protest

ന്യൂഡൽഹി: പൊലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. പൊലീസ് കസ്റ്റഡിയിലുളള 122 പേരെ വിട്ടയക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കർഷക നേതാക്കൾ ആരോപിച്ചു.

അറുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്ന കർഷക സമരത്തെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സാദ്ധ്യതകളും തേടുമ്പോൾ ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. കർഷകസംഘടനകൾ ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് സമരം.

അതിനിടെ സമരത്തെ ദുർബലപ്പെടുത്താനുളള നീക്കങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഡൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ട്രെയിനുകളിൽ കൂടുതൽ കർഷകരെത്താനുളള സാദ്ധ്യത മുന്നിൽക്കണ്ടാണ് നിയന്ത്രണം. യുപിയിൽ നിന്നുവരുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കർഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്ന് പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിറുത്തിവയ്ക്കേണ്ടിവന്നു. കർഷക സമരം മാത്രം വിഷയമാക്കി ബഡ്ജറ്റ് സമ്മേളനത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം.