
കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി. പണിമുടക്കു ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും നിര്‍ദേശിച്ചു. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി. ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കുകയും സ്വീകരിച്ച നടപടി കോടതിയെ അറിയിക്കുകയും വേണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.