blabhaskar

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കു‌റ്റപത്രം. മരണത്തിന് പിന്നിൽ ഡ്രൈവറായ അർജുന്റെ അശ്രദ്ധവും അമിതവേഗത്തിലുമുള‌ള ഡ്രൈവിംഗാണ് കാരണമെന്നും സിബിഐ കണ്ടെത്തി. തുടർന്ന് മനപൂർവമല്ലാത്ത നരഹത്യയ്‌ക്ക് അർജുനെതിരെയും കേസിൽ തെ‌റ്റായ വിവരങ്ങളും കൃത്രിമ തെളിവുകളും ഹാജരാക്കിയ സാക്ഷിയായെത്തിയ കലാഭവൻ സോബിയ്‌ക്കുമെതിരെ സിബിഐ കേസെടുത്തു.

2018 സെപ്‌തംബർ 25നായിരുന്നു അപകടം. തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്‌കർ ഒക്‌ടോബർ 2നും മരണമടഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയ്‌ക്കും ഗുരുതര പരിക്കേ‌റ്റിരുന്നു. ഡ്രൈവറായ അർജുന് വലിയ പരിക്കുണ്ടായിരുന്നില്ല. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സിബിഐ സമർപ്പിച്ച കു‌റ്റപത്രത്തിൽ 132 സാക്ഷിമൊഴികളും നൂറ് രേഖകളും സമർപ്പിച്ചിരുന്നു.

സംഭവത്തിന് പിന്നിൽ കള‌ളക്കടത്ത് സംഘമാണെന്നായിരുന്നു അന്നുമുതൽ ബന്ധുക്കളുടെ ആരോപണം. അതേസമയം സിബിഐയുടെ കണ്ടെത്തലിൽ തൃപ്‌തനല്ലെന്നും കേസിൽ അർജുനെതിരെ കൊലക്കു‌റ്റവും ഗൂഢാലോചനയും ചുമത്തേണ്ടതാണെന്നും വേണ്ടിവന്നാൽ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും ബാലഭാസ്‌റിന്റെ അച്ഛൻ ഉണ്ണി അറിയിച്ചു.