
വില്ലനായി എത്തി ഹാസ്യതാരമായി മലയാളിയുടെ മനസ് കീഴടക്കിയ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് 11 വർഷം തികയുകയാണ്. കൊച്ചിൻ ഹനീഫയെ ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അദേഹത്തിന്റെ നർമ്മം കലർന്ന സംസാരവും മുഖഭാവവും ആയിരിക്കും. അഭിനയത്തിൽ തന്റേതായ ശൈലി പിൻതുടർന്ന കൊച്ചിൻഹനീഫയെ ചലച്ചിത്ര ലോകത്തേക്ക് എത്തിച്ചത് ചെറുപ്രായത്തിലേ മനസിൽ കൂടുകൂട്ടിയ സിനിമാ മോഹമാണ്. തെന്നിന്ത്യൻ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരം 2010 ഫെബ്രുവരി രണ്ടിനാണ് കരൾ രോഗത്തെത്തുടർന്ന് വിടപറഞ്ഞത്.
കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു കൊച്ചിൻ ഹനീഫ സിനിമ ലോകത്തിലേക്കെത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള വേഷപ്പകർച്ചയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തേയും മികച്ചൊരു നടനെയായിരുന്നു. അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തിലും കഴിവ് തെളിയിച്ചയാളായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് ഹനീഫയാണ്. 
തമിഴ് സിനിമയിലെ പ്രഗത്ഭരുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇത് കൊച്ചിൻഹനീഫയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ശിവാജിഗണേശൻ, കമലാഹാസൻ എന്നിവരുമായി വളരെ അടുത്തബന്ധം നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.  ദിലീപ് ചിത്രമായ ബോഡിഗാർഡായിരുന്നു കൊച്ചിൻ ഹനീഫയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മാന്നാർ മത്തായി സ്പീക്കിംഗ്, പഞ്ചാബി ഹൗസ്, അനിയത്തിപ്രാവ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരൻ,കസ്തൂരിമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ സിനിമാതാരം കൊച്ചിൻ ഹനീഫയായി തന്നെ എത്തി. കടത്തനാടൻ അമ്പാടി, പുതിയ കരുക്കൾ, ലാൽ അമേരിക്കയിൽ, ഇണക്കിളി തുടങ്ങി പതിനാറ് സിനിമകളുടെ തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. ഇതിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2001ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 
സംവിധാനം നിർവഹിച്ച ചിത്രങ്ങൾ (മലയാളം)
തമിഴ്