
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേരളം ഉൾപ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ആദ്യഘട്ടത്തിൽ വാക്‌സിൻ രാജ്യം മുഴുവനും കേന്ദ്രസർക്കാർ സൗജന്യമായി നൽകുമെന്ന് അശ്വിനി കുമാർ വ്യക്തമാക്കി. രാജ്യസഭയിൽ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന കൊവിഡ് വാക്‌സിൻ സൗജന്യമായിട്ടായിരിക്കുമെന്നും, ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.