
കോട്ടയം: കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ തമിഴ്നാട്ടിലെ കമ്പത്ത് പിടിച്ചെടുത്ത കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്. മലയാളി ഉൾപ്പെട്ട ആറംഗസംഘത്തിന്റെ മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകൾ നിരീക്ഷിച്ചാണ് അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അന്വേഷണ സംഘം അതീവരഹസ്യമായി കോയമ്പത്തൂരിൽ നോട്ട് അടിക്കുന്ന കേന്ദ്രത്തിലെത്തി റെയ്ഡുകൾ ആരംഭിച്ചു.
കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൻ സംഘം മദ്ധ്യപ്രദേശ്, ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ വൻതോതിൽ കള്ളനോട്ട് വിതരണം ചെയ്തതായിട്ടാണ് പൊലീസിന് ലഭിക്കുന്ന വിവരം. 100, 500 നോട്ടുകളാണ് കോയമ്പത്തൂരിൽ അടിക്കുന്നതെന്നാണ് വിവരം.കുമളി സ്വദേശി സെബാസ്റ്റ്യൻ (42), ചിന്നമന്നൂർ സ്വദേശി മഹാരാജൻ (32), കോയമ്പത്തൂർ സ്വദേശി ചുരുളി (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരെ കഴിഞ്ഞ 24നാണ് കമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ മുകൾഭാഗത്ത് രഹസ്യ അറ നിർമ്മിച്ചാണ് കള്ളനോട്ടുകൾ കടത്തിയിരുന്നത്. പിടിയിലായത് അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ ഏജന്റുമാരാണെന്നാണ് കമ്പം പൊലീസ് വ്യക്തമാക്കുന്നത്. നോട്ട് അടിക്കുന്നത് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘമാണ്.
കഴിഞ്ഞദിവസം ചില സൂചനകളെ തുടർന്ന് തമിഴ്നാട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, കള്ളനോട്ടുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ കേന്ദ്രങ്ങളിലുളളവർക്ക് കള്ളനോട്ട് വിതരണവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ പൊലീസ് നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.
ഇടുക്കി നാർക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കമ്പം ചെക്ക് പോസ്റ്റിൽ സംഘത്തെ പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽനിന്ന് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകളും രണ്ട് പേർ സഞ്ചരിച്ച ബൈക്കുകളിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമാണ് പിടിച്ചെടുത്തത്. സംഘം ഒരു മാസം മുമ്പ് അഞ്ചുലക്ഷം രൂപയുടെ വ്യാജകറൻസികൾ കേരളത്തിലേക്ക് കടത്തിയിരുന്നതായി അറിവായിട്ടുണ്ട്. ഇത് കൈപ്പറ്റിയവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ നല്കിയാൽ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ നല്കുകയാണ് ഇവരുടെ രീതി.