽ പാവകൾ കെട്ടി ചലിക്കുന്ന രീതിയിലാണ് രൂപം നൽകുന്നത്.
1978ൽ കേന്ദ്രസംഗീതനാടക അക്കാഡമി ചെയർമാൻ ആയിരുന്ന കമലാദേവി ചതോപാദ്ധ്യായ കൃഷ്ണൻകുട്ടി പുലവരുടെ വീട്ടിൽ വന്ന് കൊല്ലംങ്കോട് പോയി തോൽപ്പാവക്കൂത്ത് കണ്ടിരുന്നു. അങ്ങനെ ഡൽഹിയിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. 1979ൽ റഷ്യയിൽ വെച്ച് നടന്ന അന്തർദേശീയ പാവകളി മഹോത്സവത്തിൽ പങ്കെടുക്കാനായതും വലിയ നേട്ടമായി. ലോകപാവകളി കലാകാരൻ ഒബ്രസോയുടെ പേരിലുള്ള റഷ്യയിലെ തിയറ്റർ ഗ്രൂപ്പ് തോൽപ്പാവക്കൂത്ത് കളിക്കാൻ ക്ഷണിക്കാറുണ്ട്. റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സിംഗപ്പൂർ തുടങ്ങി 42 ഓളം രാജ്യങ്ങളിൽ രാമചന്ദ്രപുലവരുടെ നേതൃത്വത്തിൽ പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. 1968ൽ ഇ.എം. എസിന്റെ ഭരണകാലത്ത് ലോകമലയാളസമ്മേളനത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു. പ്രശസ്ത കൂടിയാട്ട കലാകാരനും കലാഗവേഷകനുമായ വേണുജിയായിരുന്നു അതിന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ കൃഷ്ണൻ കുട്ടി പുലവരുടെ നേതൃത്വത്തിൽ ലേകമലയാളസമ്മേളനത്തിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു. 2002ൽ മഹാത്മാഗാന്ധിയുടെ ജീവചരിത്രമാണ് ഗാന്ധി കൂത്തായി തിരുവനന്തപുരത്തെ ഗാന്ധിപാർക്കിൽ അവതരിപ്പിച്ചത്. 2008 ൽ മിശിഹചരിതം തയ്യാറാക്കിയത് അഭിനന്ദങ്ങൾ സമ്മാനിച്ചു. യേശുദേവന്റെ ജനനം മുതൽ ക്രൂശിതനാവുന്നതുവരെയുള്ള കഥയാണ് 15 എപ്പിസോഡുകളായും ചെയ്തു. നിരവധി ക്രിസ്തീയദേവാലയങ്ങളിൽ ഇത് പ്രദർശിപ്പിച്ചു. അയ്യപ്പചരിതം, മഹാബലിചരിതം, കൃഷ്ണചരിതം, ദുര്യോധനവധം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഇങ്ങനെ നിരവധി വിഷയങ്ങൾ തോൽപ്പാവക്കൂത്തിൽ ആടാനായി രാമചന്ദ്രപുലവർക്കായി. ദേവീക്ഷേത്രങ്ങളിൽ കൂത്തുമാടങ്ങൾ ചൈതന്യവത്തായതുകൊണ്ട് അവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ നടക്കുന്ന പാവക്കൂത്തുകളിൽ സ്ത്രീകൾ പങ്കെടുക്കാറില്ല. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി രാമചന്ദ്രപുലവർ തയ്യാറാക്കിയ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത് മകൾ രജിത ആയിരുന്നു. പൊതുവേദിയിൽ ആയിരുന്നു അവതരണം. ആരോഗ്യ പരിപാലനം, കൊവിഡ് ബോധവത്ക്കരണം, ഇലക്ഷൻ ബോധവത്ക്കരണം തുടങ്ങി നിരവധി വിഷയങ്ങൾ രാമചന്ദ്രപുലവരും കുടുംബവും പാവക്കൂത്തായി സാധാരണ ജനങ്ങൾക്ക് അവതരിപ്പിച്ചു പോരുന്നു.

അച്ഛന്റെ ഓർമ്മയിൽ പപ്പറ്റ് സെന്റർ
2006ലാണ് അച്ഛന്റെ ഓർമ്മയ്ക്കായി രാമചന്ദ്രപുലവർ തന്റെ വീടിനോട് ചേർന്ന് പപ്പറ്റ് സെന്റർ നിർമ്മിക്കുന്നത്. ആരാണ് പാവകളെയൊക്കെ കാണാൻ ഇവിടെ വരുന്നതെന്ന് വീട്ടുകാർക്ക് സംശയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഈ സെന്ററിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദേശികളും ഗവേഷണ വിദ്യാർത്ഥികളും തോൽപ്പാവക്കൂത്തും പാവ നിർമ്മാണം കാണുന്നതിനും മനസിലാക്കുന്നതിനുമായി ഇവിടെ എത്തുന്നുണ്ട്. കൂത്തൻമാരുടെ തറയാണ് കൂന്നത്തറയായത് എന്നാണ് രാമചന്ദ്രപുലവർ പറയുന്നത്. 1983ൽ അച്ഛൻ കൃഷ്ണൻകുട്ടി പുലവർ തോൽപ്പാവക്കൂത്തിന്റെ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 2016ൽ 40 വർഷത്തെ അനുഭവസമ്പത്തിൽ രാമചന്ദ്രപുലവർ തോൽപ്പാവക്കൂത്തിനെ കുറിച്ച് ഒരു ഗ്രന്ഥം ഇറക്കി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ, സീനിയർ ഫെല്ലോഷിപ്പുകൾ, 2009ലെ ദക്ഷിണചിത്രപുരസ്കാരം, 2011ലെ കേരള സംഗീതനാടക അക്കാഡമി കലാശ്രീ പുരസ്കാരം, ഫോക്ലോർ അക്കാഡമി പുരസ്കാരം, 2016ലെ കേന്ദ്രസംഗീതനാടക അക്കാഡമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ രാജലക്ഷ്മി തോൽപ്പാവക്കൂത്തിൽ രാമചന്ദ്രപുലവരോടൊപ്പം പുറം വേദികളിൽ പാടുന്നു. മകൻ രാജീവ് പുലവർ അച്ഛന്റെ പിൻമുറക്കാരനായി മുഴുവൻ സമയവും തോൽപ്പാവക്കൂത്ത് രംഗത്തുണ്ട്. മകൻ രാഹുൽ ഐ.ടി വിദ്യാർത്ഥി ആണെങ്കിലും സമയമുള്ളപ്പോഴെല്ലാം പുലവരോടൊപ്പം കൂടാറുണ്ട്. രാജീവിന്റെ ഭാര്യ അശ്വതി വിവാഹശേഷം തോൽപ്പാവക്കൂത്ത് പഠിച്ച് കലാകാരിയായി മാറി. മകൾ രജിതയും ഈ മേഖലയിൽ സജീവമാണ്.
(ലേഖകന്റെ നമ്പർ: 9847306789)