
മുംബയ് : പോളിയോ വാക്സിന് പകരം സാനിറ്റൈസർ കൊടുത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച യവാത്മാൽ ജില്ലയിലെ ഒരു ഭംബോറ എന്ന ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം.എല്ലാവരും അഞ്ച് വയസിൽ താഴെ പ്രായമുള്ളവരാണ്. കുട്ടികളുടെ നില തൃപ്തികരമാണെന്നും അവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകരെ സസ്പെൻഡ് ചെയ്തു.
ഭംബോറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉച്ചയ്ക്ക് രണ്ടിന് എത്തിയ കുട്ടികൾക്കാണ്
പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസർ നൽകിയത്. ഇതിൽ ചില കുട്ടികൾ ഛർദ്ദിക്കുകയും അസ്വസ്തതകൾ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ആരോഗ്യപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പോളിയോ തുള്ളിമരുന്ന് കൃത്യമായി ലേബൽ ചെയ്തിട്ടുള്ളതിനാൽ ഇങ്ങനൊരു അബദ്ധം സംഭവിക്കാൻ സാദ്ധ്യതയില്ലെന്നും അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.