ashiq-abu-sandeep-warrier

മലബാർ ലഹളയെ ആസ്‌പദമാക്കി അലി അക്‌ബർ സംവിധാനം ചെയ്യുന്ന സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയാൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ സിനിമ തിയേറ്റർ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബറിന്റെ '1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൂജ ചടങ്ങ് ഉദ്‌ഘാടനം ചെയ‌്തത് സ്വാമി ചിദാനന്ദപുരി ആണ്.

യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് അലി അക്ബർ ചിത്രം പ്രേരണയാകുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. മലബാർ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്രമാണെന്നും സന്ദീപ് വാരിയർ അഭിപ്രായപ്പെട്ടു.

ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ എടുക്കാനാണ് ശ്രമിക്കുന്നതെന്നും ഇടത് അനുകൂല കലാകാരന്മാർ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് അനുസൃതമായാണ് സിനിമ എടുക്കുന്നതെന്നും അലി അക്ബർ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അലി അക്ബർ 1921 നിർമ്മിക്കുന്നത്. മമധർമ്മ എന്ന ബാനറിലാണ് ചിത്രം. സിനിമയിൽ മുൻനിര നായകൻമാരുണ്ടാകുമെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും അലി അക്ബർ പറഞ്ഞിരുന്നു. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.