
തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമടക്കം മുൻനിര നായികപദവിയിൽ 15 വർഷമായി തമന്നയുണ്ട്. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം അഭിനയജീവിതത്തിൽ തമന്നയ്ക്ക് നൽകിയ മൈലേജും ചെറുതല്ല. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് വരാൻ താരത്തിന് കഴിഞ്ഞിട്ടല്ല. അവസരങ്ങൾ നിരവധി തേടിയെത്തിയതാണെങ്കിലും തിരക്ക് കാരണം പലതും നിരസിക്കേണ്ടിവന്നുവെന്ന് തമന്ന പറയുന്നു.
എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇന്നുംതനിക്ക് ഏറെ വിഷമമുള്ളതും കമ്മാരസംഭവം എന്ന ദിലീപ് ചിത്രം നിരസിക്കേണ്ടി വന്നതിലാണെന്ന് നടി വെളിപ്പെടുത്തി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യം വ്യക്തമാക്കുന്നത്.
'ചില മലയാള സിനിമകളിൽ അഭിനയിക്കാൻ ഓഫറുകൾ വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണത്താൽ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടിവന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് ഹീറോയായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ ചിത്രം നിരസിക്കേണ്ടിവന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു. കൊവിഡ് 19 മഹാമാരി വരുന്നതിനുമുൻപായി സന്ധ്യാമോഹൻ സംവിധാനം നിർവഹിക്കുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്ടാക്ട് ചെയ്യുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക് ഡൗൺ പ്രഖ്യാപനം ഉണ്ടായത്. അതോടുകൂടി എല്ലാം താറുമാറായി. 
നല്ല കഥ, കഥാപാത്രം, സംവിധായകൻ എന്നിവ ഒത്തുവന്നാൽ മലയാളത്തിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ഇപ്പോഴത്തെ പ്രഗൽഭ നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി, പുതിയ തലമുറയിലെ ഹീറോകളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ, നിവിൻ പോളി തുടങ്ങിയവരുടെ കൂടെയൊക്കെ വർക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. നല്ല അവസരം വരാൻ കാത്തിരിക്കുകയാണ് ഞാൻ.'
അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവിസിൽ വായിക്കാം.