
കോട്ടയം: പാതിരാത്രിയ്ക്ക് ചിക്കൻഫ്രൈ നല്കാതിരുന്നതിന്റെ ദേഷ്യത്തിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ട ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ആക്രമിച്ചശേഷം മേശവിരിപ്പിൽ നിന്നും പണവുമായി കടന്നു. കുപ്രസിദ്ധ ഗുണ്ട ജംപർ ക്രിസ്റ്റി (26)യാണ് കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ ഏറ്റുമാനൂർ സെൻട്രൽ ജംഗഷനിലെ താരാ ഹോട്ടലിലെത്തി അക്രമം കാട്ടിയത്. ഹോട്ടൽ ഉടമ രാജു ജോസഫ്, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട അടച്ച ശേഷം ചിക്കൻഫ്രൈ ചോദിച്ചുകൊണ്ടാണ് അമ്മഞ്ചേരി നാൽപാത്തിമല സ്വദേശി ക്രിസ്റ്റി എത്തിയത്. ഹോട്ടൽ അടിച്ചുവാരി കഴുകിക്കൊണ്ടിരിക്കയായിരുന്നു ജീവനക്കാർ. കടയിൽകയറിവന്ന ക്രിസ്റ്റി ചിക്കൻഫ്രൈ ഉണ്ടാക്കി തരണമെന്ന് പറഞ്ഞ് വാശിപ്പിടിച്ചു. ചിക്കൻഫ്രൈ ഇല്ലായെന്ന് പറഞ്ഞതോടെ ശരീരത്തിൽ ഒളിപ്പിച്ചുവച്ച വടിവാൾ എടുത്ത് വീശി. ഇതോടെ മിക്ക ജീവനക്കാരും പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു. അതോടെയാണ് ഹോട്ടൽ ഉടമക്ക് നേരെ തിരിഞ്ഞത്. മർദ്ദിച്ചശേഷം ഹോട്ടലിലെ വെട്ടുകത്തി എടുത്ത് വെട്ടിക്കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം മേശവലിപ്പിൽ നിന്ന് പണവും എടുത്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പട്ടിത്താനത്ത് എക്സൈസിനെ ആക്രമിച്ച കെസിലെ പ്രതിയാണ് ക്രിസ്റ്റിയെന്ന് പൊലീസ് വ്യക്തമാക്കി. ഏറ്റുമാനൂർ പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് കടയടച്ച് പ്രതിഷേധം നടത്തി.