qq

സാൻഫ്രാൻസിസ്കോ​: ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശത്തേക്ക് ആദ്യത്തെ ഓൾ സിവിലിയൻ ദൗത്യത്തിനൊരുങ്ങുന്നു. ടെക്ക് വ്യവസായി ജാറെദ് ഐസക്മാനിന്റെ മേൽനോട്ടത്തിൽ ഈ വർഷം അവസാനത്തോടെ ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ദൗത്യം പറന്നുയരുമെന്നാണ് പ്രതീക്ഷ. ഇൻസ്പിരേഷൻ 4എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

ഐസക്മാനൊപ്പം മൂന്നുപേരെക്കൂടി സ്പേസ് എക്സ് തിരഞ്ഞെടുക്കും. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഓരോ 90 മിനിറ്റിലും നിശ്ചിത പാതയിലൂടെ ഭൂമിയെ വലംവയ്ക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയ്ക്കുശേഷം ഫ്ലോറിഡയുടെ തീരത്ത് കടലിൽ ലാൻഡ് ചെയ്യും.

സെന്റ് ജൂൺസ് ചിൽഡ്രൺ റിസർച് ആശുപത്രിക്ക് പിന്തുണ തേടിയാണ് ഇൻസ്പിരേഷൻ 4ന്റെ പറക്കൽ. തനിക്കൊപ്പം മറ്റു മൂന്നുപേരുടെ ചെലവും ഐസക്മാൻ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കും ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം സ്പേസ് എക്സ് നൽകും.

സ്വകാര്യ ബഹിരാകാശ ദൗത്യവുമായി മുന്നോട്ടുപോകുന്ന സ്പേസ് എക്സിന്റെ ഏറ്റവും പുതിയ ദൗത്യങ്ങളിലൊന്നാണിത്. 2021 അവസാനത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന എഎക്സ്–1 ദൗത്യത്തിൽ നാലു സ്വകാര്യ ബഹിരാകാശ യാത്രികരായിരിക്കും ഉണ്ടാകുക. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള എട്ടു ദിവസ യാത്രയ്ക്കായി ഓരോരുത്തരും 55 ദശലക്ഷം യു.എസ് ഡോളറാണ് മുടക്കേണ്ടി വരിക.

പരിശീലനം സിദ്ധിച്ച വൈമാനികൻ കൂടിയാണ് ഇന്റഗ്രേറ്റഡ് പേയ്മെന്റ് പ്രോസസിംഗ് കമ്പനി ഷിഫ്റ്റ്4 പേയ്മെന്റ്സ് സി.ഇ.ഒ ഐസക്മാൻ (37).

ബഹിരാകാശ യാത്രയുടെ ഭാഗമായി ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പേർഡ് റോക്കറ്റ് ബൂസ്റ്ററിന്റെയും പതിനാലാമത്തെ ടെസ്റ്റ് ഫ്ലൈറ്റ് വ്യാഴാഴ്ച പൂർത്തിയായി. ബഹിരാകാശത്തേക്ക് പറക്കുന്നതിന് മുൻപുള്ള അവസാനത്തെ ഘട്ടങ്ങളിലൊന്നാണ് ഇത്.

രണ്ടാമത്തെ ടെസ്റ്റ് ഫ്ലൈറ്റ് ആറ് ആഴ്ചയ്ക്കുള്ളിൽ അല്ലെങ്കിൽ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.