
തിരുവനന്തപുരം: ലീഗ് വിരുദ്ധ പരാമർശത്തിന്റെ പേരിൽ എൽ ഡി എഫിലും സി പി എമ്മിലും എ വിജയരാഘവനെതിരെയുളള വിമർശനം കൂടുതൽ ശക്തമാവുന്നു. പാർട്ടി ആക്ടിംഗ് സെക്രട്ടറികൂടിയായ വിജയരാഘവന്റെ പ്രസ്താവന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തളളുകയും ചെയ്തു. പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും വിലയിരുത്തിയ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്നും വിജയരാഘവനോട് ആവശ്യപ്പെട്ടു.
വിജയരാഘവന്റെ പ്രസ്താവന വൻ വിവാദമാവുകയും കോൺഗ്രസ് അത് ഏറ്റെടുക്കുകയും ചെയ്തതോടെ അപകടം മണത്താണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ പാർട്ടി തയ്യാറായത്. അനവസരത്തിലുളള ഇത്തരം പ്രസ്താവനകൾ തുടർഭരണം എന്ന പാർട്ടിയുടെ സ്വപ്നം ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നതിന് ഇടയാക്കുമെന്നും പാർട്ടി കേന്ദ്രങ്ങൾ ഭയക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ ആലത്തൂരിൽ രമ്യാഹരിദാസിനെതിരെയുളള വിജയരാഘവന്റെ ചില പ്രസ്താവനകൾ പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു. ഇവിടെ സി പി എം സ്ഥാനാർത്ഥിയുടെ തോൽവിക്ക് പ്രധാന കാരണം വിജയരാഘവന്റെ പ്രസ്താവനയാണെന്നായിരുന്നു പാർട്ടികേന്ദ്രങ്ങളിൽ നിന്നുപോലും ഉയർന്ന വിമർശനം. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് വിവാദങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടത്.
മുസ്ലീം സമുദായം ആദരവോടെ കാണുന്ന പാണക്കാട് കുടുംബത്തിനെതിരായുളള പരാമർശത്തിലൂടെ സി പി എം മുസ്ലീം വിരുദ്ധപാർട്ടിയാണെന്ന വിമർശനമുയരുമെന്നും പാർട്ടി കേന്ദ്രങ്ങൾ ഭയക്കുന്നു. പ്രസ്താവനയിലൂടെ വിജയരാഘവന്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്ന് യു ഡി എഫ് നേരത്തെ വിമർശനമുന്നയിയിച്ചിരുന്നു. എത്രയും പെട്ടെന്ന് വിവാദം അവസാനിപ്പിച്ച് വിവാദത്തിൽ നിന്ന് ജനശ്രദ്ധതിരിക്കാനാണ് സി പി എമ്മിന്റെ ശ്രമം.
അതിനിടെ വിജയരാഘവന്റെ പ്രത്യാവന അനുചിതമാണെന്ന സൂചന നൽകി സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. അങ്ങനെ പറയണമോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എൽ ഡി എഫിലെ മറ്റ് ചില കക്ഷികളും വിജയരാഘവന്റെ പ്രസ്താവനയോടുളള അതൃപ്തി സി പി എമ്മിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.