p-k-firos

കോഴിക്കോട് : കത്വ-ഉന്നാവോ പീഡന ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനായി യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. കെ. ഫിറോസടക്കമുളള നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലം രംഗത്തെത്തി. സമാഹരിച്ച നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയിലാണ് തിരിമറിനടത്തിയതെന്നും ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് ഹൈദരലി തങ്ങളുടെ മകനെ പാര്‍ട്ടിക്കുള്ളില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചതായും യൂസഫ് ആരോപിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യൂസഫ് ഗുരുതര ആരോപണം ഉന്നയിച്ചത്.

നിരവധി തവണ യൂത്ത് ലീഗിലും മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളെയും വിഷയം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് യൂസഫ് പറയുന്നത്. ഈ അഴിമതിയില്‍ നടപടിയുണ്ടാകാത്തതുകൊണ്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചത്. അഴിമതികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഹൈദരലി തങ്ങളുടെ മകനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടക്കുകയാണെന്നും തട്ടിപ്പുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്നും യൂസഫ് പറഞ്ഞു.