
''നാലു വർഷമായി സിനിമയിലില്ല. മലയാളി പ്രേക്ഷകർ പോലും എന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു ജീത്തു സാറിന്റെ ആ വിളി എത്തിയത്. ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ദൈവം എന്ന ശക്തിയിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ. അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും. സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം."" കഴിഞ്ഞ കുറച്ചു വർഷങ്ങളായി അൻസിബ ഹസനെ ലൈം ലൈറ്റിൽ കാണാനില്ല. മലയാള സിനിമയോടൊപ്പം അൻസിബ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് പതിറ്റാണ്ടാവുന്നു. അനവധി കഥാപാത്രങ്ങളായി അൻസിബ വേഷപ്പകർച്ച നടത്തിയിട്ടുണ്ടെങ്കിലും ദൃശ്യത്തിലെ അഞ്ചു ജോർജാണ് അൻസിബയെ അടയാളപ്പെടുത്തുന്നത്.
2013 ൽ സൂപ്പർഹിറ്റായ ആ ക്രൈം ത്രില്ലർ,ഫാമിലി ഡ്രാമയുടെ കേന്ദ്രബിന്ദു അൻസിബ പകർന്നാടിയ കഥാപാത്രമാണ്. മലയാളികൾ രണ്ടാം ഭാഗം വരണമെന്ന് ഏറെ ആഗ്രഹിച്ച സിനിമ. കഴിഞ്ഞ ഏഴു വർഷം ദൃശ്യത്തിലെ ഓരോ സീനുകൾ പോലും ആഘോഷിക്കപ്പെട്ടിരുന്നു മലയാളി പ്രേക്ഷരുടെ ഇടയിൽ. ഇന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ അഞ്ജു കൗമാരക്കാരിയിൽ നിന്ന് യുവതിയായി മാറിയിരിക്കുന്നു. 2020ൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ സന്തോഷം ദൃശ്യം 2 ആണെന്ന് അൻസിബ പറഞ്ഞു.
ദൃശ്യം  എന്റെ  ഭാഗ്യ ചിത്രം
എന്നെ മലയാളികൾ ഇപ്പോഴും ഓർക്കുന്നത് ദൃശ്യത്തിലെ അഞ്ജുവായിട്ടാണ്. സിനിമ കരിയറിൽ ബ്രേക്ക് തന്ന ചിത്രം. ദൃശ്യം ഒരു കുടുംബമായിട്ടാണ് തോന്നിയിട്ടുള്ളത്. ആ വീടും ,ലാലേട്ടനും മീന ചേച്ചിയും എസ്തറും ജീത്തു സാറും ഫാമിലി പോലെയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേക്ക് ഓഡിഷൻ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. ഒരുപാട്പേർ പങ്കെടുത്ത ഓഡിഷനിൽ ഞാൻ പങ്കെടുക്കുമ്പോൾ അതിലേക്ക് തിരഞ്ഞെടുക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഓഡിഷൻ കഴിഞ്ഞ് അവിടുന്ന് ഓടാൻ നിൽക്കുമ്പോഴായിരുന്നു ജീത്തു സാർ എന്നോട് പറയുന്നത്. 'അളവ് കൊടുത്തിട്ട് പോടോ,അടുത്ത ദിവസം ഷൂട്ട് തുടങ്ങുകയാണെന്ന്"അതെന്നെ ശരിക്കും ഞെട്ടിച്ചു.അതേ ഞെട്ടൽ ദൃശ്യം 2 ഉണ്ടെന്ന് പറയുമ്പോഴും ഉണ്ടായിരുന്നു. ദൃശ്യം ഇറങ്ങിയ വർഷം മുതൽ രണ്ടാം ഭാഗം ഉണ്ടെന്നതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ജീത്തു സാറിനോട് അന്ന് മുതലേ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു രണ്ടാം ഭാഗം വരുമോയെന്ന്. ഞാനും കാത്തിരിക്കുകയായിരുന്നു.ഷൂട്ട് തുടങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് ജീത്തു സാർ വിളിച്ചു പറയുന്നത്. കഴിഞ്ഞവർഷം ഏറ്റവും സന്തോഷ തോന്നിയ നിമിഷമായിരുന്നു അത്.
അഞ്ജു ഇപ്പോൾ പി .ജിക്കാരി
പ്ലസ് ടു വിൽ പഠിച്ചിരുന്ന അഞ്ജു ഇപ്പോൾ പി.ജി.ക്കാരിയായി. ദൃശ്യം 2 ഫാമിലി ഡ്രാമയാണ്.അഞ്ജുവിന്റെ കൈ കൊണ്ട് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ആ ക്രൈം,വർഷങ്ങൾ കഴിയുമ്പോഴും ആ ട്രോമയിൽ നിന്ന് അവൾക്ക് മാറാൻ സാധിക്കുന്നില്ല.അതുപോലെ ജോർജുകുട്ടിയെയും റാണി ജോർജിനെയും അനു മോളെയും ഇതെങ്ങനെ ബാധിക്കുന്നുവെന്ന് ദൃശ്യം 2 ൽ പറയുന്നുണ്ട്.
ലാലേട്ടനും  മീനചേച്ചിയും
ലാലേട്ടനും മീനച്ചേച്ചിയും ഡൗൺ ടു എർത്തായ വ്യക്തികളാണ്. ഞാൻ പൊതുവെ ആക്ടിവായ ഒരാളല്ല. ലാലേട്ടനുള്ള പ്രോഗ്രാമുകൾക്കെല്ലാം പോവുമ്പോൾ ലാലേട്ടനോട് അങ്ങോട്ട് കേറി സംസാരിക്കാൻ ഒരു പേടിയാണ്.അങ്ങോട്ട് കേറി സംസാരിക്കാമോ എന്നൊക്കെ ഒരു തോന്നലാണ്. ലാലേട്ടന് എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും ലാലേട്ടൻ വന്നു സംസാരിക്കാറുണ്ട്. മീനച്ചേച്ചിയും അങ്ങനെ തന്നെയാണ്.
എല്ലാവരെയും  ഞെട്ടിച്ചു
സിനിമ നടിയായി
ഞാൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാൻ എങ്ങനെ ആങ്കറിംഗ് ചെയ്തെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇസ്ലാമിക സ്കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയിൽ വന്നപ്പോൾ പലരും ഞെട്ടി. സിനിമ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല.
എവിടെയായിരുന്നു 
ഇത്രയും വർഷം
ദൃശ്യം കൂടുതൽ പ്രശസ്തി തന്നപ്പോൾ പിന്നീട് അത്തരത്തിലുള്ള നല്ല സിനിമകൾ വരുമെന്ന് കരുതി. പക്ഷേ അത് വെറും തെറ്റിദ്ധാരണയാണെന്ന് മനസിലായി.അപ്പോഴായിരുന്നു സിനിമ നിർത്താമെന്ന തീരുമാനത്തിൽ എത്തുന്നത്. സിനിമയിൽ വന്നതുകൊണ്ട് മീഡിയ ഇഷ്ടമായി.കോയമ്പത്തൂർ രത്തിനം കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചു.ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തു.
ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടില്ല,  ചെയ്യുകയുമില്ല
തമിഴിൽ ഒരു പാട്ടു സീനിൽ എല്ലാ നടിമാരെയും പോലെ ഡ്രസ്സ് ധരിച്ച് ഡാൻസ് ചെയ്തപ്പോൾ അത് എന്നെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല.ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്തെന്ന രീതിയിൽ ഒരുപാട് വിമർശനങ്ങൾ വന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങൾ ഞാൻ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു.