police

തിരുവനന്തപുരം: ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാ‌ഡമി.സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ബ്രെസ്റ്റ് കാൻസർ, കൊച്ചുകുട്ടികളിലുൾപ്പെടെ വ്യാപകമായ ബ്ളഡ് കാൻസർ, ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനായി നായ്ക്കളെ പരിശീലിപ്പിക്കാൻ തൃശൂർ പൊലീസ് അക്കാഡ‌മിയിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കൾക്ക് രോഗനിർണയം സംബന്ധിച്ച പരിശീലനം നൽകും.

അമേരിക്ക, ഇംഗ്ളണ്ട്, ഫ്രാൻസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്. കൊവിഡ് കാലത്ത് വിമാനത്താവളങ്ങളിലും മറ്റും രോഗബാധിതരായ യാത്രക്കാരെ കണ്ടെത്താൻ യു.എ.ഇയിലും അമേരിക്ക, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു. ഏറെക്കാലമായി കാൻസ‌ർ ഉൾപ്പെടെയുള്ള രോഗങ്ങൾ പണച്ചെലവില്ലാതെ കണ്ടെത്താനായി നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യത പൊലീസ് അക്കാഡമിയിൽ പരിശീലകരുടെയും ചുമതലക്കാരുടെയും ആലോചനയിലുണ്ടെങ്കിലും കൊവിഡ് വന്നതോടെയാണ് രോഗനിയന്ത്രണത്തിന് നായ്ക്കളുടെ സേവനം ആവശ്യമാണെന്ന തോന്നൽ ശക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അനുമതി തേടി കത്തയച്ചത്. എന്നാൽ, കത്തിൽ ഇതുവരെയും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

വിയർപ്പിന്റെ ഗന്ധം തിരിച്ചറിയും

കാൻസർ രോഗികളുടെയും കൊവിഡ് രോഗികളുടെയും വിയർപ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്. ബ്രെസ്റ്റ് കാൻസർ ഉള്ള സ്ത്രീകളുടെ ബ്രേസിയറുകളിലെ വിയ‌പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളിൽ നിന്നുള്ള വിയർപ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കൾക്ക് രോഗമുള്ളവരുടെ ഗന്ധം വേർതിരിച്ചറിയാനുള്ള പരിശീലനമാണ് നൽകുന്നത്. വിയ‌ർപ്പ് ഗന്ധത്തിലൂടെയാണ് കൊവിഡ് രോഗികളുടെ തിരിച്ചറിയൽ പരിശീലനവും ഉദ്ദേശിക്കുന്നതെങ്കിലും സ്രവങ്ങൾ മണത്തും രോഗമുള്ളവരെ കണ്ടെത്താമെന്ന അഭിപ്രായവും പരിശീലനത്തിനായി പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണമുണ്ടെങ്കിലേ രോഗികളുടെ വസ്ത്രങ്ങളും മറ്റും പരിശീലന ആവശ്യത്തിനായി ലഭ്യമാകൂ. ഇക്കാര്യങ്ങൾ സ‌ർക്കാർ തലത്തിലാണ് ഉറപ്പാക്കേണ്ടത്.

ആൾക്കൂട്ടത്തിനിടയിലും കണ്ടെത്താം

പരിശീലനം ലഭിച്ച നായ്ക്കൾക്ക് എത്ര ആൾക്കൂട്ടത്തിനിടയിലും കൊവിഡ് ബാധിതരെയും മറ്റും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് യു.എ.ഇയിലും മറ്റും കൊവിഡ് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനകൾ തെളിയിച്ചിരിക്കുന്നത്. രോഗികളുടെ വിയർപ്പ് ഗന്ധത്തിൽ നിന്ന് നായ്ക്കൾ ഇവരെ തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പഠനങ്ങൾക്ക് പുറമേ പ്രായോഗിക പരീക്ഷണം കൂടി പൂർത്തിയാക്കിയാണ് മണം പിടിക്കുന്ന നായ്ക്കളെ കൊവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനും വിദേശങ്ങളിൽ മുമ്പ് നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. രോഗികളുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തന തകരാറും രോഗത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വിയർപ്പ് ഗന്ധത്തിലൂടെ നായ്ക്കൾക്ക് വിവേചിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ. ഘ്രാണശക്തിയിലും കൂർമ്മ ബുദ്ധിയിലും അഗ്രഗണ്യരായ ഡോബർമാൻ, ബീഗിൾ നായ്ക്കളെയാണ് പൊലീസ് അക്കാഡമിയിൽ പരിശീലനത്തിനായി പരിഗണിക്കുന്നത്.