
കേരളത്തിന് ₹40,000 കോടി കടമെടുക്കാം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്‌പാപരിധി ജി.ഡി.പിയുടെ മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കണമെന്ന ധനകാര്യ കമ്മിഷന്റെ ശുപാർശ കേന്ദ്രം അഗീകരിച്ചതിനാൽ, കേരളത്തിന് നടപ്പുവർഷം 9,000 കോടി രൂപ അധിക വായ്‌പയെടുക്കാം. ഉപാധികളോടെ അരശതമാനം കൂടി വായ്‌പയെടുക്കാനുള്ള അനുമതിയും കേരളത്തിനുണ്ട്. ഇതോടെ, കേരളത്തിന്റെ മൊത്തം വായ്‌പാ പരിധി 40,000 കോടി രൂപയായി ഉയരും.
27,000 കോടി രൂപയായിരുന്നു നേരത്തേ പരിധി. അടുത്ത സാമ്പത്തികവർഷത്തേക്കാണ് നാല് ശതമാനം വായ്പാ പരിധി ബാധകം. തൊട്ടടുത്ത വർഷം ഇത് മൂന്നര ശതമാനമാകും. തുടർന്നുള്ള വർഷങ്ങളിൽ മൂന്നു ശതമാനത്തിൽ തിരിച്ചെത്തും.
കൊവിഡിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിന് ആശ്വാസമേകുന്നതാണ് കേന്ദ്രതീരുമാനം. ജീവനക്കാരുടെ ഡി.എ കുടിശിക, ലീവ് സറണ്ടർ, കൊവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം തുടങ്ങി നിരവധി ബാദ്ധ്യതകളുള്ള സംസ്ഥാനം പണം നൽകുന്നത് നീട്ടുകയോ ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുകയോ ചെയ്ത് തത്കാലം രക്ഷപ്പെടുകയാണ് ചെയ്തത്.