up-police

ലഖ്നൗ : ഉത്തർപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരിയായ യുവതി. തന്റെ കാണാതായ മകളെ തിരയുന്നതിന് പൊലീസ് ജീപ്പിൽ ഡീസൽ നിറയ്ക്കാൻ 10000 നും 15000 നും ഇടയിൽ തുക പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയതായാണ് യുവതി ആരോപിക്കുന്നത്. ഒരുമാസം മുൻപ് തന്റെ മകളെ ബന്ധു കടത്തിക്കൊണ്ട് പോയതായ് 'ഗുഡിയ' എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി പറയുന്നു.

തിങ്കളാഴ്ച ഊന്നുവടിയുടെ സഹായത്തോടെ കാൺപുർ പൊലീസ് മേധാവിക്കുമുന്നാകെ എത്തിയ യുവതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിനൽകുകയായിരുന്നു. കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രാദേശിക മാദ്ധ്യമങ്ങളോട് സംസാരിച്ച ഇവർ താൻ കഴിഞ്ഞ മാസം കാണാതായ മകളെക്കുറിച്ച് കേസ് ഫയൽ ചെയ്തിരുന്നതായും എന്നാൽ പൊലീസ് തന്നെ സഹായിക്കുന്നില്ലെന്നും ആരോപിച്ചു. ഒപ്പം താൻ വിധവയാണെന്നും തുച്ഛമായ ഭൂമിമാത്രമാണ് കൈവശമുള്ളമുളളളതെന്നും കൂട്ടിച്ചേർത്തു.

പൊലീസ് തന്നെ ആട്ടിയകറ്റുകയും മകളിൽ സ്വഭാവ ദൂഷ്യം ആരോപിക്കുകയും മകളുടെ തെറ്റാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. പൊലീസ് വാഹനത്തിൽ ഡീസൽ നിറച്ചാൽ തങ്ങൾ പോയന്വേഷിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും യുവതി പറയുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കാൻ തയ്യാറായിരുന്നു എന്നും ബന്ധുക്കളിൽ നിന്നായി വാങ്ങിയ തുകയാണ് ഡീസൽ നിറയ്ക്കാൻ നൽകിയതെന്നും അവർ വ്യക്തമാക്കി.

ഗുഡിയയുടെ വാർത്ത വൈറലായതോടെ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി കാൺപൂർ പൊലീസ് ട്വീറ്റ് ചെയ്തു. അതേസസമയം സംഭവത്തിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് കാൺപൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു.