
തിരുവനന്തപുരം : സ്കൂൾ കായിക മേളകളിലെ ജമ്പിംഗ് പിറ്റിൽ മിന്നിയ കോഴിക്കോട്ടുകാരി ലിസ്ബത്ത് കരോളിൻ ജോസഫിന്റെ അടുത്ത ചാട്ടം അമേരിക്കയിലേക്കാണ്; അതും 1.64 കോടി രൂപ സ്കോളർഷിപ്പും സ്വന്തമാക്കിക്കൊണ്ട്. അമേരിക്കയിലെ വിർജീനിയ ലിഞ്ച്ബർഗ് ലിബർട്ടി സർവകലാശാലയാണ് ലിസ്ബത്തിന്റെ മികവ് കണ്ട് ക്ഷണിച്ചിരിക്കുന്നത്.രണ്ടുവർഷത്തിനിടെ രണ്ടാം വട്ടവും ക്ഷണമെത്തിയതോടെയാണ് ലിസ്ബത്ത് പോകാൻ തീരുമാനിച്ചത്.
2018ൽ നെയ്റോബിയിൽ നടന്ന ലോക സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ ട്രിപ്പിൾ ജമ്പിൽ ലിസ്ബത്തിന്റെ പ്രകടനം കണ്ടാണ് ലിബർട്ടി സർവകലാശാലയിലെ പരിശീലകർ ആദ്യം സമീപിച്ചത്. 2015-16ൽ കോഴിക്കോട്ട് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ നേടിയ മൂന്നു സ്വർണമടക്കം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ദേശീയ ജൂനിയർ മീറ്റുകളിലും മെഡൽ വേട്ടക്കാരിയാണ്. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളിൽനിന്ന് കായിക രംഗത്തെത്തിയ ലിസ്ബത്ത് മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാന് കീഴിലായിരുന്നു പരിശീലിച്ചത്. പുല്ലൂരാംപാറ കൊല്ലിത്താനം സജിയുടെയും ലെൻസിയുടെയും മകളാണ്. ഇളയ സഹോദരിമാരായ ആൻ ടെൻസ് ജോസഫും പിലോ എയ്ഞ്ചൽ ജോസഫും കായിക താരങ്ങളാണ്.
കായിക പരിശീലനത്തിനും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠനത്തിനുമായി 1.64 കോടി രൂപയാണ് സർവകലാശാല ചെലവഴിക്കുക. പാലാ അൽഫോൻസ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ലിസ്ബത്ത്.വിസ ഇൻറർവ്യൂ കടന്ന ലിസ്ബത്ത് ഈ ആഴ്ച അമേരിക്കയിലേക്ക് പറക്കും.