
ചില രാത്രികൾ  അങ്ങനെയാണ്. ഉറക്കം വരികയേയില്ല. വായിച്ച പുസ്തകങ്ങളിലെ വരികളോ ഈവ്നിംഗ് ന്യൂസിൽ ടെലിവിഷൻ കാണിച്ച വിഹ്വലദൃശ്യങ്ങളോ വന്ന് കൺമുന്നിൽ നടനമാടും. ബ്രോം സ്റ്റോക്കറെയോ അഗതാ ക്രിസ്റ്റിയേയോ ആർതർ കൊനാൻ ഡോയ്ലിനേയോ നീലകണ്ഠൻ പരമാരയേയോ ഒക്കെ വായിച്ചിട്ട് കാലമേറെയായി. എങ്കിലും വർഷങ്ങൾക്കു മുന്നേയുള്ള ആ വായനാബിംബങ്ങളാകെ പഴയ കൽക്കരിത്തീവണ്ടിയിലെ പുക പിടിച്ച കമ്പാർട്ടുമെന്റുകൾ പോലെ മനസ്സിന്റെ പാളങ്ങളിലൂടെ കൂകിയാർത്തിരച്ച് കടന്നുപോകും. ഞെട്ടിയുണരും. ലൈറ്റുകളണച്ച് ആ രാത്രി ഞാൻ കിടക്കയിലേക്ക് മലർന്നതായിരുന്നു. എങ്കിലും മുറിക്കകത്ത് നൂറ്റിപ്പത്തു വാട്ട് പ്രകാശം കത്തി നിൽക്കുന്നതുപോലെ. കറുപ്പും ചുവപ്പും മഞ്ഞയും ഇടകലർന്ന ദൃശ്യരാജി.കണ്ണടച്ച് തിരിഞ്ഞു കിടന്നു, കുറേ നേരം. എപ്പോഴോ മയക്കത്തിലേക്കു വഴുതിയോ? തൊണ്ട വരണ്ട്, തീക്കിടക്കയിൽ നിന്ന് ചാടിയെഴുന്നേൽക്കുകയായിരുന്നു. പതിയെ ഹാളിലേയ്ക്കു നടന്നു. ഡൈനിംഗ് ടേബിളിൽ വെള്ളം നിറച്ച കൂജയുണ്ട്. അതെടുക്കാനായി ലൈറ്റിട്ടു. പ്രകാശം മുറിയിലാകെ. ദൂരെ  സോഫാ സെറ്റിയിൽ എന്തോ ഒരനക്കം! തിളങ്ങുന്ന രണ്ട് കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു. കയ്യിലെ കൂജ നിലത്തുവീണ് ഭീകരശബ്ദമുണ്ടാക്കി. സെറ്റിയിൽ നിന്ന് കറുത്ത ഒരു രൂപം ചാടിയിറങ്ങി, വീണ്ടുമെന്നെ തുറിച്ചു നോക്കി. കാഴ്ച മങ്ങിത്തുടങ്ങിയ ആ അബോധവേളയിലും, ഞാൻ കണ്ടു, തുറന്നിട്ട ജാലകം വഴി പെരുംവാലിളക്കി ചാടിക്കടന്നു പോകുന്ന കറുത്ത ആ രൂപം. അതൊന്നുകൂടി തിരിഞ്ഞു നോക്കി: തീക്കുണ്ഠം പോലെ തിളങ്ങുന്ന കണ്ണുകൾ!
രണ്ട്
പിറ്റേന്നും നല്ല  പനിയായിരുന്നു. ഫ്ളാറ്റിലെ കെയർടേക്കർ രാജപ്പണ്ണൻ ചൂടുകഞ്ഞി വാങ്ങിക്കൊണ്ടുവന്നു: ''ഒറ്റയ്ക്കുള്ള താമസം സാറിനിയെങ്കിലും അവസാനിപ്പിക്കണം. അതുപോലെ രാത്രി വൈകിയുള്ള ഈ എഴുത്തും വായനയും നിർത്തേണ്ട സമയവും കഴിഞ്ഞു."" എന്നിട്ട് രാജപ്പണ്ണൻ എന്നെ ജനലരികിലേക്കു കൂട്ടിക്കൊണ്ടുപോയി. താഴെ ദേവപ്പ സാറിന്റെ മതിലിനു മുകളിൽ, വെയിൽ കായുന്ന കറുത്ത വലിയ പൂച്ചയെ ചൂണ്ടിക്കാണിച്ചു : ''ഇവളാണോ ഇന്നലെ പേടിപ്പിച്ചത്?""
മതിലിലിരുന്ന് കറുത്ത പൂച്ച എന്നെ തുറിച്ചു നോക്കി. അപ്പോഴേക്കും അതിനരികിലേക്ക് മ്യാവൂ എന്ന കരച്ചിലുമായി മറ്റു പൂച്ചകളുമെത്തി... ''രാത്രീല് ജനലുകളൊക്കെ സാർ അടച്ചേക്ക് - ഈ കള്ളിപ്പൂച്ചകൾക്ക് ഒരു റോന്തു ചുറ്റലുണ്ട് രാത്രീല് -""
അന്നു മുതൽ രാത്രികൾ മാത്രമല്ല പകലുകളും എന്റെ ജാലകങ്ങൾ അടഞ്ഞു കിടന്നു.

മൂന്ന്
വീട്ടിലെ  ഓമനയായി പൂച്ചകളെ വളർത്തുന്ന എത്രയോ പേർ...! അവർക്കാർക്കുമില്ലാത്ത പൂച്ചപ്പേടി ഇപ്പോഴും എന്റെ ശരീരത്തിൽ ജ്വരബാധയായി കത്തിപ്പടരുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന്റെ വീട് നിറയെ പൂച്ചകളാണ്... ഓരോന്നിനും ഓരോ പേരിട്ട് വിളിക്കാറുണ്ട് പപ്പേട്ടൻ. ഈയടുത്ത കാലത്ത് അദ്ദേഹം എഴുതിയ കഥകളിലും പ്രധാന കഥാപാത്രങ്ങൾ പൂച്ചകളായിരുന്നു. ഒ.വി. വിജയന്റെ പൂച്ചഭ്രമവും പ്രശസ്തമാണ്. 'പുസി" എന്ന പ്രിയപ്പെട്ട പൂച്ച വിട പറഞ്ഞപ്പോൾ ചരമശുശ്രൂഷകൾ വരെ ചെയ്തു അദ്ദേഹം!
മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ അവസാനകാല ഏകാന്തജീവിതത്തെ മുൻനിർത്തി വർഷങ്ങൾക്കുമുമ്പ് ഞാനെഴുതിയ 'സരോജം വന്നു" എന്ന എന്റെ ഇഷ്ടകഥയിലും തള്ളപ്പൂച്ചയും കുഞ്ഞുങ്ങളുമുണ്ട്. ഏറ്റവുമൊടുവിലെ എന്റെ പൂച്ചക്കഥ ടെലിവിഷൻ അവതാരകയും ന്യൂസ് റീഡറുമായ രശ്മി മാക്സിമിന്റെ പൂച്ചയെക്കുറിച്ചാണ്. രാജകീയമായി ഫ്ളാറ്റിൽ വളർത്തുന്ന പൂച്ചയ്ക്ക് വളരെ ശ്രമപ്പെട്ട് ഇണയെ കൊണ്ടു വന്നതും അവ തമ്മിൽ ഇണങ്ങാതെ തന്റെയും കുടുംബത്തിന്റേയും ഉറക്കം നഷ്ടപ്പെട്ടതും രശ്മി ഒരിക്കൽ പറഞ്ഞിരുന്നു. ആ സംഭവത്തിൽ നിന്നാണ് 'ന്യൂസ് റീഡറും പൂച്ചയും"എന്ന പുതിയ കഥയും ഡി.സി. ബുക്സിലൂടെ അതേ പേരിലുള്ള എന്റെ ഏറ്റവും പുതിയ പുസ്തകവും പിറന്നത്. പൂച്ചകളുടെ കഥകൾ വായിക്കാനും എഴുതാനും ഇഷ്ടമാണെങ്കിലും, അവയെ ജീവിതത്തോടു ചേർത്തു നിർത്താൻ ഒരിക്കലും എനിക്കാവില്ല. കടലാസുപുലിയെന്നൊക്കെ പറയുംപോലെ കടലാസുപൂച്ചയെ മാത്രം സഹിക്കാം, അതിനപ്പുറം ചിന്തിക്കുക കൂടി വയ്യ. ഏട്ടിലെ പൂച്ചയെപ്പോലെ റാമ്പിലെ പൂച്ചകളേയും കാണാൻ നല്ല കൗതുകമാണ്! 'ക്യാറ്റ് വാക്ക്" കാണാൻ വേണ്ടി ഫാഷൻ ടി.വി.യിലേക്കു പോകാനും എനിക്കിഷ്ടം തന്നെ. അന്നനട പോലെ പൂച്ചനടയും എന്തുമാത്രം ആഹ്ലാദകരമാണ്. വർഷങ്ങൾക്കു മുമ്പ് ഒരു ഗൾഫ് ടെലിവിഷൻ ചാനലിനായി ഞാൻ ഒരുക്കിയ ഫിലിം എന്റർടൈനറിന്റെ പേര് 'മ്യാവൂ മ്യാവൂ" എന്നായിരുന്നു. സിനിമാഗോസിപ്പുകളെ ആധാരമാക്കി, പ്രശസ്ത മൈം  കലാകാരൻ കൂടിയായ അഡ്വ. ഗിരീഷ് അവതരിപ്പിച്ച ആ പരിപാടിക്ക് ആ പേരു നൽകിയതുതന്നെ, പാത്തും പതുങ്ങിയുമിരുന്ന് കാര്യങ്ങളിലേക്കു ചാടി വീഴുകയും, കണ്ണടച്ച്  പാലുകുടിക്കുകയും ചെയ്യുന്ന 'ക്യാറ്റ് ഹാബിറ്റി"നെ മുൻനിർത്തിയായിരുന്നു.
നാല്
ഇവിധം പല കാര്യങ്ങളോർത്ത് ഇപ്പോൾ ജാലക ഓരത്ത് നിൽക്കുകയാണ് ഞാൻ. അടഞ്ഞു കിടക്കുന്ന ചില്ലുകവാടത്തിനപ്പുറം, പടിഞ്ഞാറൻ മാനം ചുവന്നു തുടുക്കുന്നത് എനിക്കു കാണാം.... എതിർ വശത്തെ ദേവപ്പസാറിന്റെ മതിലിലേക്ക് ചാടിക്കയറി വന്ന് ആ കറുത്ത പൂച്ച എന്നെ തുറിച്ചു നോക്കുന്നു. പൂച്ചപ്പേടി പടർന്ന കൈകളാൽ ഞാൻ ജാലകത്തിരശീല വലിച്ചിടുന്നു. സന്ധ്യാകാശം എന്നിൽ നിന്ന് എങ്ങോ മറഞ്ഞുപോയി...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyanur@gmail.com )